ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഉയിര്‍ത്തെഴുന്നേല്‍പ്പ്

ദസ്തയേവ്‌സ്‌കിയുടെ ഗഹനമനോഹരമായ കുറ്റവും ശിക്ഷയുമെന്ന നോവലിലെ അനുപമഭംഗിയുള്ള ഒരു സന്ദര്‍ഭമുണ്ട്. എന്നെ ഒരേ സമയം മോഹിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും അവാച്യമായ പ്രത്യാശയുടെ അനുഭൂതികളിലേക്കുയര്‍ത്തുകയും ചെയ്ത ആ രംഗം വിശ്വസാഹിത്യത്തിലെ തന്നെ മഹത്തായ ഒരു വിവരണമാണ്. സോണിയ എന്ന അഭിസാരികയും റസ്‌കോള്‍ നിക്കോഫ് എന്ന കൊലപാതകിയും ഒരുമിച്ചു ബൈബിള്‍ വായിക്കുന്നതാണ് ആ രംഗം. അവര്‍ വായിക്കുന്നതാകട്ടെ, ക്രിസ്തു ലാസറിനെ ഉയിര്‍പ്പിക്കുന്ന രംഗവും. അതുല്യമായ സര്‍ഗപ്രതിഭയും അഗാധമായ ആത്മീയവെളിച്ചവും ഉള്ള ഒരാള്‍ക്കു മാത്രമേ അത്തരം ഒരു രംഗം വിഭാവനം ചെയ്യാനാകൂ.

മൃതിയുടെ നിഴല്‍മൂടിയ ഒരു കറുത്ത കാലത്തിലാണ് ഞാനത് വായിച്ചത്. വീണ്ടും വീണ്ടും വായിച്ചത്. ലാസറിനെ ജീവനിലേക്കു വിളിക്കുന്ന ക്രിസ്തുവിന്റെ മേഘനാദം ഏതഗാധനിര്‍വൃതിയുടെ മഴയുല്‌സവത്തെയാണ് എന്റെ നെഞ്ചില്‍ തൊട്ടുണര്‍ത്തിയതെന്ന്‌ ഊഹിക്കാനാകുമോ?

എസെക്കിയേല്‍ പ്രവാചകന്‍ കണ്ട അസ്ഥികളുടെ താഴ്‌വരയിലെ മൃതസൈന്യത്തെ പോലെ മണ്ണടിഞ്ഞു കിടന്ന ഒരു മനസ്സിലേക്കു ക്രിസ്തുവിന്റെ വാക്കുകള്‍ മേഘം പിളര്‍ന്നെത്തുന്ന ഇടിനാദമാകുന്നു. ഉയിര്‍ത്തെഴുന്നേല്‍പെന്നൊരു വാക്ക് ഒരാള്‍ ഭ്രാന്തമായി നെഞ്ചോടു ചേര്‍ക്കുന്നു. ഉറക്കത്തിലും ഉണര്‍വിലും അയാള്‍ ആ വാക്കിനെ പ്രണയിക്കുന്നു. അഗാധമായ ഒരു കയത്തിലേക്കു താണുതാണു പോകുന്ന ഒരാള്‍ എത്തിപ്പിടിക്കുന്ന അവസാനത്തെ പിടിവള്ളി പോലെ അയാള്‍ ആ വാക്കില്‍ മുറുകെ പിടിക്കുന്നു. അങ്ങനെയാണയാള്‍ ആ വാക്കിനെ രുചിച്ചു നോക്കുന്നതും പ്രാണവായുവെന്നതു പോലെ ശ്വസിക്കുന്നതും. ‘ഞാനാകുന്നു ഉയിര്‍ത്തെഴുന്നേല്പും ജീവനും!’

