ഈ മനസ്സിനു മുന്നില്‍ പ്രായം തോല്‍ക്കുന്നു

ഈ മനസ്സിനു മുന്നില്‍ പ്രായം തോല്‍ക്കുന്നു

cartierതിരക്കേറിയ ജീവിതത്തിനിടയില്‍ ഒന്നും ചെയ്യാന്‍ സമയം ലഭിക്കുന്നില്ല എന്നു പരാതിപ്പെടുന്നവര്‍ക്കു മാതൃകയാകുകയാണ് പോള്‍ കാര്‍ട്ടിയര്‍ എന്ന എണ്‍പത്തിയൊന്നുകാരന്‍. പ്രായത്തെ വെല്ലുന്ന കരുത്തോടെ ഇദ്ദേഹം ചെയ്തു തീര്‍ക്കുന്ന ജോലികള്‍ നിരവധി. യു.എസിലെ റോക്ക് വില്ലയിലുള്ള ദേവാലയത്തില്‍ 28 വര്‍ഷമായി ഓര്‍ഗണ്‍ വായിക്കുന്ന ഇദ്ദേഹം ന്യൂയോര്‍ക്കിലെ ഹോക്കി, ബേസ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കു മുന്നോടിയായും സംഗീതവിസ്മയം തീര്‍ക്കാറുണ്ട്. ഇതിനും പുറമേ സൗത്ത് ഹെംസ്റ്റെഡിലുള്ള അഗ്നിശമനാവിഭാഗത്തിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ ട്രാഫിക് കണ്‍ട്രോളറായും ജോലി ചെയ്തിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ജനുവരിയിലാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

പ്രായമേറെയായിട്ടും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാര്‍ട്ടറിനോടൊപ്പമുണ്ട്. ബേസ്‌ബോള്‍, ഹോക്കി ടൂര്‍ണമെന്റുകള്‍ ഒന്നിച്ചു വരുന്ന അവസരങ്ങളില്‍ രണ്ട് സ്‌റ്റേജുകളിലുമെത്തി ഓര്‍ഗണ്‍ വായിക്കാന്‍ സാധിക്കുന്നത് സംഗീതത്തോടുള്ള ഈ പ്രണയം കൊണ്ടു മാത്രമാണ്. ചില നേരങ്ങളില്‍ മണിക്കൂരുകളോളം ഓര്‍ഗണ്‍ വായനയില്‍ മുഴുകിയിരുന്നാലും കാര്‍ട്ടറിന് തെല്ലും ക്ഷീണമില്ല. ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റിയില്‍ ക്രിസ്തുമസ് സീസണില്‍ തന്റെ സംഗീതമാധുര്യം പകരാനും കാര്‍ട്ടറിന് താത്പര്യമുണ്ട്.

ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണ് സംഗീതത്തോടുള്ള കാര്‍ട്ടറിന്റെ സ്‌നേഹം. ആദ്യമായി ലഭിക്കുന്നത് ആന്റിയുടെ ഇലക്ട്രിക് ഓര്‍ഗനാണ്. പിന്നീട് മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത ഓര്‍ഗണിലായിരുന്നു പരിശീലനം. സംഗീതപഠനത്തില്‍ ബിരുദം നേടിയിട്ടുള്ള കാര്‍ട്ടിയര്‍ സന്തോഷം കണ്ടെത്തുന്നത് തന്റെ ഉള്ളിലുള്ള സംഗീതത്തെ മറ്റുള്ളവരിലേക്ക് പകരുമ്പോളാണ്., അതിന്റെ വശ്യതയിലും സൗന്ദര്യത്തിലും ആളുകള്‍ മതിമറക്കുമ്പോളാണ്. പ്രായമൊട്ടും ബാധിക്കാത്ത മനസ്സോടെ, യുവത്വത്തിന്റെ പ്രസരിപ്പോടെ കാര്‍ട്ടിയര്‍ കര്‍മ്മനിരതനാകുന്നു..

You must be logged in to post a comment Login