എന്നെ ഞാനാക്കിയത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനകള്‍: സ്റ്റീഫന്‍ ദേവസി

എന്നെ ഞാനാക്കിയത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനകള്‍: സ്റ്റീഫന്‍ ദേവസി

‘മമ്മിയുടെയും പപ്പയുടെയും പ്രാര്‍ത്ഥനകളാണ് എന്നെ ഇവിടം വരെ എത്തിച്ചത്’, പറയുന്നത് പ്രശസ്ത കീബോര്‍ഡിസ്റ്റും സംഗീത സംവിധായകനും ഗായകനുമായ സ്റ്റീഫന്‍ ദേവസി. ഒരു സംഗീതപരിപാടിയില്‍ വെച്ചായിരുന്നു സ്റ്റീഫന്‍ ദേവസിയുടെ പരസ്യപ്രഖ്യാപനം.

‘ദൈവം ഓരോ വ്യക്തികളെയും രൂപപ്പെടുത്തുന്നത് ഓരോ വിധത്തിലാണ്. എന്നെ രൂപപ്പെടുത്തിയത് പ്രാര്‍ത്ഥനയിലൂടെയാണ്. സംഗീതത്തില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ടാകാം. അതിനെല്ലാം പ്രധാനകാരണം പ്രാര്‍ത്ഥനയാണ്. എല്ലാ മാതാപിതാക്കളും മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. മക്കള്‍ ആരായിത്തീരുമെന്ന് നമുക്കറിയില്ല. ചിലപ്പോള്‍ രാജ്യം ഭരിക്കുന്നവരാകാം, എഞ്ചിനീയറാകം, ഡോക്ടറാകാം. പ്രാര്‍ത്ഥനയാണ് എല്ലാറ്റിനും അടിസ്ഥാനം’, സ്റ്റീഫന്‍ ദേവസി പറയുന്നു.

പണമില്ല, സൗന്ദര്യമില്ല, അധികാരമില്ല എന്നൊന്നും ഓര്‍ത്ത് ആരും സങ്കടപ്പെടേണ്ട ആവശ്യമില്ല എന്നു പറയുമ്പോള്‍ ആ വാക്കുകളില്‍ തെളിയുന്നത് പ്രായത്തിലും കവിഞ്ഞ ആത്മീയ പക്വതയാണ്. എത്ര പണമുണ്ടായാലും സൗന്ദര്യമുണ്ടായാലും അധികാരമുണ്ടായാലും ദൈവസ്‌നേഹമില്ലെങ്കില്‍ നാം ഒന്നുമല്ല എന്നത് സ്റ്റീഫന്റെ ജീവിതാനുഭവം.

”സ്പര്‍ശിക്കാന്‍ കഴിവുള്ളവന്‍ കര്‍ത്താവായ ദൈവം ആണ്. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. എനിക്കുമുണ്ട് പ്രശ്‌നങ്ങള്‍. എന്നാല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ച് അവയെല്ലാം അവിടുത്തേക്ക് സമര്‍പ്പിക്കും. നൂറു വയസ്സുവരെ ജീവിച്ചിരിക്കുന്നതിലല്ല കാര്യം. അതിനപ്പുറമുള്ള ജീവിതമാണ് പ്രധാനം. ദൈവമേ, എനിക്കു നിന്നെ ആവശ്യമാണെന്ന് അനുദിനം പറയണം. സ്റ്റീഫന്‍ ദേവസി കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പികെ ദേവസിയുടെയും സൂസി ദേവസ്സിയുടെയും മകനായി 1981 ഫെബ്രുവരി 23 നാണ് സ്റ്റീഫന്‍ ദേവസ്സിയുടെ ജനനം. 18-ാം വയസ്സില്‍ ഗായകന്‍ ഹരിഹരന്റെ ട്രൂപ്പില്‍ അംഗമായി. എല്‍. സുബ്രമഹ്ണ്യം, ശിവമണി, സക്കീര്‍ ഹുസൈന്‍, അംജദ് അലിഖാന്‍, എആര്‍ റഹ്മാന്‍, യു.ശ്രീനിവാസ് എന്നീ പ്രഗത്ഭ സംഗീതജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ല്‍ ടൊറന്റോയില്‍ വെച്ചു നടന്ന ലോകയുവജന ദിനത്തോടനുബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് റെക്‌സ് ബാന്‍ഡിനൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മുന്നില്‍ സംഗീതം അവതരിപ്പിക്കാനുള്ള ഭാഗ്യവും സ്റ്റീഫന്‍ ദേവസിക്ക് ലഭിച്ചിട്ടുണ്ട്.

 

അനൂപ സെബാസ്റ്റ്യന്‍

 

You must be logged in to post a comment Login