വെളിച്ചത്തിന്റെ വിലയറിയണമെങ്കില്‍ ഇരുളറിയണം. പവര്‍ക്കട്ടിന്റെ നാട്ടില്‍ ജീവിക്കുന്ന നമുക്കത് നന്നായറിയാം. ജീവന്റെ വിലയറിയണമെങ്കില്‍ മൃതിയുടെ തണുപ്പറിയണം; തരിപ്പറിയണം. ജീവന്‍, വെറും ജീവന്‍ പോലും, എത്ര മനോഹരമാണ്. നിന്നെയൊന്നു കാണാനെങ്കിലും ഞാന്‍ ജീവിച്ചിരുന്നോട്ടെ! എന്ന വിലാപം എത്രയഗാധമാണ്. ഈ അവബോധത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ മിതമാകുന്നു. ഈ പ്രാണന്‍ മതി, ഈ ഇത്തിരിപ്രാണന്‍ മതി. നിനക്കൊപ്പമുള്ള പ്രഭാതങ്ങളും സന്ധ്യകളും മതി. ഉത്സവങ്ങള്‍ ഞാന്‍ കൊതിക്കുന്നില്ല. ഈ സ്‌നേഹത്തിന്റെ ചെറുദീപങ്ങള്‍ മതി, എന്റെ പുഴയില്‍. പ്രാണന്റെ ഓരോ സ്പന്ദനവും, പ്രിയേ, സ്‌നേഹസാന്ദ്രവും നന്ദിപൂര്‍ണവുമാകുന്നു. ഓരോ നിമിഷവും അനശ്വരതയുടെ സമ്മാനമാകുന്നു. ഉയിര്‍ത്തെഴുന്നേല്‍പെന്ന വാക്കു സൃഷ്ടിച്ച ക്രിസ്തുവിന് സ്‌തോത്രഗീതം!

ഏകാന്തതതയുടെ ഒരു കാലം ഓര്‍മ വരുന്നു. മരണത്തിന്റെ തരിപ്പുള്ള മൂന്നു വര്‍ഷത്തോളം നീണ്ട ഒരു ആശുപത്രിക്കാലത്തിനു ശേഷം, ജീവന്റെ കരയിലേക്ക് നീന്തിക്കയറിയ ദിനങ്ങള്‍. തനിച്ച്, ആരും കയറാത്ത ഒരൊറ്റമുറിയില്‍ മൂന്നുമാസം പകര്‍ന്ന ഏകാന്തതയുടെ തീവ്രദുഖം പക്ഷേ, മുറി വിട്ടിറങ്ങിയിട്ടും വിട്ടു പോയില്ല!

ജീവനില്‍ ഒരു കൂട്ടു തേടി, സ്‌നേഹത്തിന്റെ തുണ തേടി പിന്നെയും ആത്മാവലഞ്ഞു, ഏറെ നാള്‍. പ്രാണന്‍ പങ്കുവയ്ക്കാന്‍ ഒരു പെണ്ണു തേടി ഞാന്‍ ഇടപ്പള്ളിയിലെത്തുന്നത് അങ്ങനെയാണ്. പെണ്‍കുട്ടിയെ കാണുന്നു, ഇഷ്ടമാകുന്നു. നമ്മളെന്തേ, യുഗങ്ങള്‍ക്കു മുന്‍പേ കണ്ടുമുട്ടിയില്ല എന്നു പൊയ്‌പോയ കാലത്തെയോര്‍ത്തു പരിഭവിച്ചു കൊണ്ട് പരസ്പരം മനസ്സു പങ്കുവയ്ക്കുമ്പോളറിയുന്നു, സുനിത എന്നറിയപ്പെടുന്ന അവള്‍ക്ക് കൗതുകകരമായ ഒരു മാമ്മോദീസ പേരുണ്ടെന്ന്! അനസ്താസ്യ. ഞാന്‍ ഗുഗിളെടുത്ത് ആ വാക്കിനെ കുറിച്ചൊരു ഗവേഷണം നടത്തുന്നു. അറിയുന്നു, അതൊരു ഗ്രീക്കു വാക്കാണെന്ന്. ആ വാക്കിന്റെ അര്‍ത്ഥം ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നാണെന്നും!!

ആരറിഞ്ഞു ദൈവം അത്ഭുതങ്ങള്‍ കാത്തു വയ്ക്കുന്ന വഴികള്‍! ആരളന്നു, ദൈവം സംസാരിക്കുന്ന അടയാളങ്ങളുടെ വിസ്മയകരമായ ആഴങ്ങള്‍!

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login