എന്റെ റിമോട്ട് ദൈവത്തിന്റെ കയ്യില്‍

എന്റെ റിമോട്ട് ദൈവത്തിന്റെ കയ്യില്‍

മൈന, കുംകി തുടങ്ങിയ ഹിറ്റ് തമിഴ് സിനിമകളുടെ സംവിധായകന്‍ പ്രഭു സോളമന്‍ തന്റെ ക്രിസ്തുവിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു.
“എന്റെ റിമോട്ട് ദൈവത്തിന്റെ കയ്യിലാണ്. ദൈവം പറയുന്നതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നു. സിനിമക്കാരനാണെങ്കിലും സിനിമ എന്റെ രണ്ടാമത്തെ ജോലി മാത്രമാണ്. ആദ്യത്തേതും ഏറ്റവും പ്രധാനവുമായ എന്റെ കടമ ക്രിസ്തുവിനെക്കുറിച്ച് പറയുകയും സുവിശേഷം പ്രഘോഷിക്കുക എന്നതുമാണ്.”

തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയരായ യുവസംവിധായകരിലൊരാളും മലയാളത്തിലും നിറഞ്ഞോടിയ മൈന, കുംകി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായ പ്രഭുസോളമന്റേതാണ് ഈ വാക്കുകള്‍..

ഒരിക്കല്‍ ജീവിതത്തിന്റെ ലഹരിപിടിച്ച വഴികളിലൂടെ സഞ്ചരിക്കുകയും ഇല്ലായ്മയുടെ വറുതികളില്‍ എരിയുകയും ചെയ്തിരുന്ന ഒരു കാലത്തുനിന്ന് ഇന്ന് ക്രിസ്തുമാത്രമാണ് ഏകദൈവമെന്നും ആദ്യം അവിടുത്തെ അന്വേഷിക്കുക ബാക്കിയെല്ലാം അവിടുന്ന് കൂട്ടിച്ചേര്‍ത്ത് തരും എന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന പരിണാമഘട്ടത്തിലാണ് പ്രഭുസോളമന്‍. ക്രിസ്തുവിനെ തന്റെ ജീവിതത്തിന്റെ അധിനാഥനും കേന്ദ്രബിന്ദുവുമായി പ്രതിഷ്ഠിച്ചതിന് ശേഷം പേരിനൊപ്പം സോളമനും ചേര്‍ത്ത് ക്രിസ്തുസാക്ഷ്യത്തിന്റെ പ്രതീകമായി സിനിമയില്‍ ജീവിക്കുകയാണ് ഇദ്ദേഹം..

സിനിമയില്‍ പലരും ക്രിസ്തുവിശ്വാസികളായുണ്ട്. പക്ഷേ പലരും അക്കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നേയുള്ളൂ. പ്രഭു സോളമന്‍ പറയുന്നു.

തമിഴ്‌നാട്ടിലെ നെയ്യ് വേലിയിലെ ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിലായിരുന്നു പ്രഭു സോളമന്റെ ജനനം. ബൈബിള്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും ഭൂരിപക്ഷം ക്രൈസ്തവരെയും പോലെ എടുത്ത് ഉപയോഗിക്കാത്ത അമൂല്യമായ ഒരു ഗ്രന്ഥമായിരുന്നു ബൈബിള്‍. റേഷന്‍ കാര്‍ഡും കറന്റ് ബില്ലും ഒക്കെ സൂക്ഷിച്ചുവയ്ക്കുന്ന സുരക്ഷിതമായ ഇടം കൂടിയായിരുന്നു അത്. വീട്ടുകാര്‍ വെറും ഞായറാഴ്ച ക്രിസ്ത്യാനികളും.

ടൗണിലെ ഏക സിനിമാതീയറ്ററില്‍ ആഴ്ച തോറും എത്തുന്ന സിനിമകളുടെ സ്ഥിരം പ്രേക്ഷകനായിരുന്നു അവന്‍. അങ്ങനെയാണ് സിനിമ ഒരു പാഷനായി മാറിയത്. സെന്റ് പോള്‍സ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ആദ്യകാലവിദ്യാഭ്യാസം. ചെന്നൈയില്‍ ആംഗലേയ സാഹിത്യത്തില്‍ നിന്ന് ബിരുദാനന്തരബിരുദം. അവസാനബെഞ്ചുകാരനായിരുന്നു അവന്‍ പഠനകാലത്തെന്നും.

