എന്റെ പ്രാണപ്രിയനേശുവിന്,

എന്റെ പ്രാണപ്രിയനേശുവിന്,

എന്ത് എഴുതണം എങ്ങനെ എഴുതണമെന്ന് എനിക്കറിയില്ല. പരസ്പരം നാമറിഞ്ഞ നാള്‍മുതല്‍,നമ്മള്‍ തമ്മില്‍ യാതൊരു ഔപചാരികതയുടെയുംആവശ്യമില്ലെന്നറിയാമായിരുന്നെങ്കിലും, നേരില്‍ കാണുമ്പോള്‍ പറയാന്‍ കരുതിയതൊക്കെയും നിന്നരികില്‍ എത്തൂമ്പോഴെയ്ക്കും പറയാനാവാത്ത സ്‌നേഹപാരവശ്യത്തിലായിരുന്നു പലപ്പോഴും ഞാന്‍.

പലതും നാം തമ്മില്‍ പങ്കുവെച്ചുവെങ്കിലും,പലപ്പോഴും പറയാനാവാതെ ബാക്കിവെച്ച എന്റെഹൃദയവികാരവിചാരങ്ങള്‍ പകരുകയാണ് ഞാനിന്നിവിടെ നിനക്കായ് ഇന്നീ വാലന്റൈന്‍ ദിനത്തില്‍ ..

ഞാന്‍ പോലുമറിയാതെ, എപ്പോഴെന്ന്ഓര്‍ത്തെടുക്കാനാവാത്ത ഏതോ ഒരനര്‍ഘനിമിഷത്തില്‍, ഒരു മധുരനൊമ്പരക്കാറ്റായ് എന്റെ ഹൃദയവയലില്‍ നീ തഴുകിയിറങ്ങിയ നാള്‍മുതല്‍ ഞാന്‍ പറയാന്‍ കൊതിക്കുകയായിരുന്നു..ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്.എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്ന്……

നീ എന്നിലും ഞാന്‍ നിന്നിലും ഉള്‍ചേര്‍ന്നിരുന്ന പ്രണയത്തിന്റെ ആ ബലിവേദിക്കരികില്‍ എത്തുമ്പോഴൊക്കെയും എനിക്ക് തോന്നിയിട്ടുണ്ട് ഞാന്‍ സൃഷ്ടിക്കപെട്ടതുപോലും നിനക്ക്‌വേണ്ടി മാത്രമാണെന്ന്..എന്റെ കാതരമിഴികള്‍ നിറഞ്ഞൊഴുകിയപ്പോഴെല്ലൊംഎന്നെ നോക്കി’ഞാന്‍ ഉണ്ട് എപ്പോഴുും നിന്റെകൂടെ ,നീ എന്റേതാണ്എന്നു നീ പറയുമ്പോള്‍ സ്വര്‍ഗ്ഗം പെയ്തിറങ്ങുകയായിരുന്നു എന്റെ ഹൃദയത്തില്‍.

ആസുരമമായ ഈ ലോകത്ത്‌സ്‌നേഹം കാമമല്ലെന്നും അത് തൃഷ്ണകള്‍ക്കും മാംസത്തിനുമപ്പുറമാണെന്നതും ഞാന്‍ വായിച്ചെടുത്തത് നിന്റെകണ്ണിലെ നിഷ്‌കളങ്കതയില്‍ നിന്നാണ്.സ്‌നേഹംഒരുനൈമിഷികവികാരമല്ലെന്നും അത് നിന്റെ സ്വഭാവമാെണന്നുമുള്ള തിരിച്ചറിവ് നിന്റെ സാമീപ്യത്തിനായി കൂടുതല്‍ കൂടുതല്‍ എന്നെ ദാഹിപ്പിക്കുകയായിരുന്നു നീര്‍ചാല്‍ തേടുന്ന മാന്‍പേടയെ പോലെ. നിന്റെആര്‍ദ്രസ്‌നേഹത്തിന്റെകരവലയത്തില്‍എന്നെ ഏന്നേയ്ക്കുമായി ബന്ധിച്ചിരുന്നെങ്കില്‍എന്നു പലവുരുകൊതിച്ചുപോയി..

