ഉള്ളിന്റെയുള്ളില്‍ ദൈവം ഒരു കുടുംബമാണ്!

ഉള്ളിന്റെയുള്ളില്‍ ദൈവം ഒരു കുടുംബമാണ്!

വചനത്തിന്റെ വെളിച്ചത്തില്‍ കുടുംബം എന്ന സംവിധാനത്തെ കാണാനുള്ള ഒരു ശ്രമമാണ് സ്‌നേഹത്തിന്റെ സന്തോഷം എന്ന അപ്പസ്‌തോലിക പ്രബാധനത്തിന്റെ ആദ്യ അധ്യായം. ലളിതവും ആകര്‍ഷകവുമായ രീതിയിലാണ് ഈ അധ്യായം തുടങ്ങുന്നത്. ഒരു കഥ പറയും പോലെയാണ് ആദ്യ വരി. ‘ ബൈബിള്‍ നിറയെ കുടുംബങ്ങളുടെയും പിറവികളുടെയും സ്‌നേഹത്തിന്റെയും പ്രതിസന്ധികളുടെയും കഥകളാണ്…’

ബൈബിള്‍ ആരംഭിക്കുന്നത് ഒരു വിവാഹത്തില്‍ നിന്നാണ് – ഉല്‍പത്തി പുസ്തകത്തില്‍ വിവരിക്കുന്നതു പോലെ ആദവും ഹവ്വും ചേരുന്ന ആദി കുടുംബത്തില്‍ നിന്ന്. ബൈബിള്‍ അവസാനിക്കുന്നതും മറ്റൊരു വിവാഹാഘോഷത്തെ കുറിച്ചുള്ള പരാമര്‍ശത്തോടെയാണ് – വെളിപാടിന്റെ പുസ്തത്തില്‍ വിവരിക്കുന്ന കുഞ്ഞാടും മണവാട്ടിയും തമ്മിലുള്ള വിവാഹത്തോടെ.

128 ാം സങ്കീര്‍ത്തനം പോലെ, കുടുംബത്തിന്റെ ലാവണ്യം അത്ര മധുരമായി അവതരിപ്പിക്കുന്ന വേറൊന്നില്ല. ‘കര്‍ത്താവിനെ ഭയപ്പെടുന്നവന്റെ ഭാര്യ നിറയെ ഫലമേകുന്ന മുന്തിരിവള്ളി പോലെ… അവന്റെ കുഞ്ഞുങ്ങള്‍ മേശയ്ക്കു ചുറ്റും ഒലീവു തൈകള്‍ പോലെ…’

കുടുംബം എന്ന സംവിധാനം ദൈവം തന്നെ സ്ഥാപിച്ചതാണെന്ന് ആദ്യം പഴയ നിയമവും പിന്നീട് പുതിയ നിയമത്തില്‍ യേശുവും വ്യക്തമാക്കുന്നുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ യേശു പറയുന്നതു പോലെ, ‘ആദിയില്‍ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ?’ (മത്താ. 19-4).

‘ദൈവത്തിന്റെ ഛായ’ എന്ന വാക്കിന്റെ അര്‍ത്ഥം ആഴത്തില്‍ പരിശോധിക്കുന്നുണ്ട് ഈ അധ്യായം. ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ ആ ‘ഛായ’ പുരുഷനും സ്ത്രീക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. ചില പുരാതന മതങ്ങള്‍ പഠിപ്പിച്ചിരുന്നതു പോലെ ദൈവത്തില്‍ ലൈംഗികയുണ്ടായിരുന്നു എന്നോ ദൈവത്തിന് ഒരു ദേവസഖിയുണ്ടായിരുന്നുവെന്നോ ഒക്കെയുള്ള വിശ്വാസങ്ങളെ പ്രബോധനം തള്ളിക്കളയുന്നു. ബൈബിള്‍ ഇത്തരം സങ്കല്‍പങ്ങളെ നിരാകരിക്കുന്നു. ദൈവത്തിന്റെ ആന്തരിക ജീവിതത്തന്റെ സ്വഭാവമാണ് സ്‌നേഹം. അതു പോലെ, ഫലം പുറപ്പെടുവിക്കുന്ന സ്‌നേഹം ദൈവത്തിന്റെ ഛായയിലുള്ളതാണ്. കുഞ്ഞിന് ജന്മം കൊടുക്കാനുള്ള മനുഷ്യന്റെ കഴിവും സ്രഷ്ടാവായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ പ്രതിഫലനവും പങ്കുചേരലുമാണ്.

വി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഉള്‍ക്കാഴ്ച കടമെടുത്ത് ഫ്രാന്‍സിസ് പാപ്പായും പറയുന്നു, ദൈവത്തിന്റെ ത്രിത്വസഭാവമാണ് കുടുംബത്തിന്റെ അടിസ്ഥാനം എന്ന്. ദൈവം ഏകാകിയല്ല, ദൈവത്തിലെ മൂന്നാളുകള്‍ – പിതാവും പുത്രനും പരിശുദ്ധാത്മാവും – നിരന്തരവും അനന്തവുമായ സ്‌നേഹബന്ധത്തിലാണ്. ഉള്ളിന്റെയുള്ളില്‍ ദൈവം ഒരു കുടുംബമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അടങ്ങുന്ന കുടുംബം. ദൈവത്തില്‍ പിതൃത്വവും പുത്രത്വവും സ്‌നേഹവും അടങ്ങിയിരിക്കുന്നു.

(തുടരും)

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login