അധികം വൈകാതെ തമിഴ്‌സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അക്കാലത്തെ പ്രഗത്ഭരായ അഗത്തിയന്റെയും സുന്ദര്‍സിയുടെയും അസിസ്റ്റന്റ്. ഇക്കാലയളവില്‍ വിവാഹം കഴിഞ്ഞു.സ്വതന്ത്രമായി സിനിമകള്‍ ചെയ്തുതുടങ്ങി. സിനിമ നല്കുന്ന ലഹരികള്‍ ജീവിതത്തെ കീഴ്‌പ്പെടുത്താനും.

പാന്‍പരാഗ് പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍… മദ്യം. വീട്ടില്‍ മദ്യപിച്ചെത്തുന്നത് ഒരു പതിവായി. അക്കാലത്ത് വീട്ടില്‍ ഭാര്യയും ആന്റിയും ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്നത് കാണുമ്പോള്‍ തനിക്ക് അസ്വസ്ഥതയായിരുന്നുവെന്നാണ് പ്രഭുവിന്റെ ഓര്‍മ്മ.

പ്രഭുവിന്റെ ജീവിതം ഇങ്ങനെ മാറിമറിയുമ്പോഴും ഭാര്യ പ്രാര്‍ത്ഥനയില്‍ ആശ്വാസം കണ്ടെത്തി.  മദ്യപിച്ചു വന്ന തനിക്ക് ഒരുവട്ടം പോലും വാതില്‍ തുറന്നുതരാതിരിക്കുകയോ പിണങ്ങിവീട്ടില്‍ പോവുകയോ ചെയ്തിട്ടില്ല എന്നാണ് ഭാര്യയെക്കുറിച്ചുള്ള പ്രഭുവിന്റൈ അനുസ്മരണം

.2003-2004 കാലമായപ്പോഴേയ്ക്കും സാമ്പത്തികപ്രതിസന്ധി രൂക്ഷഘട്ടത്തിലെത്തി. അന്ന് ഒരുപായ്ക്കറ്റ് പാലിന് ഏഴുരൂപയാണ് വില. അത് വാങ്ങി മകള്‍ക്ക് കൊടുക്കാന്‍ പോലും കഴിയാതെ പോയ നിസ്സഹായകാലം. പ്രഭു നിസ്സഹായത പങ്കുവച്ചു.

ഭൂമിയിലേക്ക് ജനിച്ചുവീഴുന്ന എല്ലാവര്‍ക്കും ഒരാഗ്രഹമേയുള്ളൂ.വിജയിയാകണം.പക്ഷേ വിജയിക്കുന്നവര്‍ വളരെ കുറച്ച് പേരാണ്. ഒരു ക്ലാസില്‍ പരീക്ഷയെഴുതിയാല്‍ അമ്പതുപേരില്‍ ജയിക്കുന്നത് നാല്പതുപേരായിരിക്കും. അവരില്‍ ഒന്നോ ചിലപ്പോള്‍ രണ്ടോ പേര്‍ മാത്രമായിരിക്കും  ഒന്നാമതെത്തുന്നത്…താന്‍ തോറ്റുപോവുകയാണോ എന്ന ചിന്ത പ്രഭുവിനെ കീഴ്‌പ്പെടുത്തി.

അത്തരം ദിനങ്ങളിലാണ് പ്രഭു കൃത്യമായും വ്യക്തമായും ദൈവത്തിന്റെ സ്വരം കേട്ടത്.

“ഞാന്‍ നിന്നെ കൈവെടിയുകയില്ല.. ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു.. നീ എനിക്ക് ബഹുമാന്യനും പ്രിയങ്കരനുമാണ്..” അന്ന് പ്രഭുസോളമന്‍ ബൈബിള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കരഞ്ഞു. അന്ന് പുതിയൊരു പ്രഭു സോളമന്‍ ജനിക്കുകയായിരുന്നു. ക്രിസ്തു തന്നെ അനാഥനായി വിടുകയില്ലെന്ന ഉറച്ചവിശ്വാസം പ്രഭുസോളമനെ ഇന്ന് വഴിനടത്തുന്നു.

പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍ താന്‍ വിജയിയായി ഗണിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് പ്രഭുവിന് ഉത്തരമൊന്നേയുള്ളൂ.ദൈവത്തിന്റെ കൃപ.. ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭമെന്ന് പ്രഭു അറിയുന്നു.

