“എന്തുകൊണ്ട്, നീയെന്നെ…?”

“എന്തുകൊണ്ട്, നീയെന്നെ…?”

906204_720306477979786_35581896_oഅവളുടെ ശബ്ദം നന്നേ പതറിയിരുന്നു; എങ്കിലും, പ്രസന്നത തോന്നിപ്പിക്കാൻ വിഫലമായൊരു ശ്രമം സംസാരത്തിൽ.

ഫോണിന്റെ ഇങ്ങേതലയ്ക്കൽ ഞാൻ വല്ലാതെ നൊന്തു. ഒരുവേള എന്റെ സ്വരം ഇടറി.

“പ്രാർഥിക്കാം”- അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു; പിന്നെ, ഫോണ്‍ കട്ട് ചെയ്തു.

“തലച്ചോറിൽ ഇടത് ഭാഗത്താണ് ഇപ്പോൾ ക്യാൻസർ. ദേഹം വല്ലാതെ നീരുവച്ചിട്ടുണ്ട്. ഏറിയാൽ ചില നാളുകൾ കൂടി.”- അവളുടെ മകൾ അടക്കം പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ വീണ്ടും ഓപറേഷൻ. പിന്നെ കീമോതെറാപ്പിയുടെ ദുരിതനാളുകൾ.

അധികം വേദനിക്കാതെ അവൾ കടന്നുപോയെങ്കിൽ. ഞാൻ അങ്ങനെ പ്രാർഥിച്ചു തുടങ്ങുന്നു. പക്ഷെ, ആരോടും അത് തുറന്നു പറയാൻ എനിക്കാവില്ല.

അവൾ, എന്റെ ചേച്ചി. ഒന്നാം ക്ലാസ് മുതൽ എന്നെ കൈപിടിച്ച് നയിച്ചവൾ. എന്നെക്കാൾ മൂന്നുവയസ് കൂടുതൽ. സഹനത്തിന്റെ കനൽകാലങ്ങൾ ഒരുമിച്ച് നടന്നിട്ടുണ്ട് ഞങ്ങൾ. ഏറെ നൊന്ത ഒരു ബാല്യം ഞങ്ങൾക്കുണ്ടായിരുന്നു; ചിലനേരം അവൾ എന്റെ രക്ഷാകർത്താവായും ചമഞ്ഞു. പ്രൈമറി സ്കൂൾ തലത്തിൽ എന്നെ പ്രസംഗം കാണാതെ പഠിപ്പിച്ചിരുന്നത് അവൾ. അഞ്ചോ ആറോ മിനിറ്റ് കഴിഞ്ഞ് അവളെ നോക്കിയാൽ അറിയാം സമ്മാനം എനിക്കാണോ എന്ന്! ഉഴപ്പി പ്രസംഗിച്ചാൽ അവളൊരു പൊള്ളുന്ന നോട്ടം നോക്കും. അന്ന് വൈകുന്നേരം വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അവളുടെ വാക്കുകൾ എന്നെ പൊള്ളിക്കും.

എന്റെ ഡിഗ്രി പഠനകാലത്ത്‌ അവൾക്ക് വിവാഹം. ആഗ്രഹിച്ചതൊന്നും അവൾക്ക് ലഭിച്ചില്ല; ഉന്നത പഠനം, ജോലി ഇതൊക്കെ അവൾക്ക് അന്യമായിരുന്നു. പെണ്ണുകാണാൻ വന്ന ചെറുക്കന്റെ കാര്യത്തിൽ എന്തു തീരുമാനം എന്നു ചോദിച്ചപ്പോൾ പോലും “നിനക്ക് ഇഷ്ടമായെങ്കിൽ നടത്തിയേക്കാം” എന്ന് മറുപടി പറഞ്ഞവൾ എന്റെ ചേച്ചി.

ജീവിതത്തിൽ എന്റെ ചേച്ചി ചിരിച്ചു തുടങ്ങിയ നാളുകൾ ആയിരുന്നു ഇത്. മൂത്തമകൾ പഠനം കഴിഞ്ഞയുടൻ യുജിസി പരീക്ഷ ജയിച്ചു കോളേജിൽ അധ്യാപിക. മകൻ ഒരു സോഫ്റ്റ്‌വെയർ കന്പനിയിൽ. ഇളയയാൾ മാത്രം പഠിച്ചുകൊണ്ടിരിക്കുന്നു.

ഡിസംബറിൽ ഞാൻ നാട്ടിൽ നിന്നു മടങ്ങിയതിന്റെ മൂന്നാംനാൾ ആയിരുന്നു പെങ്ങളുടെ വീഴ്ച; ബോധംമറഞ്ഞ അവളെ പരിശോധിച്ച ഡോക്ടർമാർ വിധിയെഴുതി: ബ്രെയിൻ ട്യൂമർ.

മാർച്ചിൽ ഞാൻ നാട്ടിൽ എത്തിയത് ചേച്ചിയെ കാണാൻ മാത്രം.

