ഉയിര്‍പ്പിന്റെ ചിറകുള്ള ക്രൂശുമരം

ഉയിര്‍പ്പിന്റെ ചിറകുള്ള ക്രൂശുമരം

കുട്ടിക്കാലത്തെ ഉയിര്‍പ്പു തിരുനാള്‍ ഓര്‍മ്മകളില്‍ ആദ്യം തെളിഞ്ഞുവരുന്നത് ഇടിമുഴക്കം പോലത്തെ പടക്കം പൊട്ടുമ്പോള്‍ പള്ളിക്കകത്തുണ്ടാക്കിവച്ച പേപ്പര്‍ ഗുഹയുടെ മുമ്പില്‍ കുന്തം പിടിച്ചു നടന്ന പടയാളികള്‍ പേടിച്ചുവീഴുന്നതും ഗുഹയുടെ മുഖത്ത് കുന്തിരിക്കപ്പുക ഉരുണ്ടുരുണ്ട് പൊങ്ങുന്നതും പിന്നെ അതിനിടയിലൂടെ അല്‍പം ആടിയാടി ഉയര്‍ന്നുവരുന്ന യേശുവിന്റെ ഉത്ഥാനരൂപവുമാണ്. കാലം പുരോഗമിച്ചപ്പോള്‍ ഭേദപ്പെട്ട ടെക്‌നോളജി ഉപയോഗിച്ച് ഉത്ഥാനസംഭവം ഇന്ന് കൂടുതല്‍ ഗംഭീരമാക്കിയാണ് അവതരിപ്പിക്കുന്നത്. നീണ്ട ബൈബിള്‍ വായനയ്ക്കിടയില്‍ ഉറക്കം പിടിച്ചുപോയ കുട്ടികള്‍ പോലും എണീറ്റ് ആകാംഷയോടെ പള്ളിമുറ്റത്ത് ഇറങ്ങിനില്‍ക്കുമ്പോള്‍ ഒരു കിടിലന്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെപോലെ പള്ളിയുടെ മുഖപ്പിനു മുകളില്‍ ക്രിസ്തുവിന്റെ കൂറ്റന്‍ പേപ്പര്‍ രൂപം. ഇടത്തുകൈയ്യില്‍ കൊടിയും, ഉയര്‍ത്തിയ വലത്തുകൈയില്‍ അനുഗ്രഹവുമായി ആകാശത്തേക്ക് ഉയരുന്നു. ഉത്ഥാനസംഭവം ഗംഭീരമാക്കിയതിന്റെ സന്തോഷത്തോടും പിടിച്ച ഇരിപ്പിടം പോകുമോ എ തെല്ലൊരാശങ്കയോടും ജനം തിരികെ പള്ളിയില്‍ കയറുന്നു.

യേശുവിന്റെ ഉത്ഥാനത്തെ ഒരു ചരിത്രസംഭവം എന്നതിനേക്കാള്‍ ഒരു ആത്മീയ സംഭവമായിട്ടാണ് തിരുവചനം അവതരിപ്പിക്കുന്നത്. ബൈബിളില്‍ യേശുവിന്റെ ഉത്ഥാനം ആരും കണ്ണുകള്‍കൊണ്ട് കാണുന്നില്ല. യേശു എപ്പോള്‍ എപ്രകാരം ഉയിര്‍ത്തു എന്നതിനേക്കുറിച്ച് വചനം ഒന്നും പറയുന്നില്ല. സ്വാഭാവികമായ കാഴ്ചയുടെ പരിധിയില്‍ വരാത്ത ഒരു അനുഭവം എന്ന രീതിയിലാണ് യേശുവിന്റെ ഉത്ഥാനകഥകളെല്ലാം അവതരിപ്പിക്കുന്നത്. മൂന്നുവര്‍ഷത്തോളം അടുത്തറിഞ്ഞിട്ടും കൂടെ ജീവിച്ചിട്ടും അവന്റെ കൂട്ടുകാരെല്ലാം തോട്ടക്കാരനായും അപരിചിതനായ ഒരു പരദേശിയായും ഭൂതമായും ധരിക്കുന്നു. പിന്നീട് യേശു തത്തെന്നെ വെളിപ്പെടുത്തുമ്പോഴാണ് അവര്‍ അവനെ തിരിച്ചറിയുന്നത്. ഉത്ഥിതനായ യേശുവിനെ കണ്ടു എന്ന് പറയുന്നിടത്ത് ‘ഹെറാവോ’ എന്ന ഗ്രീക്കുപദത്തിന് ‘ആത്മീയമായ കാഴ്ച’ എന്ന അര്‍ത്ഥമാണ് എന്നൊരു വ്യാഖ്യാനമുണ്ട്. അതായത് ദൈവം നിന്റെ കണ്ണുതുറക്കുമ്പോള്‍ മാത്രം കിട്ടുന്ന കാഴ്ചയാണ് ഉത്ഥാനം. ആത്മീയ സംഭവങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നത് ബൈബിളിലെ ഒരു ആഖ്യാനരീതിയാണ്. ഉദാഹരണത്തിന് പൗലോസ് അപ്പസ്‌തോലന്റെ ഉത്ഥാന അനുഭവവും മാനസാന്തരവും ലൂക്കായുടെ നടപടി പുസ്തകം പ്രതീകങ്ങള്‍ ഉപയോഗിച്ച് കഥാരൂപത്തില്‍ ‘ഡമാസ്‌കസിലേക്കുള്ള പൗലോസിന്റെ കുതിരയാത്രയിലെ’ സംഭവങ്ങളായി അവതരിപ്പിക്കുന്നു. എന്നാല്‍ തന്റെ ഉത്ഥാനാനുഭവം വാക്കുകളിലും പ്രതീകങ്ങളിലും ഒതുക്കാനാവാത്തതുകൊണ്ടായിരിക്കാം അപ്പസ്‌തോലന്‍ തന്നെ അതിനെക്കുറിച്ച് പറയുന്നത്. ദൈവം തന്റെ പുത്രനെ എനിക്ക് വെളിപ്പെടുത്താന്‍ തിരുമനസ്സാ (ഗലാ1,16). യെന്നു മാത്രമാണ്. അതായത് ദൈവം വെളിപ്പെടുത്താന്‍ തിരുമനസ്സാകുമ്പോള്‍ മാത്രം അറിയാന്‍ കഴിയുന്ന രഹസ്യമാണ് ഉത്ഥാനം.

