എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍…

സായാഹ്നം
മംഗലപ്പുഴ സെമിനാരിയിലെ ചാപ്പല്‍. അവിടെ പ്രാര്‍ത്ഥനാപൂര്‍വ്വം മുട്ടുകുത്തി നില്ക്കുകയായിരുന്നു ഡീക്കന്‍ മാത്യു ആശാരിപ്പറമ്പില്‍.

ഏതാനും ആഴ്ചകളേയുള്ളൂ ഇനി വൈദികാഭിഷേകത്തിന്. മനസ്സിലൂടെ പല വിധ ചിന്തകള്‍ കടന്നുപോയി..ആകുലതകള്‍.. ആശങ്കകള്‍..

ദൈവമേ! ആത്മാവിന്റെ അഗാധതയില്‍ നിന്നെന്നോണം നിലവിളി ഉയര്‍ന്നു. അതിനിടയില്‍ മനസ്സിലേക്ക് ഒരു വരി കടന്നുവന്നു.

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായി കാത്തിരിപ്പൂ.

ക്രിസ്തുവിനെ സ്വീകരിക്കാന്‍ യോഗ്യതയില്ലാതിരുന്നിട്ടും അവന്റെ വരവിനായി മറ്റാരെക്കാളും ആഗ്രഹത്തോടെ കാത്തിരിക്കുന്ന സക്കേവൂസിനെക്കുറിച്ചുള്ള ചിന്തയായിരുന്നു അതിന്റെ പ്രേരകം. ക്രിസ്തുവിനെ ഒന്ന് കാണുകയെങ്കിലും ചെയ്യുന്നതിനായി സിക്കമൂര്‍ മരത്തില്‍ കയറിയിരിക്കുന്ന സക്കേവൂസും താനും തമ്മില്‍ വലിയ ഭേദമില്ലെന്നും ഡീക്കന്‍ മാത്യു ആശാരിപ്പറമ്പിലിന് തോന്നി. അപ്പോള്‍ അടുത്ത വരി ഇങ്ങനെ വാര്‍ന്നുവീണു

എന്‍ നാമമൊന്നു നീ വിളിക്കുവാനായി ആശയോടെന്നും ഞാന്‍ കാത്തിരിപ്പൂ

മലയാള ക്രൈസ്തവഭക്തിഗാനശേഖരങ്ങളില്‍ കവിത്വവും ഭക്തിയും തിയോളജിയും എല്ലാം ഒത്തിണങ്ങിയിട്ടുള്ള അപൂര്‍വ്വം ചില ഗാനങ്ങളുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെടുന്ന എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ എന്ന ഭക്തിഗാനത്തിന്റെ പിറവി ഇങ്ങനെയായിരുന്നു.

1984 ല്‍ തരംഗിണിക്കു വേണ്ടി പുറത്തിറക്കിയ സ്‌നേഹപ്രവാഹം എന്ന കാസറ്റിലേതായിരുന്നു ഈ മനോഹരഗാനം. ഫാ. ജസ്റ്റിന്‍ പനയക്കലിന്റേതായിരുന്നു ഈണം. സെമിനാരിവിദ്യാര്‍ത്ഥികളായിരുന്നു ആ കാസറ്റിലെ എല്ലാ ഗാനങ്ങളും രചിച്ചിരുന്നത്. ഫാ. മാത്യു ആശാരിപ്പറമ്പിലിന്റേതായി കാസറ്റില്‍ വന്ന ആദ്യഗാനവും ഇതുതന്നെയായിരുന്നു.

എന്റെ പാട്ടുകള്‍ എല്ലാം പ്രാര്‍ത്ഥനകളാണ്. പ്രാര്‍ത്ഥനയില്‍ എനിക്ക് കിട്ടിയ ദൈവികവെളിപാടുകളാണ് പാട്ടുകളായി മാറുന്നത്. വര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിന്ന് ആശാരിപ്പറമ്പിലച്ചന്‍ പറയുന്നു.

സ്‌നേഹ പ്രവാഹത്തിന് ശേഷം 1985 ല്‍ സ്‌നേഹസന്ദേശം എന്ന കാസറ്റ് ഇറങ്ങി. ഇതില്‍ മൂന്നു ഗാനങ്ങളാണ് അച്ചന്റേതായി പുറത്തുവന്നത്. നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍, ഉണര്‍ത്തേണമീ, കണ്ണീരും.. എന്നിവയായിരുന്നു അവ. യേശുദാസാണ് ഈ ഗാനങ്ങള്‍ പാടിയത്.

ആത്മീയതയിലേക്കുള്ള തിരിച്ചുനടപ്പായിരുന്നു പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അമ്മ മടിയിലിരുത്തി കുരിശുവരപ്പിച്ച സസന്ധ്യകളും എന്ന അതിമനോഹര ഗാനം. ഏതൊരു കത്തോലിക്കന്റെയും ഗൃഹാതുരത ഉണര്‍ത്താന്‍ സഹായകരമായിരുന്നു ഈ ഗാനം. സിബിച്ചന്‍ ഇരിട്ടിയായിരുന്നു സംഗീതസംവിധായകന്‍.

