ഉണങ്ങാത്ത മുറിവുകള്‍( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 5)

ഉണങ്ങാത്ത മുറിവുകള്‍( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 5)

വിവാഹജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള സ്ഥാനം അനിഷേധ്യമാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെ കൂട്ടിവിളയ്ക്കുന്നതില്‍ അവര്‍ക്കുള്ള സ്ഥാനം  അവര്‍ണ്ണനീയവുമാണ്.

കുഞ്ഞുങ്ങളോടുള്ള സ്‌നേഹമായിരിക്കണം മാര്‍ട്ടിനെയും സെലിനെയും വിവാഹബന്ധത്തിലുളള ബ്രഹ്മചര്യത്തില്‍ നിന്നും മാറിനില്ക്കാന്‍ പ്രേരിപ്പിച്ചത്. സെലിന്‍ അക്കാര്യം ഒരു കത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്. കുട്ടികളുടെ പേരില്‍ എനിക്ക് വലിയ ഭ്രമമാണ്. എന്റെ ജന്മംതന്നെയും അവര്‍ക്കുവേണ്ടിയാണ്.
അവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നതിനെക്കുറിച്ചും നാം വായിച്ചതാണല്ലോ.. പിന്നെയും ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിച്ചു. 1860 നും 1873 നും ഇടയില്‍ അവര്‍ക്ക് ഒമ്പതുകുട്ടികളാണ് ജനിച്ചത്.  എന്നാല്‍ ദൈവം വളര്‍ത്താനായി അവര്‍ക്ക് തീരുമാനിച്ചത് അഞ്ചു പെണ്‍കുട്ടികളെ മാത്രമായിരുന്നു. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുഞ്ഞുങ്ങളും അകാലത്തിലേ മരണമടഞ്ഞു.  ജോസഫ് ലൂയിയും ജോസഫ് ജോണ്‍ ബാപ്റ്റിസ്റ്റും മെലാനി തെരേസും ഹെലനുമായിരുന്നു പൊലിഞ്ഞുപോയ ആ നക്ഷത്രങ്ങള്‍.
1864 ല്‍ ആണ് ഹെലന്‍ ജനിച്ചത് ആറു വയസ് ആയപ്പോള്‍ 1870 ഫെബ്രുവരി 22 ന് ഹെലന്‍ യാത്ര പറഞ്ഞു. ഒരു വയസ് വരെ മാത്രമേ ജോസഫും  ജോസഫ് ജോണും ആ കുടുംബത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ രണ്ടുപേരും ദൈവത്തിന്റെ കരങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയി. മെലാനി തെരേസ് രണ്ടുമാ സത്തിനുള്ളില്‍ യാത്രപറഞ്ഞു.
മാതാപിതാക്കളെ സംബന്ധിച്ച ഏറ്റവും വലിയ വേദന മക്കളുടെ മരണമാണ്. തങ്ങള്‍ ജീവനോടെയിരിക്കുന്ന നാള്‍വരെയും ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ മക്കള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതി അവര്‍ക്ക്.. പക്ഷേ തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ മരണമടഞ്ഞുപോകുമ്പോഴുള്ള വേദനയോ.. അത് മാതാപിതാക്കള്‍ക്കൊരിക്കലും സഹിക്കാന്‍ കഴിയുന്നതല്ല.

സെലിന്റെയും മാര്‍ട്ടിന്റെയും ജീവിതത്തിലെ ഉണങ്ങാത്ത മുറിവായിരുന്നു മരിച്ചുപോയ മക്കള്‍. കളിചിരി മാറും മുമ്പേ അമ്മിഞ്ഞപ്പാല്‍ മണം മായും മുമ്പേ ആത്മാവില്‍ വേര്‍പാടിന്റെ ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച് കടന്നുപോയ മാലാഖമാര്‍…
മക്കളെ മരിച്ചടക്കിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ച് സെലിന്‍ പില്ക്കാലത്ത് എഴുതിയത് ഇങ്ങനെയാണ്

. ”ശവസംസ്‌കാരത്തിന് വേണ്ടി എന്റെ മക്കളെ അണിയിച്ചൊരുക്കുന്നത് കണ്ടപ്പോള്‍ അത് കാണാന്‍ കരുത്തില്ലാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. ഹൃദയം വേദന കൊണ്ട് പുളഞ്ഞു. പക്ഷേ..ഞാന്‍ ദൈവത്തിന്റെ കൃപയ്ക്ക് നന്ദി പറയുന്നു. ഞാന്‍ എല്ലായ്‌പ്പോഴും അവിടുത്തെ ഹിതത്തിന് കീഴടങ്ങുന്നു.’
അഞ്ചു വര്‍ഷത്തിനിടയില്‍ ദിവസവും ആറു തവണ സെലിന്‍ തന്റെ മക്കളുടെ കുഴിമാടത്തില്‍ എത്തി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു എന്നാണ് പറയുന്നത്.

‘അവരിപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സന്തോഷിക്കുകയായിരിക്കും. എന്നേയ്ക്കുമായി അവരെനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ജീവിതം വളരെ ഹ്രസ്വമാണ്. ഞാന്‍ എന്റെ ചെറുപൈതങ്ങളെ സ്വര്‍ഗ്ഗത്തില്‍ വച്ച് വീണ്ടും കണ്ടുമുട്ടും..’ ഇതായിരുന്നു സെലിന്റെപ്രതികരണം.

മറ്റൊരിടത്ത് സെലിന്‍ ഇങ്ങനെ എഴുതി:’ ഹെലേന നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ അവളെ വീണ്ടും കാണാനുള്ള ആഗ്രഹം എനിക്ക് വര്‍ദ്ധിച്ചു. എന്നാല്‍ ഇവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് എന്നെ ആവശ്യമാകയാല്‍ അവരെപ്രതി ഞാന്‍ നല്ല ദൈവത്തോട് പ്രാര്‍ത്ഥിച്ചു ഏതാനും വര്‍ഷങ്ങള്‍ കൂടി ഇവിടെ ജീവിക്കാന്‍ അനുവദിക്കണമേയെന്ന്.. ആണ്‍കുഞ്ഞുങ്ങളെക്കുറിച്ചും എനിക്ക് അത്യധികം ദു:ഖമുണ്ടെങ്കിലും ഇവളെക്കുറിച്ചോര്‍ത്താണ് ഞാന്‍ അധികം ദു:ഖിതയാകുന്നത്. അവളെ ഓര്‍മ്മിക്കാത്ത ഒരു ദിവസംപോലും എന്റെ ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. അവള്‍ അത്രയ്ക്ക് എന്റെ വാത്സല്യഭാജനമായിരുന്നു..’

മക്കളുടെ അകാലമരണത്തിന് പുറമെ മറ്റ് ചില ദുരന്തങ്ങളും വേര്‍പാടുകളും ആ കുടുംബത്തിന് അനുഭവിക്കേണ്ടതായി വന്നു( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login