എത്രകാലമായി നാം ജീവിച്ചിരിക്കുന്നു. എന്നിട്ടും…

എത്രകാലമായി നാം ജീവിച്ചിരിക്കുന്നു. എന്നിട്ടും…

Teresa-hai-dong-Giesu കൂരിരുള്‍ നിറഞ്ഞ വഴിയിലൂടെ തപ്പിതടഞ്ഞുനീങ്ങുമ്പോള്‍ പെട്ടെന്നൊരു മിന്നല്‍പ്രഭ.. കണ്‍മുമ്പിലെ തടസ്സങ്ങളെ ഇത്തിരിനേരത്തേയ്‌ക്കെങ്കിലും മറികടക്കാന്‍ അത് ധാരാളം മതി. വീണ്ടും മുന്നോട്ടുപോകുമ്പോള്‍ അടുത്ത മിന്നലൊളി.. വീണ്ടും യാത്ര.. എത്ര ഹ്രസ്വമാണ് ആ മിന്നല്‍. എന്നിട്ടും വഴികളെ തെളിച്ചുകൊടുക്കാന്‍ അതിന് സാധിക്കുന്നു..

ഒരു നിമിഷമാകട്ടെ ഒരു യുഗമാകട്ടെ ജീവിച്ചിരിക്കുമ്പോള്‍ നീ എത്ര പേര്‍ക്ക് വഴിതെളിച്ചുകൊടുത്തു.. എത്ര പേരുടെ വഴികളില്‍ വിളക്കുമരമായി പ്രകാശിച്ചുനിന്നു.. എത്രപേരുടെ കാല്‍പ്പാദങ്ങളെ മുറിയാതെ കാത്തുസൂക്ഷിച്ചു..എത്ര പേരുടെ ജീവിതത്തിന് കാവലാളായി നിന്നു.. വരുംകാലങ്ങളില്‍ നിന്റെ ജീവിതത്തെ ലോകം വിലയിരുത്തുന്നത് ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും.
നൂറു വര്‍ഷവും ആയിരം വര്‍ഷവും ഒന്നും ജീവിച്ചിരുന്നിട്ടില്ല ഈ  ലോകത്തിന് വലിയവരൊക്കെ നന്മകള്‍ ചെയ്തിട്ടുള്ളത്. ദൈര്‍ഘ്യം കുറഞ്ഞ ജീവിതങ്ങളായിരുന്നു അവരില്‍ പലരുടെയും.
ക്രിസ്തുവിനെ തന്നെ എടുക്കൂ..വെറും മുപ്പത്തിമൂന്ന് വയസായിരുന്നു മരിക്കുമ്പോള്‍ ക്രിസ്തുവിന്റെ പ്രായം. ഈ കുറിപ്പ് വായിക്കുന്ന ചിലരെങ്കിലും അതിന് മേല്‍ പ്രായമുള്ളവരായിരിക്കാം.  എന്നിട്ടും ഭേദപ്പെട്ട ഒരു ആത്മീയജീവിതം നയിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട്?
വിശുദ്ധ ഡൊമനിക് സാവിയോ, മരിയ ഗൊരേത്തി.. അങ്ങനെ എത്രയോ പേരു  ണ്ട്ഹ്രസ്വമായ ജീവിതം കൊണ്ട് നമ്മെ അമ്പരിപ്പിക്കുന്നതായി..  നന്നേ ചെറുപ്പത്തിലേ അടയാളങ്ങള്‍ പതിപ്പിച്ച് കടന്നുപോയ എത്രയോ ആയിരങ്ങളുടെ  ലോകം ആണിത്.

ഇപ്പോഴിതാ നാം വിശുദ്ധ കൊച്ചുത്രേസ്യയെ ഓര്‍മ്മിക്കുന്നു..ഇന്ന് അവളുടെ തിരുനാള്‍ ദിനമാണ്.. വന്‍ കാര്യങ്ങളൊന്നും ചെയ്യാതെ കടന്നുപോയ പുണ്യപ്പെട്ട ജീവിതം.

ഇന്നത്തെ സുവിശേഷപ്രഘോഷകരെപ്പോലെ  ആധുനികസാങ്കേതിക വിദ്യകള്‍ ഒന്നും സുവിശേഷപ്രഘോഷണത്തിന് പ്രയോഗിക്കാതിരുന്നവള്‍.. ആയിരങ്ങളോട് വചനം പ്രസംഗിക്കുകയോ പതിനായിരങ്ങളെ സുഖപ്പെടുത്തുകയോ ചെയ്യാത്തവള്‍. കോണ്‍വെന്റിന്റെ ചുമരുകള്‍ക്കപ്പുറം ലോകത്തെ പോലും കണ്ടിട്ടില്ലാത്തവള്‍…

എന്നിട്ടും ലോകത്തിന്റെ മുമ്പില്‍ പീഠത്തിന്മേല്‍ കൊളുത്തിവച്ച ദീപം പോലെ അവള്‍ പ്രശോഭിക്കുന്നു. ചെറിയ കാര്യം പോലും അവള്‍ വലിയ സ്‌നേഹത്തോടെ ചെയ്തു.. ഏതിനെയും സ്‌നേഹിക്കാന്‍ പഠിച്ചു..
എത്രകാലം ജീവിച്ചിരുന്നു എന്നതല്ല എങ്ങനെ ജീവിച്ചിരുന്നു എന്നതാണ് പ്രധാനം. എന്തു ചെയ്യുന്നു എന്നതല്ല എങ്ങനെ ചെയ്യുന്നു എന്നതാണ് മുഖ്യം.. ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നതല്ല ദൈവത്തെ ഉള്ളില്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക എന്നതാണ് വലിയ കാര്യം.

അറുപതോ നൂറോ വയസ് ജീവിച്ചിരുന്നിട്ടും ആര്‍ക്കും പ്രയോജനപ്പെടാതെയാണ് കടന്നുപോകുന്നതെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം?  ആയുസിന്റെ ദൈര്‍ഘ്യമല്ല  ജീവിതത്തോടുള്ള ക്രിയാത്മകമായ മനോഭാവവും ആത്മീയതയുമാണ് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്.. എത്രകാലം നീ ജീവിച്ചിരുന്നു എന്നതല്ല ജീവിച്ചിരുന്ന കാലം നീ എത്ര നന്മചെയ്തു എത്രപേര്‍ക്ക് വെളിച്ചം നല്കി എന്നതായിരിക്കും  അന്തിമവിധിനാളിലെ നമുക്ക് മുന്നിലെ വലിയ ചോദ്യം..

എല്ലാവര്‍ക്കും കൊച്ചുത്രേസ്യായുടെ തിരുനാള്‍ മംഗളങ്ങള്‍

You must be logged in to post a comment Login