ഭാര്യ എംസിജെ ബിരുദധാരിയായതുകൊണ്ട് എന്നോട് പലരും ചോദിക്കാറുണ്ട് അവള് വായനയിലൂടെ ഇഷ്ടപ്പെട്ടതിന് ശേഷം എന്നെ വിവാഹം കഴിച്ചതാണോയെന്ന്.. അവള് എഴുത്തിന് വലിയ പ്രോത്സാഹനം നല്കുന്നുണ്ടായിരിക്കുമല്ലോയെന്ന്.. അവള് എഴുത്തുകാരിയാണോയെന്ന്..
മൂന്നു സംശയങ്ങള്‍ക്കും ഇല്ല എന്നാണ് ഉത്തരം. അതെ, ആരാധികയല്ലാത്ത ഭാര്യയാണെന്റേത്. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് അവള് ആദ്യമായി എന്റെ ഒരു ബുക്ക് വായിക്കുന്നത്. മഴ അപ്പോഴും പെയ്തു തോര്ന്നിരുന്നില്ല. വായിച്ചിട്ട് വേണമെങ്കില്‍ ഒഴിഞ്ഞുപൊയ്ക്കൊള്ളട്ടെ എന്ന ഉദാരമനസ്സോടെയായിരുന്നു ഞാനത് അയച്ചുകൊടുത്തത്.
എന്റെ ആരോഗ്യസ്ഥിതിയും അസുഖവിവരങ്ങളും ഞങ്ങളുടെ കുടുംബപശ്ചാത്തലവും എല്ലാം പ്രതിപാദിക്കുന്ന ഒരു പുസ്തകമായിരുന്നു അത്. എന്തോ ഞാന്‍ പ്രതീക്ഷിച്ചതിലും വിരുദ്ധമായാണ് സംഭവിച്ചത്. അവള്‍ക്കതൊന്നും പ്രശ്നമായിരുന്നില്ല.. അങ്ങനെയാണ് അവള് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
വിവാഹശേഷവും എന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ അവള് അതിരുകടന്ന ആവേശമൊന്നും പ്രകടിപ്പിച്ചിട്ടുമില്ല. എന്തിനേറെ ഞാന്‍ വലിയ പ്രതീക്ഷയോടും സന്തോഷത്തോടും കൂടിയാണ് വിവാഹശേഷം എഴുതി പ്രസിദ്ധീകരിച്ച പറയാതെപോകുമ്പോള് അറിയാതെ പോകുന്നത് അവള്‍ക്കായി സമര്‍പ്പിച്ചത്. അതിന്റെ ആദ്യകോപ്പി അവള്‍ക്ക് വച്ചുനീട്ടിയപ്പോള്‍ പോലും അത് തുറന്നുനോക്കി മേശപ്പുറത്ത് വച്ചതിന്ശേഷം അവള് അവളുടേതായ തിരക്കിലേക്ക് കടക്കുകയാണ് ചെയ്തത്.
ഒരു ഭര്‍ത്താവ് എന്ന നിലയിലും ഗ്രന്ഥകാരന് എന്ന നിലയിലും ആ പ്രതികരണം എന്നെ നിരാശനും സങ്കടഭരിതനുമാക്കി എന്ന് പറയാതിരിക്കാനാവില്ല. എങ്ങനെയൊക്കെയാണ് മനസ്സ് പോയതെന്ന് നിശ്ചയമില്ല..
പിന്നീട് എപ്പോഴോ ഞാനറിഞ്ഞു, വീട്ടുജോലിക്കിടയില്‍ സമയം കിട്ടുമ്പോഴൊക്കെ അവള് എന്റെപുസ്തകങ്ങള് വായിക്കുന്നുണ്ട്.. അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സില്‍ കുറിച്ചിടുന്നുണ്ട്..ചില വിഷയങ്ങളെക്കുറിച്ച് ഞാനെഴുതിയത് വായിച്ചിട്ട് അവള് പറയും, ഇത് ആവര്‍ത്തനമാണ്. ആ ബുക്കില്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. വായനക്കാരെ വെറുതെ ബോറടിപ്പിക്കരുത് എന്നൊക്കെ.