1993 ല്‍ പുറത്തിറക്കിയ നാഥാ കൂടെ വരേണമേ എന്ന കാസറ്റിലേതാണ് ഗാനം. അതിലെ പന്ത്രണ്ട് ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഒരു ഭക്തിഗാനത്തെ അനശ്വരമാക്കുന്നതില്‍ അല്ലെങ്കില്‍ മനസ്സില്‍ പാട്ടുകള്‍ തങ്ങിനില്ക്കണമെങ്കില്‍ അതിന് ചില ഘടകങ്ങള്‍ കൂടി ആവശ്യമാണെന്ന് അച്ചന്‍ വിശ്വസിക്കുന്നു.

പ്രാര്‍ത്ഥിക്കാനും പാടാനും കഴിയണം. വരികളില്‍ കവിത്വം ഉണ്ടാകണം, പോസിറ്റീവായ സൃഷ്ടിയാകണം.. മുന്നോട്ടുനടക്കാന്‍ പ്രേരിപ്പിക്കുന്നവയാകണം. ഇന്ന് മിക്കഗാനങ്ങളും കവിത്വമില്ലാത്തവയും ഉപകരണങ്ങളുടെ ഘോരശബ്ദം കൊണ്ട് ശ്രദ്ധ ക്ഷണിച്ചുവരുത്തുന്നവയുമാണെന്ന് അച്ചന്‍ സങ്കടത്തോടെ പറയുന്നു.

ദൈവം നമ്മോടുകൂടെ(1990) മനാസേ (2005) എന്നിവയിലെല്ലാം അച്ചന്റെ പാട്ടുകളുണ്ട്. ഇതിനകം നൂറിലധികം പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും തന്റെ ജീവിതവുമായി ഏറ്റവും അടുത്തുനില്ക്കുന്നതും അതിനാല്‍ തന്നെ ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്നതുമായ ഗാനം സമീപകാലത്തിറങ്ങിയ കെടാവിളക്ക് എന്ന സിഡിയിലെ ഗാനമാണെന്ന് ആശാരിപ്പറമ്പിലച്ചന്‍ പറയുന്നു.

ശിരസില്‍ മുള്‍മുടി ഇല്ലെങ്കിലും ഞാനും നടക്കുന്നു കുരിശിന്റെ വഴിയെ, തോളില്‍ മരക്കുരിശില്ലെങ്കിലും ഞാനും കയറുന്നു കാല്‍വരി എന്ന ഗാനത്തിന് തന്റെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു.

മലയാള ക്രൈസ്തവഭക്തിഗാനശാഖയെ മൂന്നു ഘട്ടങ്ങളായി തിരിക്കാമെങ്കില്‍ ഓരോ ഘട്ടത്തിലും തനിക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളും ഗാനരചയിതാക്കളുമുണ്ടെന്ന് അച്ചന്‍ പറയുന്നു. ആദ്യകാലത്ത് ആബേലച്ചന്റെ ഗാനങ്ങളാണ് ഏറെ ശ്രദ്ധേയം. പ്രത്യേകിച്ച് ഈശ്വരനെതേടി ഞാനലഞ്ഞു തുടങ്ങിയ ഗാനങ്ങള്‍. മധ്യകാലഘട്ടത്തില്‍ തിരുനാമകീര്‍ത്തനം
പോലെയുള്ള പനച്ചിക്കലച്ചന്റെ ഗാനങ്ങള്‍. അടുത്തകാലത്ത് കേട്ടഗാനങ്ങളില്‍ ബേബി ജോണ്‍ കലയന്താനിയുടെ ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം ഏറെ ശ്രദ്ധേയമായി തോന്നി. അതുപോലെ തുമ്പേച്ചിറ അച്ചന്റെ ഗാനങ്ങളും. അച്ചന്‍ വ്യക്തമാക്കി.

കവിതാത്മകമായ രചനകള്‍ക്കേ നിലനില്ക്കാന്‍ കഴിയൂ. ഫാ. മാത്യു ആശാരിപ്പറമ്പില്‍ ആവര്‍ത്തിച്ചുപറയുന്നു.അതെ, ഫാ. മാത്യു ആശാരിപ്പറമ്പിലിന്റെ ഗാനങ്ങള്‍ ഇന്നും നിലനില്ക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലും ഒരു കാരണമേയുള്ളൂ. കവിത്വം. കവിത്വമുണ്ടാവണമെങ്കില്‍ കവിയായിരിക്കണം.കവിയല്ലാത്തതും കവിത്വമില്ലാത്തതുമാണ് ക്രൈസ്തവഭക്തിഗാനശാഖയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ കാരണം.

You must be logged in to post a comment Login