എല്ലാ ക്ലാസ് മുറിയിലും കുരിശ്, വിദ്യാര്‍ത്ഥികള്‍ മുസ്ലീം, ഹെഡ്മാസ്റ്റര്‍ ഇടവകവികാരി, ജെറീക്കോയിലെ കത്തോലിക്കാസ്‌കൂള്‍ വിശേഷങ്ങള്‍

എല്ലാ ക്ലാസ് മുറിയിലും കുരിശ്, വിദ്യാര്‍ത്ഥികള്‍ മുസ്ലീം, ഹെഡ്മാസ്റ്റര്‍ ഇടവകവികാരി, ജെറീക്കോയിലെ കത്തോലിക്കാസ്‌കൂള്‍ വിശേഷങ്ങള്‍

ജെറീക്കോ: ജെറീക്കോയിലെ ഈ സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളിലും ക്രൂശിതരൂപം തൂക്കിയിട്ടുണ്ട്. നാലു മുതല്‍ 16 വരെ പ്രായമുള്ള 580 കുട്ടികളാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍. അതില്‍ 38 പേര്‍ മാത്രമേ ക്രൈസ്തവരായിട്ടുള്ളൂ. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മുസ്ലീങ്ങളാണ്. ഇടവകവികാരിയാണ് ഹെഡ്മാസ്റ്റര്‍. വിശുദ്ധ നാട്ടിലെ ജെറീക്കോയിലെ വെസ്റ്റ് ബാങ്കിലുള്ള ഫ്രാന്‍സിസ്‌ക്കന്‍സിന്റെ അധീനതയിലുള്ള സ്‌കൂളിന്റെ കാര്യമാണ് പറയുന്നത്.

1950 ല്‍ സ്ഥാപിച്ചതാണ് ഈ സ്‌കൂള്‍. പാലസ്തീന്‍ പാഠ്യപദ്ധതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. മുസ്ലീം മാതാപിതാക്കള്‍ വളരെ സന്തോഷത്തിലാണ് തങ്ങളുടെ മക്കളെ ഇവിടേയ്ക്ക് അയ്ക്കാന്‍. മുസ്ലീങ്ങളും ക്രൈസ്തവരും തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഈ സ്‌കൂള്‍.

വിദ്യനല്കുക എന്നകാര്യത്തിനാണ് ഇവിടെ പ്രാമുഖ്യമുള്ളത്. പരസ്പര ബഹുമാനത്തോടും സഹകരണത്തോടും കൂടി ജീവിക്കണമെന്നാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്ഥലത്തെ ഇമാം സ്‌കൂളിനെക്കുറിച്ച് പറയുന്നു.

43 അധ്യാപകരാണ് ഇവിടെയുള്ളത്. അതില്‍ 28 പേരും മുസ്ലീങ്ങളാണ്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ തമ്മിലും ആരോഗ്യപരമായ ബന്ധമാണുള്ളത്.

ജെറീക്കോയില്‍ ഏകദേശം 32,000 മുസ്ലിങ്ങളും 500 ക്രൈസ്തവരുമാണുള്ളത്. ഇമാമും വികാരിയച്ചനും സുഹൃത്തുക്കളാണ്. ഇരുവിഭാഗങ്ങളുടെയും ആഘോഷങ്ങളില്‍ രണ്ടുകൂട്ടരും പൂര്‍ണ്ണമനസ്സോടെ പങ്കെടുക്കുന്നു.

അടുത്തയിടെ ഒരു മുസ്ലീം ബാലന്റെ അമ്മ എന്നോട് പറഞ്ഞു, അവരുടെ മകന്‍ പറഞ്ഞുവത്രെ അവന് രണ്ട് അച്ഛന്മാരുണ്ടെന്ന്..ഒന്ന് വീട്ടില്‍ അവന്റെ ബാപ്പ. രണ്ട് ഇവിടെ ഞാന്‍. സ്‌കൂള്‍ മാനേജര്‍ ഫാ. മാരിയോ ചിരിക്കുന്നു. സ്നേഹം മാത്രമേ എല്ലാ അതിരുകളും മായ്ച്ചുകളയുകയും സംശയങ്ങളും തെറ്റിദ്ധാരണകളും അകറ്റുകയും ചെയ്യുകയുള്ളൂ. അച്ചന്‍ പറഞ്ഞു.

മതത്തിന്റെയും ജാതിയുടെയും പേരു പറഞ്ഞ് തമ്മില്‍ തല തല്ലുന്നവര്‍ ഈ സ്‌കൂളിനെ കണ്ടുപഠിക്കട്ടെ.

You must be logged in to post a comment Login