എന്റെ ഉള്ളില്‍ ചിലകാര്യങ്ങളുണ്ട്. അത് നേരത്തെ എഴുതിയിരുന്നോ എന്ന് ഓര്‍മ്മയില്ലാത്തതുകൊണ്ടാണ് അത് എഴുതിയിട്ടില്ലായിരിക്കാം എന്ന വിചാരത്തോടെ വീണ്ടും എഴുതുന്നത്.
വിശുദ്ധരെക്കുറിച്ചുള്ള ചില വിവര്‍ത്തനകൃതികള്‍ എഴുതിയപ്പോള്‍ അവള് പറഞ്ഞു
വിശുദ്ധരൊക്കെ നല്ലവര്‍ തന്നെ..അവരെക്കുറിച്ച് എഴുതുന്നതും നല്ലതുതന്നെ. പക്ഷേ അതെഴുതാന്‍ വിനായക് നിര്‍മ്മല്‍ വേണമെന്നുണ്ടോ? വിനായക് നിര്‍മ്മലില്‍ നിന്ന് ഇതാണോ വായനക്കാര്‍ പ്രതീക്ഷിക്കുന്നത്?
ചില വായനക്കാര്‍ തന്നെ എന്നോട് നേരിട്ട് പറഞ്ഞിരുന്ന കാര്യമായിരുന്നു അത് എന്നതിനാല്‍ അവളുടെ ചിന്താഗതി എന്നെ അത്ഭുതപ്പെടുത്തി.
ജോലിയുടെ ഭാഗമായി ചില ഫീച്ചറുകള്‍ ചെയ്യേണ്ടിവരുമ്പോള്‍ ഇഷ്ടമില്ലാത്തതിനെ മുഖം നോക്കാതെ വിമര്‍ശിച്ചിട്ട് അവള് ചോദിക്കും, എന്തിനാ ഇതൊക്കെ ചെയ്യാന്‍ പോകുന്നെ?ഇതത്ര നല്ലതൊന്നുമല്ല..
എന്റെ കഴിവ് എന്താണെന്നും അതിനെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും കൃത്യമായി വിലയിരുത്താന്‍ കഴിയുന്ന ഒരാളുടെ നിരീക്ഷണമായിരുന്നു അത്.
പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എഴുതിയത് വായിക്കാന്‍ ആര്‍ക്കും കൊടുക്കുന്ന ശീലം അന്നും ഇന്നും എനിക്കില്ല. പിന്നെ അപൂര്‍വ്വമായി ചിലത് സംഭവിച്ചിട്ടുണ്ടെന്ന് മാത്രം. അതിലൊന്നാണ് പകല്‍ വരുന്നു രാത്രിയും എന്ന പുസ്തകത്തിലെ കേള്‍ക്കാതെ പോയവളുടെ സംഗീതം എന്ന ലേഖനം.
അത് എഴുതിയിട്ട് ഞാനവള്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നു. വായിക്കാന്‍ കൊടുത്തതിന് പിന്നില്‍ എനിക്ക് ചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. പക്ഷേ അവള് പ്രതികരിച്ചത് ഇങ്ങനെയാണ്. എഴുത്ത് നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും തുറന്നെഴുതുമ്പോള്‍ അത് വിനായക് നിര്‍മ്മല്‍ എന്ന എഴുത്തുകാരനോടുളള വായനക്കാരുടെ ഇഷ്ടം കുറയ്ക്കുമോ? സൗന്ദര്യം നോക്കി മാത്രം ഒരു വ്യക്തിയെ സ്നേഹിക്കുന്നവനാണെന്ന് അവര്‍ക്ക് തോന്നുമോ?
പിന്നെ എന്നോട് വ്യക്തിപരമായി ചോദിച്ചു. സൗന്ദര്യം നോക്കി മാത്രം ഇഷ്ടപ്പെടുന്നതിനെ സ്നേഹമെന്ന് പറയാന്‍ കഴിയുമോ? അപ്പോള്‍ ഒരിക്കലും ആ പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നില്ല എന്നുതന്നെയല്ലേ അര്‍ത്ഥം?
ഞാന്‍ പറഞ്ഞു, സ്നേഹിച്ചിരുന്നു, പക്ഷേ കാണാമറയത്തിരുന്ന് എനിക്ക് കൃത്രിമമായ ഇമേജ് നല്കി എന്നെ വിഡ്ഢിയാക്കിയതാണ്..