പ്രാര്‍ത്ഥിക്കാതെ ഞാനൊന്നും ചെയ്യാറില്ല..എത്ര തിരക്കില്‍ നിന്നാണ് വരുന്നതെങ്കിലും പ്രാര്‍ത്ഥിക്കും.എത്ര തിരക്കിലേക്കാണ് പോകുന്നതെങ്കിലും പ്രാര്‍ത്ഥിക്കും.ദൈവത്തെ ഭയപ്പെടുക.. അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ദൈവമാണ് തനിക്ക് ഓരോ ചിന്തകള്‍ നല്കുന്നതെന്ന് പ്രഭു ഉറച്ചുവിശ്വസിക്കുന്നു. കുംകിയും മൈനയും ചിത്രീകരണത്തിനിടയില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട സിനിമകളായിരുന്നു.. അതിലെ ഓരോ ഷോട്ടും ദൈവം പറഞ്ഞതനുസരിച്ച് വച്ചവയാണ്. കുംകിയില്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ആനയും പ്രധാനവേഷം ചെയ്യുന്നുണ്ട്.. കുറെയധികം ദിവസങ്ങള്‍ ആനയുടെ ഭാഗം ഷൂട്ട് ചെയ്യാനുമുണ്ടായിരുന്നു..ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മനസ്സിലാവുന്നത് ആനയ്ക്ക് മദപ്പാടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി..

പക്ഷേ ഇക്കാര്യം മറ്റാരെയും അറിയിക്കാതെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഷൂട്ടിംങ് പൂര്‍ത്തിയാക്കാനായത് ദൈവത്തില്‍ മാത്രം ആശ്രയിച്ചു നീങ്ങിയതുകൊണ്ടായിരുന്നു..സകലത്തിന്റെയും സ്രഷ്ടാവായ ദൈവം കൂടെയുള്ളപ്പോള്‍ നാം എന്തിനാണ് ഭയക്കുന്നത്?

ഇതുപോലെയുള്ള അനേകം അനുഭവങ്ങള്‍ ഓരോ സിനിമചിത്രീകരണത്തിലും ഉണ്ടായിട്ടുണ്ട്.ഒരിക്കലും ക്രിസ്തുവിന് ഇഷ്ടമില്ലാത്ത, ആഭാസകരമോ അശ്ലീലമോ ആയ ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യില്ല. പ്രഭു ഉറപ്പിച്ചുപറഞ്ഞു.

ഞാന്‍ മരിച്ചവനായിരുന്നു. പക്ഷേ യേശു എന്റെ കൈപിടിച്ച് എന്നെ രക്ഷിച്ചിരിക്കുന്നു.. ഈ തിരിച്ചറിവില്‍ ഇന്ന് പലയിടങ്ങളിലും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കാനായി തിരക്കേറിയ തന്റെ സമയം പ്രഭു സോളമന്‍ നീക്കിവച്ചിരിക്കുന്നു.

പ്രാര്‍ത്ഥനയെക്കുറിച്ചുള്ള നമ്മുടെ അബദ്ധധാരണകളെയും സ്വാര്‍ത്ഥതയെയും പ്രഭുസോളമന്‍ വെല്ലുവിളിക്കുന്നത് ഇങ്ങനെയാണ്. എനിക്ക് കാര്‍ വേണം, വീടു വേണം, ജോലി വേണം..ക്രിസ്തുവിനോട് നമ്മള്‍ പലരും ആവശ്യപ്പെടുന്നത് ഇതാണ്. പക്ഷേ ഞാന്‍ ക്രിസ്തുവിനോട് പറയുന്നത് ഇതാണ് എനിക്ക് നിന്റെ സാന്നിധ്യം മതി.. എല്ലാവര്‍ക്കും കാര്യസാധ്യത്തിന് ക്രിസ്തുവിനെ മതി..അങ്ങനെയുള്ളവര്‍പോലും ക്രിസ്തുവിനോടൊപ്പം സഞ്ചരിക്കാന്‍ തയ്യാറാകുന്നില്ല. ക്രിസ്തുവാണ് എന്റെ ബിസിനസ് പാര്‍ട്ട്ണര്‍.യേശുവിന്റെ ഒപ്പം നില്ക്കുന്നതുകൊണ്ടാണ് യേശു എന്നെ ആശീര്‍വദിക്കുന്നത്.

പ്രഭു സോളമന്‍ നമ്മോട് ചോദിക്കുന്നു, വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യം.

ആര്‍ യൂ ലീവിംങ് വിത്ത് ജീസസ്?
ബിജു

 

You must be logged in to post a comment Login