ഉപവാസം

ഉപവാസം

Fasting-Prayer-2ഉപവസിക്കുക എന്ന വാക്കിനു എന്റെ മനസ്സിൽ ഒരു അർത്ഥം ഉണ്ട്‌. ചെറിയ ക്ലാസിലേതിലോ ഒരു
അദ്ധ്യാപിക പഠിപ്പിച്ച ആ അർഥം ഇന്നും മറവിക്കു കൊടുക്കാതെ ഞാൻ സൂക്ഷിച്ചിട്ടുണ്ട് . ഉപ
വസിക്കുക – ദൈവത്തോടൊപ്പം വസിക്കുക , ഈ അർത്ഥം ഉറപ്പിക്കാൻ വേണ്ടി ഞാനിന്നൊരു തിരച്ചിൽ നടത്തി .വ്രതം ,അനുഷ്ഠാനം, ഭക്ഷണം ഉപേക്ഷിക്കൽ ഈ അർത്ഥങ്ങൾ മാത്രമേ
കണ്ടെത്താൻ കഴിഞ്ഞുള്ളൂ . അതെ നമ്മുടെ മുന്നിലും ഉപവാസത്തിന് ഒരു അർത്ഥമേ
ഉള്ളു ഇഷ്ട ഭക്ഷണം ഉപേക്ഷിക്കൽ, മത്സ്യമാംസാദികൾ വർജിചു സസ്യാഹാരം മാത്രം
കഴിക്കുന്ന നോമ്പുകാല അനുഷ്ഠാനമായി ഉപവാസം കടന്നു പോവുന്നു. ഭക്ഷണം ഉപേക്ഷിച്ചത് കൊണ്ട് മാത്രം നമുക്ക് ദൈവത്തോടൊപ്പം വസിക്കാൻ സാധിക്ക്കുമോ? കർത്താവിനോടു കൂടെ
ആയിരിക്കണമെങ്കിൽ പൂർണഹൃദയത്തോടെ കർത്താവിനെ സ്നേഹിക്കണം . നമ്മെ സൃഷ്‌ടിച്ച കർത്താവാണ് നമുക്കു ഏറ്റവും വലുതെന്ന്‌ അധരം കൊണ്ട് ഏറ്റു പറയാൻ നമുക്കെല്ലാവർക്കും
സാധിക്കും എന്നാൽ , ഹൃദയം കൊണ്ടും ,ജീവിതം കൊണ്ടും അതു തെളിയിക്കാൻ നമുക്ക്
എത്ര പേർക്ക് സാധിക്കും ?
സൃഷ്ടാവിനെക്കാൾ ഉപരി സൃഷ്ടികൾക്കാണ് നമ്മുടെ ഹൃദയത്തിൽ സ്ഥാനം , ഈ ലോകത്തിന്റെ സുഖങ്ങളാണ് പലപ്പോഴും നമ്മെ ഭരിക്കുന്നത്‌ , നമ്മുടെ ഹൃദയം പൂർണമായി നാം കർത്താവിനെ
എല്പിച്ചിട്ടില്ല . നാമിപ്പോഴും സന്തോഷം കണ്ടെത്തുന്നത് മറ്റു പലതിലുമാണ് ,അതു ചിലപ്പോൾ സമ്പത്താവാം ,അല്ലെങ്കിൽ ഏതെങ്കിലും വ്യക്തികളാവാം, നമ്മുടെ കഴിവുകളാവാം, ഞാനെന്ന ഭാവമാവാം ,നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇവയോടോക്കെയുള്ള ആസക്തി ഉപേക്ഷിക്കാതെ എങ്ങനെയാണു നമ്മുടെ ഉപവാസം പൂർണമാവുന്നത്‌ ? ഇഷ്ട ഭക്ഷണം മാത്രം മാറ്റിവെച്ചല്ല ,നാം സന്തോഷം കണ്ടെത്തിയിരുന്ന ലൌകികസുഖങ്ങൾ കൂടി മാറ്റി വെച്ചാണ് നാം ഉപവസിക്കേണ്ടത് , ഈ അർത്ഥത്തിൽ നോക്കിയാൽ നമ്മിൽ എത്ര പേർ വിശുദ്ധിയോടെ ഈ നോമ്പുകാലംnആചരിച്ചു.. ? പരിശുദ്ധമായ ഹൃദയത്തോടെയാണോ നാം പീഡാനുഭവ വാരാചാരണത്തിന് ഒരുങ്ങുന്നത് ?അല്ല എന്നാണ് ഉത്തരമെങ്കിൽ ഈ നിമിഷം തന്നെ നമുക്കു അവിടുത്തോട്‌ മാപ്പപേക്ഷിക്കാം .

