ഈ പ്രാര്‍ത്ഥനയ്ക്ക് പ്രായം 130

ഈ പ്രാര്‍ത്ഥനയ്ക്ക് പ്രായം 130

ഇന്ന് സഭ വിശുദ്ധ മിഖായേല്‍ ഗബ്രിയേല്‍ റഫായേല്‍ മാലാഖമാരുടെ തിരുനാള്‍ ആഘോഷിക്കുന്നു. 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ഈ പ്രാര്‍ത്ഥന രചിച്ചത്.

സഭാചരിത്രത്തിലെ 256 -ാമത്തെ പോപ്പായിരുന്ന ഇദ്ദേഹത്തെ ഏറ്റവും ബുദ്ധിശാലിയായ മാര്‍പാപ്പയായാണ് പൊതുവെ വിലയിരുത്തുന്നത്. ദര്‍ശനങ്ങളോടും വെളിപാടുകളോടും അതുകൊണ്ടുതന്നെ അല്പം സംശയപ്രകൃതം അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ദിവസം അദ്ദേഹം സ്വകാര്യചാപ്പലില്‍ ദിവ്യബലിയര്‍പ്പിക്കുകയായിരുന്നു. അപ്പോള്‍ അത്യന്തം ഭയാനകമായ ഒരു ദര്‍ശനം അദ്ദേഹം കാണുകയുണ്ടായി. അതിന്റെ ഭീകരതയില്‍ ദിവ്യബലിക്കിടയിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന മുഴുമിപ്പിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. മാര്‍പാപ്പ കണ്ട ദര്‍ശനം ഇതായിരുന്നു .

എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധത്തിലുള്ള പൈശാചികരൂപങ്ങള്‍ ഭൂമിക്കടയില്‍ നിന്ന് ലോകത്തിലേക്ക് ഇറങ്ങിവരുന്നു. അവരുടെ കടന്നുവരവോടെ ഭൂമി മുഴുവന്‍ പുകപടലങ്ങള്‍ കൊണ്ട് നിറഞ്ഞു.

എങ്ങും രക്തമയം. അനേകരുടെ ദീനരോദനം..നിലവിളികള്‍.. ആയിരങ്ങള്‍ കൊല്ലപ്പെടുന്നു. ഇതേ സമയം തന്നെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് അസംഖ്യം പൈശാചിക രൂപങ്ങള്‍ തളളിക്കയറി.

സഭ തകരുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.സഭയെ രക്ഷിക്കാന്‍ ഇവിടെ ആരുമില്ലേ..ഒരു മാര്‍ഗ്ഗവുമില്ലേ? മാര്‍പാപ്പ ഉറക്കെ നിലവിളിച്ചു.

പെട്ടെന്ന് സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ഊരിയ വാളുമായി മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടു. പിന്നെ അവിടെ നടന്നത് ഘോരമായ യുദ്ധമായിരുന്നു. മിഖായേല്‍ മാലാഖ ആ പിശാചുക്കളെയെല്ലാം പരാജയപ്പെടുത്തി. പിശാചുക്കള്‍ പാതാളത്തിലേക്ക് ഓടി രക്ഷപ്പെട്ടു. പുക അപ്രത്യക്ഷമായി..രക്തം മാഞ്ഞുപോയി.

ഈ ദര്‍ശനം കണ്ടതിന് ശേഷമായിരുന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പൂര്‍ത്തിയാക്കാനും ബലിയര്‍പ്പണം പൂര്‍ത്തിയാക്കാനും മാര്‍പാപ്പയ്ക്ക് സാധിച്ചത്.

ബലിയര്‍പ്പണത്തിന് ശേഷം ഓടിച്ചെന്ന് മാര്‍പാപ്പ എഴുതിയ പ്രാര്‍തഥനയാണ് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്ന മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന. വരാനിരിക്കുന്ന ലോകമഹായുദ്ധത്തെക്കുറിച്ചുള്ള സൂചനയായിരുന്നു ഈ ദര്‍ശനം എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

93 വയസുവരെ പത്രോസിന്റെ സിംഹാസനം അലങ്കരിച്ച ലിയോ ഏറ്റവും പ്രായമുള്ള പോപ്പും ഏറ്റവും കൂടുതല്‍ കാലം ആ പദവി അലങ്കരിച്ചവരില്‍ മൂന്നാം സ്ഥാനത്തുമാണ്. സാമൂഹികപ്രബോധന രേഖയായികൂടി പരിഗണിക്കുന്ന റേരും നോവാരുമിന്റെ രചയിതാവും ലിയോ പതിമൂന്നാമനാണ്..

ആദ്യമായി സൗണ്ട് റിക്കോര്‍ഡ് ചെയ്ത പോപ്പ്, ചലിക്കുന്ന ചിത്രത്തില്‍ ആദ്യമായി പതിഞ്ഞ പോപ്പ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തിനുണ്ട്. മോഷന്‍ പിക്ച്ചര്‍ ക്യാമറ കണ്ടുപിടിച്ച ഡബ്യൂ കെ ഡിക്‌സണ്‍ വെഞ്ചരിപ്പിന് വേണ്ടി കൊണ്ടുവന്നപ്പോഴായിരുന്നു പോപ്പിന്റെ ചിത്രം പകര്‍ത്തിയത്.

പ്രശസ്തരില്‍ ഏറ്റവും പ്രായമുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം അപ്പോള്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ പോപ്പും ഇരുപതാം നൂറ്റാണ്ടില്‍ മരിച്ച ആദ്യ പോപ്പും ഇദ്ദേഹമായിരുന്നു. 93-മത്തെ വയസിലായിരുന്നു അന്ത്യം.

മിഖായേല്‍ മാലാഖായോടുള്ള ജപം

മുഖ്യദൂതനായ വി.മിഖായേലെ, സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമെ. ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂരഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമെ. അങ്ങയെ ആണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവു രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ നിയുക്തനായിരിക്കുന്നത് അങ്ങുതന്നെയാണല്ലോ. ആകയാല്‍ ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിപ്പെടുത്തുവാന്‍ സമാധാനദാതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കണമെ. പിശാച് ഒരിക്കലും മനുഷ്യരെ കീഴ്‌പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്റെ മുമ്പില്‍ സമര്‍പ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സര്‍പ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളിത്താഴ്ത്തണമെ. അവന്‍ മേലാലൊരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേന്‍

 

ബിജു

 

You must be logged in to post a comment Login