കട്ടിലിൽ ഒരു പുഞ്ചിരിയോടെ കിടക്കുകയാണ് അവൾ. വലതുവശം പാടെ തളർന്നു പോയിരിക്കുന്നു. മുഖത്തെ പുഞ്ചിരിക്ക് മാറ്റമില്ല; സംസാരത്തിൽ സങ്കടം തെല്ലുമില്ല. നിഴൽപോലെ ഒപ്പമുണ്ട് ഭർത്താവ്. എനിക്ക് ആദരവുതോന്നി അദ്ദേഹത്തോട്; പ്രാഥമിക കാര്യങ്ങൾക്കുപോലും അവൾക്കു സഹായം ഭർത്താവ്. അദ്ദേഹം പിടിച്ച് എഴുന്നേൽപ്പിക്കുന്നതാണ് അവൾക്കു താല്പര്യം. മക്കൾ എഴുന്നേൽപ്പിച്ചാൽ വീണുപോകും എന്നാണത്രേ ഭയം.

അന്ന് വൈകുന്നേരം ഞാൻ ഒരു സാഹസം കാട്ടി. അവളുടെ തളർന്ന വലതുകരം കയ്യിലെടുത്ത്‌ സ്തുതിച്ചു പ്രാർഥിച്ചു. കുറേ കഴിഞ്ഞ് അവൾ പറഞ്ഞു: “ഇപ്പോൾ കൈ ഉയർത്താൻ പറ്റുന്നുണ്ട്”.

അത്രയൊന്നും വിശ്വാസിയല്ലാത്ത അളിയൻ എന്നെ നോക്കി. കരിസ്മാറ്റിക് ഹീലിംഗ് എന്നോ മറ്റോ പറഞ്ഞു.

“ഇനി അല്പം നടന്നാലോ?”

ആകാമെന്ന് പറഞ്ഞു പെങ്ങൾ. അളിയനും ഞാനും ഇരുവശവും തോളിൽ താങ്ങി വരാന്തവരെ കൊണ്ടുവന്നു. അവളുടെ കണ്ണുകളിൽ പ്രകാശം ഇരട്ടിക്കുന്നത് ഞാൻ കണ്ടു.

ആ ആഴ്ച അവസാനം അളിയന്റെ പെങ്ങൾ എന്നെ വിളിച്ചു; ഒരു കോളേജിൽ അധ്യാപികയാണ് ആ കന്യാസ്ത്രീ.

“മോനെ, ചേച്ചി നടന്നുതുടങ്ങി. എന്റെ ആങ്ങള എന്നെ നടത്തിച്ചുവെന്ന് സന്ദർശകരോട് പറയുന്നുണ്ട്.” അവർ പറഞ്ഞു.

എനിക്ക് പക്ഷേ, എവിടെയോ ഒരു നൊന്പരം. വലിയ ഒരു സങ്കടം വഴിയിൽ ഉണ്ട് എന്നൊരു തോന്നൽ. ഇടവകയിലെ വൈദീകനെ വരുത്തി കുന്പസ്സാരം നടത്തിക്കാൻ നിർദേശിച്ചു ഞാൻ.

ആ ഭയം സത്യമാവുകയായിരുന്നു! നേരത്തെ തലച്ചോറിൽ ഇടത് ഭാഗത്ത് ക്യാൻസർ എങ്കിൽ ഇക്കുറി വലത്. പഴയതിനോളം വലിപ്പമുള്ള വളർച്ച.

ഇനി അവളുടെ മുടിയൊക്കെ മുറിച്ച് മാറ്റിയേക്കും; സുന്ദരിയായ ചേച്ചിക്ക് മുട്ടോളം നീളമുള്ള മുടിയുണ്ട്!

റ്റിഞ്ചു, പെങ്ങളുടെ മകൾ എന്നോട് ചോദിച്ചു: “എന്തുകൊണ്ട് എന്റെ അമ്മ?”

കുഞ്ഞേ, എനിക്ക് ഉത്തരം അറിയില്ല.

പതിനേഴ് മാസം മുൻപ് എന്റെ ഇളയമകൻ റോഡിലേക്ക് വിരൽ ചൂണ്ടി. നന്നേ വൃദ്ധയായ ഒരു സ്ത്രീ കൂനിക്കൂനി നടന്നുപോവുകയാണ്. അവൻ എന്നോട് ചോദിച്ചു: “വൈ ഡിഡ് യുവർ ഗോഡ് റ്റുക് മൈ മം? വൈ ഡിഡ് ഹി സ്പെയർ ദിസ്‌ ഓൾഡ്‌ വുമണ്‍”

അന്ന് ആദ്യമായി ഞാൻ അവനുമുന്നിൽ ഉത്തരമില്ലാതെ നിന്നു.

