എന്തായിരുന്നു മദര്‍ തെരേസയുടെ മദ്ധ്യസ്ഥതയിലുള്ള ആ രണ്ടാമത്തെ അത്ഭുതം…!

ബ്രസീലിലെ സാന്റോസ് എന്ന നഗരം. ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍. മസ്തിഷ്‌കത്തിലെ അണുബാധയെ തുടര്‍ന്നുണ്ടായ വീക്കവും പരുക്കളുമാണ് അദ്ദേഹത്തെ ആശുപത്രിക്കിടക്കയില്‍ എത്തിച്ചത്.

പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍….വില കൂടിയ മരുന്നുകള്‍… നാളുകള്‍ നീണ്ടു നില്‍ക്കുന്ന ചികിത്സകള്‍…

ഒടുവില്‍ എല്ലാ വൈദ്യ ശാസ്ത്രവും പിന്‍വാങ്ങി. മരണമോ ജീവിതമോ എന്നു തിരിച്ചറിയാനാവാത്ത വിധം അബോധാവസ്ഥയിലേക്ക് വഴുതിവീണു ആ എഞ്ചിനീയര്‍.

അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് അന്ന് അധികനാളുകള്‍ ആയിരുന്നില്ല. തന്റെ പ്രിയ ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത് അയാളുടെ പത്‌നി ഹൃദയം തകര്‍ന്ന് കരഞ്ഞു… അവളുടെ കണ്ണുനീര്‍ വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ മദ്ധ്യസ്ഥതയിലുള്ള പ്രാര്‍ത്ഥനകളായി…

ആദ്യം ഒറ്റയ്ക്കായിരുന്നു പ്രാര്‍ത്ഥന. പ്രതീക്ഷ കൈവെടിയാതെ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്ന അവളെ കണ്ടപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും പ്രാര്‍ത്ഥനയില്‍ ഒപ്പം കൂടി.

മരിച്ചുകൊണ്ടിരിക്കുന്ന രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസാന ശ്രമം എന്നവിധം ഡോക്ടര്‍മാര്‍ ഒരു ശാസ്ത്രക്രീയകൂടി പരീക്ഷിക്കുവാന്‍ തയ്യാറായി. 2008 ഡിസംബര്‍  9ാം തിയതി രോഗിയെ ഓപ്പറേഷന്‍ തീയ്യറ്ററിലക്ക് മാറ്റി.

ഓപ്പറേഷന്‍ തിയ്യറ്ററിനു മുമ്പില്‍ നിറമിഴികളോടെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയോട് പ്രാര്‍ത്ഥിക്കുന്ന ഭാര്യ…

ഓപ്പറേഷനു തയ്യാറായി രോഗിയുടെ അടുത്തെത്തിയ സര്‍ജന്‍ അമ്പരുന്നു. അതുവരെയും ചലനമറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗി ഉണര്‍ന്നിരിക്കുന്നു…! സര്‍ജനെ ഞെട്ടിച്ചുകൊണ്ട് രോഗിയുടെ ചോദ്യം: ‘ ഞാന്‍ എന്താ ഇവിടെ..?’

എല്ലാ രോഗലക്ഷണങ്ങളും അയാളെ വിട്ടകന്നതായി സാക്ഷ്യപ്പെടുത്തി ഡോക്ടര്‍. വത്തിക്കാന്റെ മെഡിക്കല്‍ കമ്മീഷന്‍ കേസ് പഠിച്ചശേഷം ഇത് വിശദീകരിക്കാനാവാത്ത രോഗശാന്തിയാണെന്ന് വിധിയെഴുതി.

വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ മദ്ധ്യസ്ഥതയില്‍ ഇന്ത്യക്കാരിയായ സ്ത്രീയുടെ ട്യൂമര്‍ അത്ഭുതകരമായി സുഖപ്പെട്ടതാണ് മദറിന്റെ മാദ്ധ്യസ്ഥതയിലുള്ള ആദ്യ അത്ഭുതം.

You must be logged in to post a comment Login