ഏകജാതന്റെ ബലിജീവിതത്തിലേക്ക്..

നാളെ മെത്രാഭിഷിക്തനാകുന്ന കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കലിനെക്കുറിച്ച് സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഫാ. ജെ മുണ്ടയ്ക്കല്‍ എഴുതിയ ലേഖനം.
തിരുമഴച്ചാര്‍ത്തുകളാല്‍ തമ്പുരാന്‍ ഒരു ഹൃദയനിലം ഒരുക്കിയെടുക്കുകയായിരുന്നു. ഏകജാതനാക്കിക്കൊണ്ടും അപ്പനമ്മമാരെ സ്വര്‍ഗത്തിലേക്കു പറിച്ചുനട്ടുകൊണ്ടും മാത്രമായിരുന്നില്ല ഈ ഒരുക്കങ്ങള്‍. അഭിഷേകവഴികളിലെ കാല്‍നൂറ്റാണ്ടു നീണ്ട സഞ്ചാരങ്ങളൊക്കെയും ഇതിനുവേണ്ടി ദൈവം തുന്നിയൊരുക്കുകയായിരുന്നു.
കത്തീഡ്രലില്‍ കൊച്ചച്ചനായി തുടങ്ങുന്ന അജപാലനശുശ്രൂഷ.
പിന്നീട് വെട്ടുകാട്ട് ആശ്രമത്തിലെ ഏകാന്തതപസിന്റെ ധ്യാനമനനനാളുകള്‍. വചനപഠനത്തിന്റെ തിരുവഴിയേ പിന്നെ ബാഗ്ലൂരിലേക്ക്. മതബോധനപരിശീലനത്തിന്റെ അമരക്കാരനായി ഒട്ടനവധി പുത്തന്‍ പരിശീലനപദ്ധതികള്‍. സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന പ്രതിഭകളെ ഊതിക്കാച്ചിയെടുക്കാന്‍വേണ്ടി ആരംഭിച്ച പരിശീലനപദ്ധതികള്‍, പ്രത്യേക വായനക്കളരികള്‍ എന്നിവയൊക്കെ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു.
പത്തനംതിട്ട മേഖലയില്‍ ആയിരുന്നപ്പോള്‍ ആരംഭിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള തിയോളജിക്കല്‍ കോഴ്‌സ് ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇങ്ങനെ കുട്ടികളെയും അത്മായരെയും പ്രത്യേകം ഒരുക്കിയെടുക്കുന്നതില്‍ പിതാവു കാണിച്ച ശ്രദ്ധ സഭയ്ക്ക് തലമുറകളോളം ഈടുവയ്പാകുമെന്നതില്‍ സംശയമില്ല.
പുസ്തകങ്ങളുടെ ചങ്ങാതിയാണ് പിതാവ്. എഴുത്തിന്റെ വഴികളില്‍ പിതാവു വേറിട്ടു സഞ്ചരിച്ചു. ഏറെ വായിക്കുകയും കാച്ചിക്കുറുക്കി കുറച്ചുമാത്രം എഴുതുകയും ചെയ്യുന്നതായിരുന്നു ശീലം. വിമലാബുക്‌സിലെ ഈ പതിവുസന്ദര്‍ശകന്‍, കണക്കറ്റ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. അവ വായിച്ചു മനനം ചെയ്ത് ടെലിവിഷന്‍ പ്രഭാഷണങ്ങളായും വചനമുത്തുകളായും ഒഴുകിയെന്നതിന് നാമേവരും സാക്ഷികള്‍.
സ്വന്തം വീടും പറമ്പും ആരോരുമില്ലാത്ത തെരുവുമക്കള്‍ക്കുവേണ്ടി വിട്ടുകൊടുക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പിതാവ് അലിവുള്ള ഇടയനായും ലോകത്തിന്റെ പ്രകാശമായും ഭൂമിയുടെ
ഉപ്പായും നിറയുകയായിരുന്നു.
മെത്രാന്‍ ശുശ്രൂഷയുടെ മുദ്രാവാക്യങ്ങള്‍ അങ്ങനെയൊക്കെ തിരഞ്ഞെടുക്കുമ്പോള്‍ അതിനു പിന്നില്‍ ഉരുകിത്തീര്‍ന്നു ശൂന്യമാകുന്ന മെഴുകുതിരിയനുഭവങ്ങളും ഉറകെട്ടുപോകാത്ത ഉപ്പുരസങ്ങളുമുണ്ടെന്നര്‍ത്ഥം.