എന്താണ് ഉത്ഥാനത്തെ ചരിത്രസംഭവമായും ആത്മീയസംഭവമായും കാണുന്നതിലെ വ്യത്യാസം? ഒരു ഹൈന്ദവ വിസ്വാസി രാമന്‍ ജനിച്ചത് ആയോധ്യയിലാണെന്ന പാരമ്പര്യത്തെ ഒരു വിശ്വാസസത്യമായി എടുക്കുകയും പ്രചരിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നു എന്ന് കരുതുക. ഇങ്ങനെ ചെയ്യാന്‍ രാമനുമായി പ്രത്യേകമായി ഒരു വ്യക്തിപരമായ ബന്ധമൊന്നും ഈ ഹൈന്ദവവിശ്വാസിയ്ക്ക് വേണമെന്നില്ല. അവിടെ വിശ്വാസം ഒരു ബോധ്യം മാത്രമാണ്. അയോധ്യായിലെ രാമന്റെ ജനനത്തെക്കുറിച്ച് എന്തെങ്കിലും തെളിവുകൂടി കിട്ടിയാല്‍ ഈ ബോധ്യം കൂടുതല്‍ ശക്തിപ്പെടും.

ക്രിസ്തുവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള ക്രൈസ്തവന്റെ വിശ്വാസം ഇങ്ങനെയുള്ളൊരു ബോധ്യമല്ല. ഏതെങ്കിലും ചരിത്രപരമായ തെളിവുകിട്ടിയാല്‍ ബലപ്പെടുത്താവുന്ന ഒല്ല ഈ വിശ്വാസം. ഞങ്ങള്‍ കേട്ടു, കണ്ടു, അറിഞ്ഞു – അതിന് സാക്ഷികളാണ് എന്നതിന് അപ്പുറത്തേയ്ക്ക്്് എന്തെങ്കിലും തെളിവുകള്‍ നിരത്താന്‍ ശ്രമിക്കുന്നില്ല അപ്പസ്‌തേലന്‍മാര്‍. മറിച്ച്, ഉത്ഥിതനെക്കുറിച്ചുള്ള ഈ ആത്മീയ അറിവിനു സാക്ഷ്യമായി ജീവന്‍ കൊടുക്കാന്‍ വരെ തയ്യാറാകുന്നു. ഈ വിശ്വാസസാക്ഷ്യം മറ്റൊരാളെ സ്പര്‍ശിക്കുന്നു. അയാള്‍ ക്രിസ്തുവിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. പക്ഷേ, ഉത്ഥാന അനുഭവം ദൈവം കൊടുക്കുമ്പോള്‍ മാത്രമാണ് അയാള്‍ക്കും കിട്ടുക. ബനഡിക്ട് പാപ്പ പറഞ്ഞതുപോലെ ക്രിസ്തുവിനെ വ്യക്തിപരമായി വെളിപ്പെട്ടു കിട്ടിയവനാണ് ക്രിസ്ത്യാനി. ഉത്ഥിതനായ ക്രിസ്തുവിനെ ഒരാള്‍ വ്യക്തിപരമായി കണ്ടെത്തുന്ന ആത്മീയ അനുഭവത്തില്‍ നിന്നാണ് വിശ്വാസം ഉണ്ടാകുന്നത്. വിശ്വാസം ദാനമാണ് എന്ന് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.

