എന്റെ ജീവിതം തീര്‍ത്ഥാടനമോ അതോ പടയോട്ടമോ?

ജീവിതം പലപ്പോഴും ഒരു പടയോട്ടമല്ലേ? ഏതോ മായയെ കൈപ്പിടിയിലൊതുക്കാനെന്നവണ്ണം പരക്കം പായുന്ന മനുഷ്യന്‍. ആ ഓട്ടത്തിനിടയില്‍ കാല്‍ക്കീഴില്‍ എന്തൊക്കെയോ ചവിട്ടിയരക്കപ്പെടുന്നു. പലതും തമസ്‌കരിക്കുപ്പെടുന്നു. പലരെയും തിരസ്‌കരിക്കുന്നു.

എന്തിനാണ് ഈ പടയോട്ടം? മണലാരണ്യത്തില്‍ കാറ്റു തീര്‍ക്കുന്ന ചെറിയ മണല്‍ക്കൂനകളുടെ ആയുസ്സു മാത്രമേ നാം മതിമറന്ന് അഹങ്കരിക്കുന്ന പല നേട്ടങ്ങള്‍ക്കുമുള്ളൂ. വീണ്ടുമൊരു മണല്‍ക്കാറ്റടിക്കുമ്പോള്‍ തിരിച്ചറിയാനാകാത്ത വിധം അത് അപ്രത്യക്ഷമാകുന്നു. ഒരൊറ്റ തിര മതി കടല്‍ തീരത്തെ പഞ്ചാര മണലില്‍ നാം എഴുതി വെച്ചതൊക്കെ മായ്ക്കാന്‍. ഇതു പോലെ ക്ഷണഭംഗുരമാണ് മഹത്തരമെന്നു കരുതി നാം ഊറ്റം കൊള്ളുന്ന പല നേട്ടങ്ങളും. സ്വന്തം നേട്ടങ്ങളില്‍ മതി മറന്ന് അഹങ്കരിക്കുമ്പോള്‍, മറ്റുള്ളവരെ വെറുപ്പിച്ചും ചവിട്ടിമെതിച്ചും സകലതും വെട്ടിപ്പിടിക്കാന്‍ വ്യഗ്രത കാട്ടുമ്പോള്‍, സ്വയം ചോദിക്കുക- ജീവിതമാകുന്ന മണലാരണ്യത്തില്‍ ഇതിലേതെങ്കിലും ശേഷിക്കുമോ?

ആരൊക്കെയോ വെച്ചു നീട്ടിയ കനിവും ഔദാര്യവുമല്ലാതെ മറ്റെന്താണ് ജീവിതം? അത് നമ്മുടെ സ്വന്തമല്ല. ഉള്ളിലെ അഹംബോധം നമ്മില്‍ പലരെയും മദിച്ചേക്കാം. പലപ്പോളും ‘ഞാന്‍’ എന്നുള്ളത് എല്ലാറ്റിനുമപ്പുറമാകുന്നു. എനിക്കപ്പുറമുള്ള ലോകം ഒന്നുമല്ലാതാകുന്നു. സഹജീവികള്‍ നിസ്സാരരാകുന്നു. അഹങ്കാരവും പൊങ്ങച്ചവും അമിതാവേശവുമൊക്കെ ചേര്‍ത്ത് സ്വയം സൃഷ്ടിച്ച കൊടുമുടിയിലായിരിക്കും നാം നില്‍ക്കുക.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ ഓര്‍ത്തുപോകുന്നു. സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചാലും എല്ലാം നിരര്‍ത്ഥകമാണ് എന്ന തിരിച്ചറിവാണ് ഈ ലോകത്തിന്റെ സുഖസൗകര്യങ്ങളെല്ലാമുപേക്ഷിച്ച് ക്രിസ്തുവിനു വേണ്ടി ഇറങ്ങിത്തിരിക്കാന്‍ ആ പുണ്യാത്മാവിനെ പ്രേരിപ്പിച്ചത്.

വെറും മുപ്പത്തിമൂന്നു വര്‍ഷത്തെ ജീവിതം കൊണ്ട് ലോകത്തെ വിറപ്പിച്ച യുദ്ധവീരനായിരുന്നു മഹാനായ അലക്‌സാണ്ടര്‍. സംഭവബഹുലമായിരുന്നു പഴയ ഗ്രീസിലെ ആ മാസിഡോണിയന്‍ ചക്രവര്‍ത്തിയുടെ ജീവിതം. പടയോട്ടത്തിലൂടെ ലോകം മുഴുവന്‍ കീഴടക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യയാത്ര ഈ ലോകത്തു നിന്നും താന്‍ ഒന്നും കൊണ്ടു പോകുന്നില്ല എന്നതിന്റെ സൂചകമെന്നോണം ഇരുകൈകളും ശവമഞ്ചത്തിനു പുറത്തേക്കു വിരിച്ചു പിടിച്ചു കൊണ്ടായിരുന്നു.

ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ മായാത്ത പ്രതീകമായ ഹിറ്റ്‌ലര്‍ ചരിത്രത്തിന്റെ പ്രതിക്കൂട്ടിലെ ഏറ്റവും വലിയ ക്രിമിനലുകളിലൊരാളായി മാറിയതാകട്ടെ, അഹംഭാവവും അധികാരതൃഷ്ണയും മൂലമാണ്. തന്റെ ഇച്ഛക്കു വഴങ്ങാത്ത ലോകവ്യവസ്ഥിതിയെ നിലം പരിശാക്കാന്‍ ഏതറ്റം വരെ പോകാനും ഹിറ്റ്‌ലറിന് മടിയില്ലായിരുന്നു.

ഫ്രാന്‍സിസ് സേവ്യറും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയും ഹിറ്റലറുമൊക്കെ നല്‍കുന്ന ജീവിത ചിന്തകള്‍ ഉള്ളിലേറ്റുക. അതു നമ്മെ കൂടുതല്‍ വിനയമുള്ളവരാക്കും, വിവേകമുള്ളവരാക്കും.

ജീവിതയാത്ര ഒരു തീര്‍ത്ഥാടകന്റെ മനസ്സോടെ നടന്നു തീര്‍ക്കാം. തീര്‍ത്ഥാടകന് കീഴടക്കാനോ വാരിക്കൂട്ടാനോ ഉള്ള വ്യഗ്രതയില്ല. അത്തരം നേട്ടങ്ങളുടെ ക്ഷണഭംഗുരത അയാള്‍ക്കറിയാം. വഴിയില്‍ കാണുന്ന എന്തിനോടും പുഞ്ചിരിച്ചും കരുണ കാട്ടിയുമാണ് തീര്‍ത്ഥാടകന്റെ യാത്ര. എന്താണ് ജീവിതത്തോടുള്ള എന്റെ സമീപനം? ഞാന്‍ തീര്‍ത്ഥാടനത്തിലോ അതോ പടയോട്ടത്തിലോ?

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login