ഒരു ക്രിസ്ത്യാനിയെ സംബധിച്ചിടത്തോളം നോമ്പുകാലവും ,വിശുധവാരവും ,വർഷത്തിൽ ഒരിക്കൽ മാത്രമേ ആചരിക്കേണ്ട ഒന്നല്ല . ക്രിസ്തുവിന്റെ അനുയായി ആയി ജീവിതകാലം മുഴുവൻ ക്രിസ്തുവിനെ അനുഗമിക്കേണ്ടവരാണ് . നോയമ്പു കാലത്തെ ത്യാഗങ്ങളും ,വിശുദ്ധ വാരത്തിലെ സഹനങ്ങളും ജീവിതം മുഴുവൻ ഏറ്റെടുക്കുമ്പോഴാണ്‌ ഒരു  ക്രിസ്ത്യാനി പൂർണനാവുന്നത്. ലോകത്തിന്റെ ആർഭാടങ്ങളും സുഖങ്ങളും പ്രലോഭനങ്ങളും ഉപേക്ഷിക്കുന്നത് വഴി നോയമ്പാചാരണവും കഷ്ടങ്ങളും ദുരിതങ്ങളും വേദനകളും സന്തോഷത്തോടെ ഏറ്റെടുക്കുന്നതു വഴി പീഡാസഹനവും ജീവിതതിലുടന്നീളം ഏറ്റെടുക്കുവാൻ നമുക്ക് സാധിക്കും .

സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും പീഡാനുഭവങ്ങളിലൂടെയും നടന്നു
ലക്ഷ്യത്തിലെത്തുന്ന നമ്മെ കാത്തിരിക്കുന്നത് ഉയിർപ്പിന്റെ മഹത്വവും അനശ്വരമായ നിത്യ രക്ഷയും ആണെന്നുള്ള ഉത്തമ ബോദ്ധ്യം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ , മുപ്പതു വെള്ളി കാശിനു വേണ്ടി ഒരു ചുംബനത്തിലൂടെ കർത്താവിനെ ഒറ്റികൊടുത്ത യൂദാസി നെപോലെ , പിശാചിനെയും
ഹൃദയത്തിലേറ്റി, കർത്താവിനെ ചുംബിക്കാൻ അവിടുത്തെ അടുക്കലേക്കു ചെല്ലാതെ ,കുരിശു യാത്രയിൽ അവിടുത്തെ ആശ്വസിപ്പിക്കുവാനായി ചുറ്റുമുള്ളവരെ ആരെയും വക വെയ്ക്കാതെ ഓടിയടുത്ത വെറോണിക്കയുടെ ഹൃദയനൈർമല്യത്തോടെ നമുക്കും കർത്താവിന്റെ
അടുക്കലേക്ക് എത്താം ,പാപിനിയായ സ്ത്രീയെ പോലെ കണ്ണുനീർ കൊണ്ടു അവിടുത്തെ
പാദങ്ങൾ കഴുകാം. ഉയിർപ്പിന്റെ പ്രഭയോടെ ദിവ്യ രക്ഷകൻ എത്തുമ്പോൾ പാപത്തെ തള്ളിപറഞ്ഞു, രക്ഷകനെ സ്വീകരിക്കാൻ വേണ്ടി ഒരുക്കമുള്ള ഹൃദയത്തോടെ നമുക്കും
ആയിരിക്കാം.

 

ബെസി നെവിൽ.

You must be logged in to post a comment Login