സുവിശേഷം ഉത്ഥിതനായ ക്രിസ്തുവിലേക്കുള്ള വഴിയാണ്. മനുഷ്യനായി കൂടെ നടന്ന യേശുവിനെക്കുറിച്ചുള്ള അറിവില്‍ നിന്നും ഉത്ഥിതനായ ഉത്ഥിതനായ ക്രിസ്തുവിനേക്കുറിച്ചുള്ള അറിവിലേയ്ക്ക് ദൈവം ശിഷ്യന്മാരുടെ കണ്ണുകളെ തുറന്നതാണ് ഈ അനുഭവം. നമ്മെയും ഇതേ വഴിയിലൂടെയാണ് ദൈവാത്മാവ് നയിക്കുക. ആദ്യം മനുഷ്യനായ യേശുവിനെ സുവിശേഷത്തില്‍ കണ്ടെത്തണം. ഉത്ഥിതനെ തിരിച്ചറിയാന്‍ നമ്മുടെ കണ്ണുകളെ അവന്‍ തുറന്നുകൊള്ളും.

ക്രൂശിതന്റെ തൂങ്ങപ്പെട്ട രൂപത്തിനു പകരം കുരിശില്‍ നിന്നും കരങ്ങള്‍ വിടര്‍ത്തി ആകാശത്തേക്കുയര്‍ത്തിയ ഉത്ഥിതന്റെ രൂപമാണ് ചില പള്ളികളില്‍ അള്‍ത്താരയ്ക്ക് പിന്നില്‍ കാണുക. യേശുവിന്റെ ഉത്ഥാനം കുരിശിനുശേഷമല്ല, കുരിശിലാണ് ആരംഭിക്കുന്നത് എന്ന മനോഹരമായ ധ്യാനം തരുന്നുണ്ട് ഈ രൂപങ്ങള്‍. ആകാശത്തിനും ഭുമിക്കും മധ്യേ ചോര വാര്‍ന്നു കിടക്കുമ്പോള്‍ അപ്പന്‍ പോലും കൈവിട്ടെന്നു വേദനിച്ചെങ്കിലും അവന്റെ കരങ്ങളിലേക്കുതന്നെ ആത്മാവിന്റെ ഭാരങ്ങള്‍ വച്ചുകൊടുത്തിട്ടാണ് യേശു ജീവന്‍ അര്‍പ്പിക്കുന്നത്. കുരിശിലായിരിക്കുമ്പോഴുള്ള ഈ ഉയിര്‍പ്പാണ് യഥാര്‍ത്ഥ ഉത്ഥാനം. നമ്മുടെ ഭാരങ്ങളൊക്കെ ഏറ്റെടുത്തവന്‍ ആ ഭാരങ്ങളില്‍ തളര്‍ന്നുപോയില്ല. എല്ലാം പിതാവിങ്കലേക്കുയര്‍ത്തി സമര്‍പ്പിച്ചു ചോര വാര്‍ന്നു തീരുവോളം.

ദീര്‍ഘനാളായി രോഗശയ്യയില്‍ കിടക്കുമ്പോഴും എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു എന്നു പറഞ്ഞ് ശാന്തമായി പുഞ്ചിരിക്കുന്നയാള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ഉത്ഥാനത്തെയാണ്. പാപഭാരങ്ങള്‍ കുമ്പസാരക്കൂട്ടിലിറക്കിവച്ചിട്ട് ഇനിയും എനിയ്ക്ക് തെറ്റിപോകുമോ എന്നറിയില്ല, എങ്കിലും ഞാന്‍ കര്‍ത്താവിന്റെ കരുണയില്‍ മാത്രം ആശ്രയിക്കുന്നു എന്നു പറയുന്നയാള്‍ ഉത്ഥാനത്തിന്റെ സാക്ഷിയാണ്. ഞാന്‍ ക്ഷമിച്ചോയെന്നറിയില്ല, എനിക്ക് മറക്കാന്‍ കഴിയുന്നില്ല. എങ്കിലും ഞാനെന്നും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്നു പറയുന്ന ആളിന്റെ മുറിവുകള്‍ ഉത്ഥിതന്റെ മുറിവുകള്‍ പോലെ ശോഭയുള്ളതാണ്.

മരത്തെ നീ വെട്ടിയാല്‍ ആ മുറിവില്‍ നിന്ന് ജീവന്റെ പുതുനാമ്പുകള്‍ പൊട്ടിവരും. കുരിശുമരത്തോട് ചേര്‍ത്തുവച്ച് ജീവിതഭാരങ്ങള്‍ക്ക് ഉത്ഥാനത്തിന്റെ ചിറകുകള്‍ കിട്ടുന്നു, മുറിവുകള്‍ക്ക് പുതുജീവന്റെ ശോഭ കിട്ടുന്നു. അവന്‍ പറഞ്ഞല്ലോ ഞാന്‍ ഉയിര്‍ത്തപ്പെടുമ്പോള്‍ സകലരെയും എന്നിലേയ്ക്ക് എടുത്തുയിര്‍ത്തും. നമ്മുടെ ഭാരങ്ങളൊക്കെ ചോദിച്ചു വാങ്ങിയിട്ട് തന്റെ കുരിശിലേയ്ക്ക് അവന്‍ നമ്മെയും എടുത്തുയര്‍ത്തുന്നതല്ലേ ഉത്ഥാനം?

ഏവര്‍ക്കും ഹാപ്പി ഈസ്റ്റര്‍!

 

രാജീവ് മൈക്കിള്‍

You must be logged in to post a comment Login