അഗതികള്‍ക്കായി വാദിക്കാന്‍ ഒരു കന്യാസ്ത്രീ

sumaനിയമബിരുദം നേടി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സിസ്റ്റര്‍ സുമ ജോസ് എസ് ഡി ക്കു വൈകാതെ ഒരു കാര്യം ബോദ്ധ്യമായി. പാവപ്പെട്ടവര്‍ക്കു നിയമസഹായം ലഭ്യമാക്കാനാണെങ്കില്‍ സുപ്രീം കോടതിയിലല്ല പ്രവര്‍ത്തിക്കേണ്ടത്.

“”അഗതികളുടെ സഹോദരികള്‍ ദരിദ്രരുടെ മദ്ധ്യേ കരുണാര്‍ദ്രനായ ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം” എന്നുണ്ട് എസ് ഡി സഭയുടെ ഭരണഘടനയില്‍.

അതുകൊണ്ട് അലഹബാദ് ഹൈക്കോടതിയിലും ഗാസിയാബാദ് മേഖലയിലെ മറ്റു കീഴ്ക്കോടതികളിലും കയറിയിറങ്ങി പാവപ്പെട്ടവര്‍ക്കു സിസ്റ്റര്‍ നിയമസസഹായം ലഭ്യമാക്കാന്‍ തുടങ്ങി. പിന്നീട്, തീഹാര്‍ ഉള്‍പ്പെടെയുള്ള തടവറകളില്‍ നടക്കുന്ന കൊടിയ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരായ പോരാട്ടമായി അതു മാറി.

ആദ്യകുറ്റത്തിനു പിടിക്കപ്പെട്ടവരും പ്രായം കുറഞ്ഞവരുമായ തടവുപുള്ളികള്‍ക്കു നിയമസഹായം ലഭ്യമാക്കുന്നതിനു സിസ്റ്റര്‍ മുന്‍ഗണന നല്‍കുന്നു. മുന്നൂറോളം പേരെ ഇതിനകം വിവിധ ജയിലുകളില്‍ നിന്നു മോചിപ്പിക്കാന്‍ സിസ്റ്റര്‍ക്കു സാധിച്ചിട്ടുണ്ട്. കോടതിമുറികളില്‍ നിന്നു പോരാട്ടം ചിലപ്പോള്‍ തെരുവുകളിലേക്കും വ്യാപിപ്പിക്കേണ്ടി വന്നിട്ടുണ്ട്. പലതും ജീവനെതിരായ ഭീഷണികളെ അവഗണിച്ചുകൊണ്ടുള്ളതായിരുന്നു.

200 രൂപ മോഷ്ടിച്ച കേസില്‍ തീഹാറിനുള്ളിലായ ഒരു കൌമാരക്കാനുവേണ്ടി സിസ്റ്റര്‍ കോടതിയില്‍ പോയി. കോമണ്‍ വെല്‍ത്ത് ഗെയിംസ് ദല്‍ഹിയില്‍ നടക്കുന്ന കാലമായിരുന്നു അത്. വഴിയില്‍ വീണു കിടന്ന 200 രൂപായുള്ള പേഴ്സ് ഉടമക്ക് എടുത്തു നല്‍കാന്‍ ശ്രമിക്കുന്പോള്‍ തന്നെ പോലീസിലേല്‍പിച്ചു എന്നാണ് പയ്യന്‍ പറഞ്ഞത്. ജോലി തേടി ബീഹാറില്‍ നിന്നു ദല്‍ഹിക്കു വന്നതാണവന്‍. “”ഗെയിംസ് കാണാന്‍ ധാരാളം പേര്‍ ദല്‍ഹിയില്‍ വരുന്ന കാലമാണെന്നും പോക്കറ്റടിക്കാര്‍ ജയിലില്‍ കിടക്കുന്നതാണു ജനങ്ങളുടെ സുരക്ഷിതത്വത്തിനു നല്ലതെന്നും” ആയിരുന്നു ആദ്യം ജഡ്ജിയുടെ പ്രതികരണം. പതിനെട്ടു വയസ്സു പോലും ആകാത്ത, കുടുംബത്തിന്‍റെ ഏക ആശ്രയമായ പയ്യനെ ജയിലില്‍ ഇട്ടിട്ടാണോ സന്പന്നരായ സ്പോര്‍ട്സ് പ്രേമികളുടെ സുരക്ഷ നോക്കുന്നതെന്നു സിസ്റ്റര്‍ തിരിച്ചു ചോദിച്ചു. ജഡ്ജി കേസ് തത്കാലം മാറ്റി വച്ചു. ഇതിനിടയില്‍ അദ്ദേഹം സിസ്റ്ററും പ്രതിയും തമ്മിലുള്ള സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ജഡ്ജി പറഞ്ഞു, “”കേസിന്‍റെ മെറിറ്റ് നോക്കിയല്ല, മറിച്ചു നിങ്ങള്‍ ഈ ദരിദ്രബാലനോടു കാണിക്കുന്ന അനുകന്പയെ പരിഗണിച്ച് ഇവനെ വെറുതെ വിടുകയാണ്.”

എത്ര കാലമായി പ്രാക്ടീസ് തുടങ്ങിയിട്ടെന്ന ചോദ്യത്തിനുത്തരം നല്‍കിയ സിസ്റ്ററോടു ജഡ്ജി പറഞ്ഞു, “”നിങ്ങളുടെ സേവനം തുടരുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.”

രണ്ടു കാലും തളര്‍ന്ന ഒരാള്‍ ഒരു മോഷണക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുകയായിരുന്നു. കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുന്പോള്‍ ഒരു ഞായറാഴ്ച ഇയാളുടെ വീട്ടില്‍ പോകാന്‍ സിസ്റ്റര്‍ക്കിടയായി.