അത് പൂര്‍ണ്ണമാക്കാന്‍ അവള് സമ്മതിച്ചില്ല .സ്നേഹം പിടിച്ചുപറ്റാനുള്ള ആ കുട്ടിയുടെ മനസ്സിന്റെ ചില ചാപല്യങ്ങളായിരുന്നു, സങ്കല്പങ്ങളായിരുന്നു കാവ്യയും മീരാ ജാസ്മീനും എല്ലാം. .പിന്നെ ദീര്‍ഘനിശ്വാസത്തോടെ അവള് പറയുന്നത് ഞാന്കേട്ടു.
ഞാന്‍ ആ കുട്ടിയുടെ ഭാഗത്താണ്. എന്തോ എനിക്കതിനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു.
നിദ്ര വായിച്ചിട്ട് കിട്ടിയ ആദ്യ അഭിപ്രായം അവളുടേതായിരുന്നു. വിനായക് നിര്‍മ്മലിന്റെ ഏറ്റവും നല്ല പുസ്കം. വ്യത്യസ്തയുള്ള കൃതി. പിന്നെ എന്നെ ആലിംഗനം ചെയ്ത് അവള് പറഞ്ഞു.
നന്ദിയുണ്ട്..വളരെ സന്തോഷവും. പുഴയറിയാതെ കുളിച്ച്കയറുന്ന ഒരാളായി എന്നെക്കുറിച്ച് അതില്‍ എഴുതിയല്ലോ.. എല്ലാവര്ക്കും നന്ദിപറഞ്ഞ് എഴുതിയത് വായിച്ചപ്പോ എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. എന്നെ മനസ്സിലാക്കിയിട്ടില്ലല്ലോയെന്ന്..പക്ഷേ ഒടുവില്‍ എന്റെ പേരും കണ്ടപ്പോ എനിക്ക് മനസ്സിലായി എന്നെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന്.. ഇതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട..
വായനക്കാരുടെ ഫോണ്‍വിളികളുടെയും എസ്എംഎസുകളുടെയും കത്തുകളുടെയും എല്ലാം വിശേഷം പറയുന്ന കൂട്ടത്തില്‍ ഞാനൊരിക്കല്‍ തമാശയെന്ന മട്ടില്‍ അവളോട് ചോദിച്ചു
നിനക്ക് എന്നോട് ആരാധന തോന്നുന്നില്ലേ? ഞാനൊരു പ്രസ്ഥാനമല്ലേ?
പ്രസ്ഥാനമല്ല കണ്ട്രിയാ.. തിരിച്ചടിച്ചിട്ട് അവള് പറഞ്ഞ മറുപടി ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായിരുന്നു.
ഞാന്‍ ആരാധികയല്ല.. ഒരു ഭാര്യയാണ്.. വിനായക് നിര്‍മ്മല്‍ എനിക്ക് എഴുത്തുകാരനല്ല.. എന്റെ ഭര്‍ത്താവാണ്..
അതെ, പുറംമോടികളോ ബാഹ്യാലങ്കാരങ്ങളോ പ്രലോഭിപ്പിക്കാതെ ആന്തരികസൗന്ദര്യമെന്ന ഒരേയൊരു ഘടകം മാത്രം നോക്കി വിവാഹിതയാകാന്‍ സന്നദ്ധയായ ഒരുവള്‍ക്ക് പറയാന്‍ കഴിയുന്ന മറുപടി.
ഒരു ആരാധികയ്ക്ക് നല്ല ഭാര്യയാകാന്‍ കഴിയില്ല. അവള് വിവാഹം കഴിക്കുന്നത് ഒരു വിഗ്രഹത്തെയാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട കഴിവുകളുള്ള ഒരു വിഗ്രഹത്തെ.. വിഗ്രഹങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞുപോകാം. പിന്നെ കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുകയുമില്ല..
ആരാധികയല്ലാത്ത ഭാര്യയെ തന്നതിന് ദൈവത്തിന് നന്ദി.
വിനായക് നിര്‍മ്മല്‍
You must be logged in to post a comment Login