ഏറെ വര്‍ഷം അജപാലനകേന്ദ്രത്തിലെ തൊട്ടടുത്ത മുറികളില്‍ താമസിച്ചതിന്റെയും ഒരുമിച്ചുള്ള ഒത്തിരിയേറെ എഴുത്തു- വായനചര്‍ച്ചകളുടെയും വെളിച്ചത്തില്‍ മനസില്‍ പതിഞ്ഞ പിതാവിന്റെ ഒരു ശരീര ഭാഷ വെളിപ്പെടുത്താതെ തരമില്ല – എന്തെങ്കിലും ചെയ്യാനിരിക്കുന്നതിനു മുമ്പ് കണ്ണടച്ചുപിടിച്ച് കൈകളാല്‍ ശൂന്യാകാശത്തു കുറെ കുരിശു വരയ്ക്കുന്നതു പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇടയ്‌ക്കെല്ലാം ഈ ശരീരഭാഷ- ദൈവവിചാരവും ദൈവാശ്രയബോധവും നിറയുമ്പോള്‍ ഒഴുകിയെത്തുന്നതു കാണാനാവും.
ലാളിത്യവും നര്‍മബോധവും എടുത്തുപറയേണ്ട ഗുണങ്ങളായി തോന്നുന്നു. പ്രശ്‌നസങ്കീര്‍ണ വേളകളില്‍ കാണിച്ചുപോരുന്ന സമചിത്തതയും നര്‍മരസവും ഏറെ ശ്രദ്ധേയം. പ്രശ്‌നങ്ങളുമായി ചെല്ലുന്നവര്‍ക്കു മുമ്പില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പട്ടികയും സാധ്യതകളുടെ വഴിയും  നിരത്തി തമ്പുരാനോടു തിരുഹിതം ആരായാന്‍ ഉപദേശിക്കും.
വിശ്വാസപരിശീലന ഡയറക്ടറായിരുന്ന കാലയളവില്‍ ഉണ്ടാക്കിയെടുത്ത അത്മായസുഹൃത്തുക്കളുടെ പ്രത്യേകിച്ച്, മതാധ്യാപകരുടെ, സൗഹൃദക്കൂട്ടങ്ങള്‍ ഏറെ ആഴവും പരപ്പുമുള്ളതു തന്നെ. പിതാവിന്റെ ഭാവികാല കര്‍മ്മവഴികളില്‍ അവ മുതല്‍കൂട്ടാവും. ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം അത്രയധികം ലോകത്തെ സ്‌നേഹിച്ചു എന്നതുപോലെയാണ  ഇഞ്ചിയാനി ഇടവകക്കാരനായ ഈ ‘ഏകജാതനെ’ കാഞ്ഞിരപ്പള്ളി രൂപതയ്ക്കു നല്‍കാന്‍ ദൈവം തിരുമനസ്സായത്. വേറിട്ട വഴികളിലൂടെ ഏറെ നടന്നില്ലെങ്കിലും കേരളത്തിലെ ജയില്‍ മിനിസ്ട്രിയുടെ പ്രാരംഭകരിലൊരാളായി തടവറ മക്കള്‍ക്കു സാന്ത്വനമേകുമ്പോഴും ബൈബിളില്‍ മുങ്ങിത്തപ്പിയെടുത്ത അറിവുകള്‍ വിവിധ മാധ്യമങ്ങളിലൂടെ നല്‍കുമ്പോഴും അല്‍മായര്‍ക്കും സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ക്കും നൂതന പരിശീലനക്കളരികള്‍ തുടങ്ങുമ്പോഴും പിതാവു പതിവുശൈലികളില്‍ നിന്നു മാറി സഞ്ചരിക്കുക തന്നെയായിരുന്നു.
ഊര്‍ജ്ജസ്വലനായ അറയ്ക്കല്‍ പിതാവിന് തന്റെ ശുശ്രൂഷകളെ കുറേക്കൂടി സമ്പന്നവും വിസ്തൃതവും വ്യാപകവുമാക്കാന്‍ ഈ നിയമനം സഹായിക്കുകതന്നെ ചെയ്യും.
ഫാ. ജെ മുണ്ടയ്ക്കല്‍

You must be logged in to post a comment Login