ഈ ഡോക്ടര്‍ ‘ശാന്ത’യാണ്….

ഈ ഡോക്ടര്‍ ‘ശാന്ത’യാണ്….

പേര് അന്വര്‍ത്ഥമാക്കുംവിധം ശാന്തസുന്ദരമായ മുഖമുള്ള ഡോക്ടര്‍ ശാന്തയെ തേടി 2016 ജനുവരിയില്‍ പത്മവിഭൂഷന്‍ ബഹുമതിയെത്തിയപ്പോള്‍ അതല്‍പം വൈകിപ്പോയില്ലേ എന്നാണ് ഡോക്ടറെ അറിയാവുന്നവര്‍ ചിന്തിച്ചത്. കാരണം, 60 വര്‍ഷമായി അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്ന പാവപ്പെട്ട രോഗികളുടെ കാണപ്പെട്ട ദൈവമാണ് ഡോ.ശാന്ത. ഒരു മനുഷ്യായുസ്സു മുഴുവന്‍ അവര്‍ക്കായി മാറ്റിവെച്ചവള്‍…

നോബല്‍ സമ്മാനജേതാക്കളായ സിവി രാമന്റേയും ചന്ദ്രശേഖറിന്റെയും കുടുംബത്തിലായിരുന്നു ജനനം. ഡോക്ടര്‍ മുത്തുലക്ഷ്മി എന്ന ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ ബിരുദധാരിയായ സ്ത്രീയോടുള്ള ആരാധന കൊണ്ട് മെഡിസിന്‍ പഠിച്ചപ്പോള്‍ ഡോ.ശാന്ത അറിഞ്ഞിരുന്നില്ല, ഡോ.മുത്തുലക്ഷ്മി സ്ഥാപിച്ച അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പില്‍ക്കാലത്തെ സാരഥിയാകേണ്ടി വരുമെന്ന്.

അനിവാര്യമായൊരു നിയോഗം പോലെയാണ് ഡോ.ശാന്തയെ ആ അവസരം തേടിയെത്തിയത്. വീട്ടുകാരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ച വിപ്ലവകരമായ തീരുമാനമായിരുന്നു അത്. പബ്ലിക് സര്‍വ്വീസ് പരീക്ഷ പാസ്സായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രിയില്‍ ജോലി ലഭിച്ചെങ്കിലും ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് ഡോ.ശാന്ത തീരുമാനിച്ചത്.

പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രിയില്‍ 200 രൂപ മാസശമ്പളത്തിലായിരുന്നു തുടക്കം. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും അതിനുള്ള നിശ്ചയദാര്‍ഢ്യവും ആ യാത്രക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. ‘കൊടുക്കുക, പക്ഷേ, ഒന്നും തിരികെ എടുക്കരുത്’ എന്ന ആശയത്തിലായിരുന്നു ഡോക്ടര്‍ ശാന്ത വിശ്വസിച്ചിരുന്നത്, ഇപ്പോഴും വിശ്വസിക്കുന്നതും. പിന്നീട് ഡോക്ടര്‍ മുത്തുലക്ഷ്മിയില്‍ നിന്നും അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ആ ജിവിതത്വത്തെ ഡോ.ശാന്ത കൈവിട്ടില്ല.  2 ഡോക്ടര്‍മാരും 12 ബെഡുകളുമായി തുടങ്ങിയ ആശുപത്രി ക്യാന്‍സര്‍ ചികിത്സക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള ആശുപത്രികളിലൊന്നായി മാറിയിരിക്കുന്നു.

അഡയാര്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്ന 20% രോഗികള്‍ക്കും സൗജന്യ ചികിത്സയാണ് നല്‍കുന്നത്. ഇത് 30% ആയി ഉയര്‍ത്തണമെന്നതാണ് ഡോ.ശാന്തയുടെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരേ തരത്തിലുള്ള, ഗുണമേന്‍മയുള്ള ചികിത്സ ലഭ്യമാക്കണമെന്നും ചികിത്സയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവുമുണ്ടാകരുതെന്നും പറയുമ്പോള്‍ ആതുരസേവനം സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായി മാത്രം കാണുന്നവരുടെയിടയിലെ വേറിട്ട ശബ്ദമാകുന്നു ഡോക്ടര്‍ ശാന്ത.

പേരു കേട്ട ആശുപത്രികളിലൊന്നായതിനാല്‍ ഇന്‍സ്റ്റിറ്റൂഷന്‍ നടത്തിക്കൊണ്ടു പോകാന്‍ എളുപ്പമാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ വെല്ലുവിളികളോട് പോരാടിയാണ് ഇവിടെയെത്തുന്ന ഓരോ രോഗികള്‍ക്കും ഗുണമേന്‍മയുള്ള ചികിത്സ ഉറപ്പാക്കുന്നതെന്ന് ഡോക്ടര്‍ ശാന്ത പറയുന്നു. ഫണ്ട് കണ്ടെത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

1886 ല്‍ ഡോക്ടര്‍ ശാന്തക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 2005 ല്‍ മഗ്‌സെസെ അവാര്‍ഡും 2006 ല്‍ പത്മഭൂഷനും ഡോക്ടര്‍ ശാന്തയെ തേടിയെത്തി. ഒടുവില്‍ 2016 ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ഡോക്ടറെ ആദരിച്ചു.

വയസ്സിപ്പോള്‍ 87 ആയി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല. അത് വലിയൊരു ദൈവാനുഗ്രഹമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ആരംഭശൂരത്വം അവസാനിക്കുമ്പോള്‍ സ്വന്തം കാര്യം നോക്കിക്കൊള്ളുമെന്ന് ഡോക്ടര്‍ ശാന്തയെക്കുറിച്ച് കരുതിയവര്‍ക്ക് തെറ്റി. ആരംഭത്തിലുണ്ടായിരുന്ന അതേ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി, പുഞ്ചിരിക്കുന്ന മുഖവുമായി ഡോക്ടര്‍ ഓരോ രോഗിയുടെ മുന്നിലും എത്തുന്നു, അവരുടെ ദൈവമായി….

 

അനൂപ  സെബാസ്റ്റ്യന്‍

You must be logged in to post a comment Login