എവിടെയാണ് പേരുള്ളത്?

എല്ലാവര്‍ക്കും പേരുണ്ട്.. എവിടെയെങ്കിലുമൊക്കെ പേരു പതിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യവും. അതിനു വേണ്ടിയാണ് നമ്മുടെ ഓരോ ശ്രമങ്ങളും.  പേരു ചേര്‍ക്കല്‍  ഔദ്യോഗികമായ കാര്യം കൂടിയാണ്. വോട്ടേഴ്‌സ് ലിസ്റ്റില് പേരു ചേര്‍ക്കുന്ന സമയമാണല്ലോ ഇത്..
പേരു ചേര്‍ക്കാന്‍ വേണ്ടി ഗര്‍ഭിണിയായ മറിയത്തെയും കൊണ്ട്  ബദ്‌ലഹേമിലേക്ക് യാത്രയായ ജോസഫിനെ നാം ബൈബിളില്‍ വായിക്കുന്നുണ്ട്..  ഔദ്യോഗികതലങ്ങളില്‍ പേരു ചേര്‍ക്കപ്പെടാതെ പോവുകയാണെങ്കില്‍ അവിടെ നിന്നു ലഭിക്കേണ്ട  നിയമപരിരക്ഷയോ സൗജന്യമോ നമുക്ക് ലഭിക്കാതെ പോകുന്നു. പേരു ചേര്‍ക്കപ്പെട്ട ലിസ്റ്റുകള്‍ നമുക്ക് ചില ഉറപ്പുകള്‍ നല്കുന്നുണ്ട്.

ഇനി വേറൊരു കാര്യം. ഗിന്നസ് ബുക്കില്‍ കയറിക്കൂടാന്‍ വേണ്ടിയുള്ള ചില ശ്രമങ്ങളെക്കുറിച്ച് ഓര്‍ത്തുപോകുന്നു. അസാധാരണമായി  എന്തെങ്കിലും ചെയ്ത് അവിടെ പേരു ചേര്‍ക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ അവര്‍ ചെയ്യുന്ന ഈ സാഹസപ്രവൃത്തികൊണ്ട് സമൂഹത്തിന് എന്തെങ്കിലും നന്മ ഉണ്ടാകുന്നുണ്ടോ?  അവര്‍ക്ക് തന്നെ ഉപകാരപ്പെടുന്നുണ്ടോ? ഉദാഹരണത്തിന് പല്ലുകൊണ്ട് തേങ്ങ പൊളിക്കുന്നു, അല്ലെങ്കില്  നൂറ് ഇഡ്ഢലി ഒറ്റയടിക്ക് കഴിക്കുന്നു. ഇതുകൊണ്ട്  സമൂഹത്തിന് എന്തെങ്കിലും നന്മകള്‍ ലഭിക്കുന്നുണ്ടോ?

ഇനി വേറൊരു കൂട്ടരുണ്ട് എന്തെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ട് അതിന്റെ വാര്‍ത്ത പ്രസിദ്ധപ്പെടുത്തി പേര്  സമ്പാദിക്കുന്നു.  എല്ലാവരുടെയും മുന്നില്‍ നല്ലവനായി അറിയപ്പെടണം.. നല്ലവനെന്ന് പറയിപ്പിക്കണം.ഇതിനാണ് അവര്‍ ശ്രമിക്കുന്നത്.  ഇങ്ങനെ ഭൂമിയില്‍ ഏതെല്ലാം തരത്തില്‍ പേര് സമ്പാദിക്കാന്‍ ശ്രമിച്ചാലും ആ പേരൊക്കെ തേഞ്ഞുമാഞ്ഞുപോകും എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഒരിടത്ത് മാത്രമേ എഴുതപ്പെടുന്ന പേരുകള്‍ മാഞ്ഞുപോകാതെയിരിക്കുന്നുള്ളൂ. സ്വര്‍ഗ്ഗത്തിലാണത്. സ്വര്‍ഗ്ഗത്തില് പേര് എഴുതിവയ്ക്കപ്പെടാന്‍ മാത്രമുള്ള ജീവിതമാണ് നാം നയിക്കേണ്ടത്.. ഭൂമിയില്‍  പേര് നേടിയെടുക്കാന് വേണ്ടിയുള്ള നമ്മുടെ അമിതശ്രമങ്ങളില്‍ നിന്ന് ഇനിയെങ്കിലും മോചനം നേടാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു..

You must be logged in to post a comment Login