എന്താണ് ജീവിതവിജയം? പത്തേമാരി നല്‍കുന്ന സന്ദേശം കാലികം

എന്താണ് ജീവിതവിജയം? പത്തേമാരി നല്‍കുന്ന സന്ദേശം കാലികം

പ്രവാസത്തിന്റെ ആരംഭകാലത്ത് ഗള്‍ഫിലെത്തിയിട്ടും ഒന്നും നേടാനാകാതെ ലോകത്തിന്റെ മുന്നിലും നാട്ടുകാരുടെ മുന്നിലും സമ്പൂര്‍ണ പരാജിതനായി നില്‍ക്കുന്ന പള്ളിക്കല്‍ നാരായണന്‍ ജീവിതവിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കുന്ന പ്രതികരണം മനുഷ്യനെ കീശയുടെ കനം നോക്കി അളക്കുന്ന കാലത്തിന് കണ്‍തുറവിയുടെ സന്ദേശം.

തങ്ങള്‍ നേരിടുകയും അനുഭവിക്കുകയും ചെയ്ത കഠിനജീവിതങ്ങള്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ മറച്ചു വച്ച് കുടുംബക്കാരുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി ജീവിതം ഉരുകിത്തീര്‍ത്തവരുടെ കഥ പറയുന്നു, സലിം അഹമ്മദിന്റെ പത്തേമാരി. സുഹൃത്തുക്കളിലൊരാള്‍ വാങ്ങിക്കൊടുത്ത പിസ്ത നാട്ടില്‍ വീട്ടുകാരുമായി പങ്കിടുമ്പോള്‍ അവരുടെ ധാരണ നാരായണന്‍ ഗള്‍ഫില്‍ എന്നും പിസ്ത കഴിച്ചാണ് ജീവിക്കുന്നതെന്നാണ്. പ്രിയപ്പെട്ടവര്‍ക്കായൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ആത്മത്യാഗം ചെയ്തു മണ്‍മറഞ്ഞു പോയവരുടെ കഥയാണ് ഈ ചിത്രം.

ആ ജീവിതം തോല്‍വിയായി വ്യാഖ്യാനിക്കുന്ന ജേര്‍ണലിസ്റ്റിനോട് നാരായണന്‍ പറയുന്ന മറുപടിക്ക് ക്രിസ്തീയ കാഴ്ചപ്പാടിന്റെ പ്രകാശമുണ്ട്. എന്താണ് ലോകത്തിന്റെ കാഴ്ചപ്പാടില്‍, ജീവിതവിജയം? കുറേ പണം സമ്പാദിച്ചതോ, കൊട്ടാരസമാനമായ വീടുകള്‍ കെട്ടിപ്പൊക്കിയതോ? ആഢംബരക്കാറുകള്‍ സ്വന്തമാക്കിയതോ?

സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷവും നന്മയും ഉണ്ടായി എന്ന അറിവാണ് യഥാര്‍ത്ഥ ജീവിതവിജയം എന്ന് ജീവിതസായാഹ്നത്തില്‍ പറയുന്ന നാരായണന്‍ വിശുദ്ധമായ ആത്മസംതൃപ്തി അടയുന്നു. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സുസ്‌നേഹ മൂര്‍ത്തിയാം സൂര്യാ… എന്ന ഒഎന്‍വി കുറുപ്പിന്റെ വരികള്‍ ഓര്‍മ വരുന്നു. സ്വാര്‍ത്ഥതയിലേക്ക് ഉള്‍വലിയുന്ന, സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ചിന്തയിലില്ലാത്ത, ലാഭവും നേട്ടവും കൊയ്യാന്‍ വേണ്ടി ആരുടെയും കുതികാല്‍ വെട്ടാന്‍ മടിക്കാത്ത മനുഷ്യരുടെ ഈ കാലഘട്ടത്തില്‍ നാരായണന്‍ വെല്ലുവിളിക്കുന്ന ഒരു അടയാളമാണ്. വിശുദ്ധമായ ഒരു ഓര്‍മപ്പെടുത്തലാണ്. കുരിശില്‍ ക്രിസ്തു തോല്‍ക്കുകയായിരുന്നില്ല, ഏറ്റവും വലിയ വിജയം ആഘോഷിക്കുകയായിരുന്നു എന്നതിന് സമാനമായ ഒരു സന്ദേശം.

 

ഇസാന്‍

You must be logged in to post a comment Login