പട്ടികജാതിക്കാരായ 75 കുടുംബങ്ങള്‍ താമസിക്കുന്ന ആ കോളനിയിലേക്ക് എത്താറായപ്പോള്‍ വലിയ നിലവിളി കേള്‍ക്കാം. ഓടി ചെല്ലുന്പോള്‍ കാണുന്നത് ഒന്പതു ബുള്‍ഡോസറുകള്‍ നിരന്നു നിന്നു അവിടത്തെ വീടുകള്‍ ഇടിച്ചു തകര്‍ക്കുന്നതാണ്. കൈക്കുഞ്ഞുങ്ങളെ ഏന്തിയ സ്ത്രീകളും കുട്ടികളും ഒക്കെ അലറി വിളിച്ചു കരയുന്നു. വര്‍ഷങ്ങളിലെ സന്പാദ്യവും ജീവിതവും ബുള്‍ഡോസറിനടിയില്‍ ഞെരിഞ്ഞമരുന്പോള്‍ തല മരത്തിലിടിച്ചും മണ്ണില്‍ ഉരുണ്ടും അലറി കരയുന്ന നിസ്സഹായരായ മനുഷ്യരുടെ കാഴ്ച. ഒരു സെക്കന്‍റ് മാത്രമേ സിസ്റ്റര്‍ക്കതു കാണാന്‍ സാധിച്ചുള്ളൂ. എവിടന്നോ കിട്ടിയ ധൈര്യത്തില്‍ വലിയ ശബ്ദത്തില്‍ സിസ്റ്റര്‍ അലറി: “”സ്റ്റോപ്….”

യന്ത്രങ്ങളുടെ മുരള്‍ച്ച നിന്നു. ഇതിന് ഉത്തരവിട്ട അധികാരികളെ കാണാതെ താന്‍ മാറില്ലെന്നു സിസ്റ്റര്‍ ശഠിച്ചു. പോലീസുകാര്‍ വന്നെത്തി. ആളുകള്‍ കൂടി. മുന്‍കൂര്‍ നോട്ടീസ് കൊടുക്കാതെ പാതിരാത്രി യന്ത്രങ്ങളെത്തിച്ചു തകര്‍ക്കല്‍ തുടങ്ങുകയായിരുന്നു അവര്‍. ഭരണകൂടവുമായി ബന്ധപ്പെട്ട യാതൊരു ഏജന്‍സികളുടെയും ഔദ്യോഗിക ഉത്തരവുകള്‍ ഇതിനുണ്ടായിരുന്നില്ലെന്നു വ്യക്തമായി. എഴുപതു വീടുകള്‍ പൊളിച്ചുനീക്കലില്‍ നിന്നു രക്ഷപ്പെട്ടു. കരച്ചില്‍ നിന്നു കേട്ട് മുകളില്‍ നിന്ന് ഇറങ്ങിവന്ന ഭഗവാനാണു സിസ്റ്ററെന്ന് ആ ചേരിയിലെ സ്ത്രീകള്‍ പറഞ്ഞു. ഈ കേസ് ഇപ്പോള്‍ സി ബി ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഒരര്‍ത്ഥത്തില്‍ സമര്‍പ്പിതരായ അഭിഭാഷകര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചില ജോലികളിലാണ് താന്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത് എന്നു സിസ്റ്റര്‍ സുമ പറയുന്നു. “എല്ലാവരും മിഷനില്‍ വരണമെന്നു ഞാന്‍ പറയുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ വാര്‍ഡുകളില്‍ എത്രയോ പേര്‍ നരകിക്കുന്നു, ആദിവാസിക്കുടികളില്‍ എത്രയോ പേര്‍ ദയനീയമായ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നു? പരന്പരാഗതമായ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം ഉപേക്ഷിച്ച് ഈ തലങ്ങളിലേക്കൊക്കെ കടന്നു ചെല്ലാന്‍ നമുക്കു സാധിക്കണം. ഇതിനു ശക്തമായ ദൈവാനുഭവത്തിന്‍റെ ആറാമിന്ദ്രിയമാവശ്യമാണ്.”

ദൈവത്തിന്‍റെ വചനമാണ് വെല്ലുവിളികളുടെ മദ്ധ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ തനിക്കു കരുത്തു പകരുന്നതെന്നു സിസ്റ്റര്‍ സുമ വ്യക്തമാക്കി. “”ക്രിസ്തുവിന്‍റെ സ്നേഹം എന്നെ നിര്‍ബന്ധിക്കുന്നു. എനിക്കു വേണ്ടി മരിച്ച ക്രിസ്തു, അഗതികള്‍ക്കു വേണ്ടി മരിച്ച ക്രിസ്തു ഈ കുരിശില്‍ തൂങ്ങി എന്നെ വെല്ലുവിളിക്കുന്പോള്‍ എങ്ങിനെയാണ് എനിക്കെന്‍റെ കോണ്‍വെന്‍റൊരുക്കുന്ന സുരക്ഷിതത്വങ്ങളില്‍ ഇരിക്കാനാവുക? ഇല്ല, ഞാനീ തെരുവില്‍ മരിക്കേണ്ടവളാണ്. നാല്‍ക്കവലകളില്‍ അഗതികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി മരിക്കാനുള്ളതാണ് എന്‍റെ വിളിയെന്നു ഞാന്‍ വിശ്വസിക്കുന്നു.”
കടപ്പാട്: ടോമി മുരിങ്ങാത്തെറി.

You must be logged in to post a comment Login