നമ്മുടെ പ്രണയത്തിന്റെആദ്യനാളുകളില്‍,സ്‌നേഹസക്രാരിക്കരികില്‍ ഞാന്‍ നിന്നെയുംകാത്തിരുന്നതും എനിക്ക് മുേമ്പ എത്തിഞാനറിയാതെ നീ ഒളിച്ചിരുന്ന്എന്നെ അമ്പരിപ്പിച്ചിരുന്നതും നീ ഓര്‍ക്കുന്നുവോ? മൗനത്തിന്റെവാചാലതയില്‍,ഒന്നും പറയാതെ, പെട്ടെന്ന് ഒരുനാള്‍,ജീവിതത്തിന്റെശൂന്യതകളില്‍ എന്നെ തനിച്ചാക്കി നീ മറഞ്ഞിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ച വിരഹത്തിന്റെ നോവ് ഇന്നും എനിക്ക് മറക്കാനാവുന്നില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെവീണ്ടും നീ ചാരത്തണഞ്ഞതും കണ്ടില്ലെന്ന് ഞാന്‍ നടിച്ചപ്പോള്‍ പരിഭവിച്ച് നീ ദൂരെമാറി നിന്നതും, അകന്നു പോകുവാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ ഓടി നിന്റെ അരികിലണഞ്ഞതും ,ഒന്നിച്ച് നാം ചാറ്റല്‍മഴ നനഞ്ഞതും ഇന്നും എന്റെ ഓര്‍മ്മചെപ്പില്‍ ഞാന്‍ സൂക്ഷിക്കുന്നുണ്ട്.

സ്‌നേഹത്തിന്റെ നിറമെന്തെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ രക്തവര്‍ണ്ണമാണെന്ന് പറഞ്ഞ് ക്രൂശാകൃതിയില്‍ ഒരു മരപലകമേല്‍ നിന്റെ ജീവരക്തംകൊണ്ട് നീ എഴുതി തന്ന ആ പ്രണയലേഖനം അതാണ് ഇന്നെന്റെ ജീവശ്വാസം.
സ്‌നേഹം മരണത്തേക്കാള്‍ ശക്തമെന്ന് ഞാന്‍ അനുഭവിച്ചതു നിന്നിലൂടെയാണ്. ഈലോകം എന്നെ നിന്നില്‍ നിന്നടര്‍ത്തി മാറ്റാന്‍ തുനിഞ്ഞപ്പോഴെല്ലാംസ്‌നേഹംതീര്‍ത്ത ക്രൂശില്‍കിടന്ന് നീ പിടഞ്ഞതും സ്‌നേഹജലത്തിനായി കേണതും ഇന്നും പ്രതിധ്വനിക്കുന്നുവെന്റെ ഹൃദയാന്തരാഴങ്ങളില്‍.

ഈ ലോകരൊക്കെയും എന്നെ തനിച്ചാക്കി അകന്നങ്ങ് പോയപ്പോഴും എന്റെ ഹൃദയകോണില്‍ നീ വിരിയിച്ച സ്‌നേഹത്തിന്റെ മഴവില്ലഴകായിരുന്നു എന്റെ പ്രത്യാശ.. ജീവിതത്തിന്റെ ഇരുള്‍വഴികളില്‍ ദിശയറിയാതെ ഏകയായ് നിന്ന വേളയില്‍ വിളിക്കാതെതന്നെ നീയെന്‍ നിഴലായി കൂടെവന്നു
..
ഇണങ്ങിയും പിണങ്ങിയും,പരിഭവം പറഞ്ഞും നടന്ന ആ നാളുകളില്‍ഒന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. നമ്മുടെ സ്‌നേഹനദി പ്രതിബ്ധമറിയാതെ ഒഴുകിക്കൊണ്ടെയിരിക്കുമെന്ന്..നമ്മുടെ സ്‌നേഹംസകലതുംസഹിക്കുമെന്നുംസകലത്തെയും അതിജീവിക്കുമെന്നും……. എന്റെജീവനാഥാഎന്റെ ,സ്‌നേഹം നിനക്ക് മാത്രമുള്ളതാണ്.വേറെയാരുംകവരാതെ നിനക്ക് വേണ്ടി മാത്രം ഞാന്‍ കാത്ത്‌സൂക്ഷിച്ച പ്രണയം..ക്ലേശമോ,ദുരിതമോ,പീഡനമോ പട്ടിണിേയാ, ആപത്തോ, മരണമോ,എന്തും വന്നുകൊള്ളട്ടെ,ഒന്നിനും നമ്മെ വേര്‍പ്പെടുത്താനാവില്ല..
എല്ലാക്കാലവും നിന്നോട്കൂടെ ആയിരിക്കൂവാന്‍ ,നിന്റെസ്‌നേഹത്തിനു മുമ്പില്‍ ആത്മാര്‍പ്പണം ചെയ്യുവാന്‍ എനിക്ക് തിടുക്കമായി. ആസ്‌നേഹതീരത്ത് നീ എന്നെയുംകാത്തിരിപ്പുണ്ടാവുമെന്ന വിശ്വാസത്തോടെ നിന്നെ മാത്രം ധ്യാനിച്ച്,നിന്റെ മാത്രമായ

നിന്റെ പ്രാണപ്രിയ

You must be logged in to post a comment Login