എത്യോപ്യയിലെ പാലം പണിക്കാരി

അന്ന് മുപ്പത്തിയൊന്ന് വയസായിരുന്നു മരിയാ ലൂഷ്യാ കരൂസയ്ക്ക്. അപ്പോഴാണ് ദൈവത്തിന്റെ വിളി അവളെ തേടിയെത്തിയത്. അവള്‍ അപ്പോള്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു..കേട്ട പാതി കരിയര്‍ ഉപേക്ഷിച്ച് അവള്‍ കര്‍ത്താവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചു. ഇന്ന് സിസ്റ്റേഴ്‌സ് ഓഫ് ഡിവൈന്‍ ചാരിറ്റിയിലെ അംഗമാണ് മരിയ.

ഇന്നത്തെ എന്റെ അവസ്ഥയില്‍ ഞാന്‍ സന്തോഷിക്കുന്നു. കോണ്‍ക്രീറ്റ് പാലങ്ങളും റോഡുകളും പണിയുന്നതിന് പകരം മനുഷ്യര്‍ക്കിടയിലെ പരസ്പരഐക്യത്തിന്റെ പാലങ്ങളും റോഡുകളുമാണ് ഞാന്‍ ഇന്ന് പണിതുകൊണ്ടിരിക്കുന്നത്. സിസ്റ്റര്‍ മരിയ ലൂഷ്യാ പറയുന്നു. സുവിശേഷത്തില്‍ ജീവിക്കുമ്പോള്‍ ദുരിതങ്ങളെ തോല്പിക്കാന്‍ കഴിയുമെന്നാണ് സിസ്റ്ററുടെ അനുഭവം. ദൈവത്തിന്റെ കണ്ണിലൂടെ യാഥാര്‍ത്ഥ്യങ്ങളെ കാണുന്നതിലേക്ക് അത് നമ്മെ എത്തിക്കുന്നു. ദുരിതങ്ങള്‍ മിക്കപ്പോഴും പിതാവായ ദൈവത്തിന്റെ കരുണ തിരിച്ചറിയാനുള്ള അവസരങ്ങളാണ്.

മരിയാ ലൂഷ്യായുടെ രണ്ടാം ജീവിതം എത്യോപ്യയില്‍ ആരംഭിച്ചത് 2009 ലാണ്. കാരണം അന്നാണ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ അംഗമായത്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലാണ് ഈ സഭ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. 2003 മുതല്‍ ഡിവൈന്‍ചാരിറ്റിയിലെ അംഗങ്ങള്‍ ഇവിടെ ദൈവവേല ചെയ്യുന്നു. മരിയാ ലൂഷ്യായുടെ സാങ്കേതികജ്ഞാനം സഭയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.

അടുത്തകാലത്തായി ഇവിടെ ശിശുരോഗാശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലൊന്നും കുട്ടികള്‍ക്കായി ആശുപത്രികള്‍ ഉണ്ടായിരുന്നില്ല. 1200 നും 1300നും ഇടയ്ക്ക് കുട്ടികളെ ഓരോ മാസവും ഇവിടെ ലഭിക്കുമെന്നാണ് സിസ്റ്റര്‍ പറയുന്നത്. സെന്റ് അഗസ്റ്റ്യന്‍ ഹെല്‍ത്ത് സെന്ററില്‍ ദിനംപ്രതി 170നും 180 നും ഇടയില്‍ രോഗികള്‍ എത്തുന്നു. ഇവിടെ നിന്ന് മുന്നുറോളം കുടുംബങ്ങള്‍ക്ക് ഭക്ഷണവും വിതരണം ചെയ്യുന്നു. കൂടാതെ എയ്ഡ്‌സ് രോഗികള്‍ക്കുള്ള സഹായവും. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതോടൊപ്പം കമ്മ്യൂണിറ്റി ലൈഫില്‍ ധാര്‍മ്മിക മൂല്യങ്ങളും പഠിപ്പിക്കുന്നു. ദുര്‍ബലര്‍ക്കും അംഗവൈകല്യം ഉള്ളവര്‍ക്കും പ്രത്യേക പരിഗണനയും നല്കുന്നു.

ഞങ്ങള്‍ക്ക് ഒന്നുമാത്രമേ പേടിയുള്ളൂ.കാലത്തിന്റെ അടയാളങ്ങളും ദൈവത്തിന്റെ ആഗ്രഹങ്ങളും ആരും അറിയാതെ പോകുന്നു. ഞങ്ങള്‍ ദൈവത്തില്‍ ശരണം വയ്ക്കുന്നു. സിസ്റ്റര്‍ മരിയ പറയുന്നു.

You must be logged in to post a comment Login