ഒരു ഞായറാഴ്ച്ച കുർബാനയിൽ ദേവാലയത്തിൽ വച്ച് പൊടുന്നനെ കടന്നുപോവുകയായിരുന്നല്ലോ അവന്റെ അമ്മ!

സഹനങ്ങളുടെ ഈ കർക്കിടകപ്പെയ്ത്ത് തുടരുകയാണ്. ഉള്ളുപൊള്ളിക്കുന്ന നൊന്പരങ്ങൾ ഒട്ടേറെയുണ്ട് വേറെ.

കഴിഞ്ഞദിവസം എനിക്കൊരു പുസ്തകപ്പൊതി ലഭിച്ചു. മൂന്ന് ചെറിയ പുസ്തകങ്ങൾ ആയിരുന്നു അതിൽ.

ഡോക്ടർ ജോർജ് സാമുവൽ എഴുതിയ ‘കറേജ് ഇൻ ദി ടൈം ഓഫ് ഡിസ്കറേജ്മെന്റ്’ ആയിരുന്നു അതിലൊന്ന്. രണ്ടുമക്കളും ഭാര്യയും നഷ്ടപ്പെട്ട് സഹനത്തിന്റെ തീച്ചൂളകൾ ചവിട്ടികടന്ന ഒരു നല്ല മനുഷ്യന്റെ ജീവിതദർശനങ്ങൾ ആണ് അതിൽ. പ്രശസ്തനായ നൂക്ലിയർ ഫിസിസിസ്റ്റ്, ലോകം ആദരിക്കുന്ന വചനപ്രഘോഷകൻ, മികച്ച അദ്ധ്യാപകൻ അതെക്കെയാണ് ഡോ.ജോർജ് സാമുവൽ.

ഒരാൾ തന്നെ എഴുതിയതാണ്‌ മറ്റുരണ്ട് പുസ്തകങ്ങളും. ഒരെണ്ണത്തിന്റെ ശീർഷകം ഇങ്ങനെ: ‘വൈ ഗോഡ്, വൈ?’. എന്തുകൊണ്ട്, ദൈവമേ, എന്തുകൊണ്ട്?

‘ടേണ്‍ യുവർ സോറോ’ എന്നായിരുന്നു മൂന്നാമത്തെ പുസ്തകത്തിന്റെ തലക്കെട്ട്. ഗ്രന്ഥകാരനെ നിങ്ങൾ അറിയും; ഡോക്ടർ പി പി ജോബ്‌. പ്രശസ്ത വചനപ്രഘോഷകൻ. യവ്വനത്തിൽ നഷപ്പെട്ടുപോയ തന്റെ രണ്ട് ആണ്‍ മക്കളെ ഓർത്ത് എഴുതിയതാണ് ഈ പുസ്തകങ്ങൾ.

ഇവ എനിക്ക് അയച്ചുതന്ന അജ്ഞാതസുഹൃത്തിനു നന്ദി.

ജീവിതമധ്യത്തിൽ ജീവിതപങ്കാളിയെ നഷ്ടപ്പെട്ട ഒരു വിശുദ്ധജീവിതത്തെപ്പറ്റി പറഞ്ഞുതന്നത് പ്രശസ്ത വചനപ്രഘോഷകൻ ഫാദർ ഡൊമിനിക് വാളന്മനാൽ.

ലോക്സഭ ഡയറക്ടർ, ആഗോള കരിസ്മാറ്റിക് കൂട്ടായ്മയുടെ അന്താരാഷ്‌ട്ര ഉപാധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സിറിൾ ജോണ്‍ എന്ന മനുഷ്യനെക്കുറിച്ചാണ് അച്ചൻ പറഞ്ഞുതന്നത്.

പ്രിയരെ, നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ നന്ദിപൂർവം സ്വീകരിക്കുക; കാരണം ദൈവസ്വീകാര്യതയുടെ അടയാളമാണ് അത്.

“വരുന്ന ദുരിതങ്ങൾ എല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൌർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. എന്തെന്നാൽ, സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയിൽ ദൈവത്തിനു സ്വീകാര്യരായ മനുഷ്യരും.” (പ്രഭാഷകൻ 2:4-5).

 ശാന്തിമോന്‍ ജേക്കബ്‌.

3 Responses to "“എന്തുകൊണ്ട്, നീയെന്നെ…?”"

  1. Sunny Sebastian   April 20, 2015 at 11:53 pm

    Iam also repeat, why God why?

  2. prince xavior   April 23, 2015 at 9:04 am

    when we have sufferings please meditate sitting under the cross the gospel of MARK chap.15:16-20, especially word 19 and to read and meditate the book of JOB.(Oh,the depths of the richness of the wisdom and knowledge of GOD! How incomprehensible are his judgments,and unsearchable are his ways! ROM.CHAP.11:33)

  3. John   April 24, 2015 at 3:53 pm

    Good article, Shantimon chettan. Very reassuring when we are at Trouble and tested

You must be logged in to post a comment Login