ഏകലവ്യൻ

eklavya-dronaഏകലവ്യൻ കഥാകാരനാണ്. ഗുരുമുഖത്ത് നോക്കി കഥകൾ എഴുതുന്നവൻ. താനും തനിക്കുള്ളതെല്ലാം തന്നെ ഗുരുവിന്റെ ദാനങ്ങൾ എന്നവൻ വിശ്വസിക്കുന്നു. ഗുരുവിനെ പ്രാണതുല്യം സ്നേഹിക്കുന്നു.

ഒരു മഹാദിനത്തിൽ ഏകലവ്യൻറെ സ്നേഹവിശ്വാസങ്ങളുടെ ആഴമളക്കുവാൻ അവന്റെ വലംകൈയ്യിലെ പെരുവിരൽ ഗുരു ദക്ഷിണയായി ചോദിച്ചു. രണ്ടാമതൊന്നാലോചിക്കാൻ നില്ക്കാതെ പെരുവിരൽ ഗുരുചരണങ്ങളിൽ സമർപ്പിച്ചവൻ ഇപ്രകാരം പറഞ്ഞു; “ഗുരു തന്നു, ഗുരു എടുത്തു, ഗുരുവിന്റെ നാമം വാഴ്ത്തപ്പെടട്ടെ.”

അത്യധികം പ്രീതനായ ഗുരു പെരുവിരൽ വീണ്ടുമുറപ്പിച്ചു നല്കി, നീന്തി തുടിക്കാനായി വാക്കുകളുടെ പലാഴിയും പകർന്നു നല്കി. ഗുരു പ്രസാദം നേടിയ ഏകലവ്യൻറെ ഓരോ വാക്കുകൾക്കും ഒരായിരം വാക്കുകളുടെ ശക്തി, ഓരോ കഥകൾക്കും ഒരായിരം കഥകളുടെ ആഴം.

ഗുരുഭക്തിയും സ്നേഹവും സ്പുരിക്കുന്ന ആ കഥകളുടെ കീർത്തി ലോകമെങ്ങും പരക്കുന്നത് ഗുരുവൈരികൾക്ക് അത്ര പ്രീതികരമായിരുന്നില്ല.

ഏകലവ്യൻറെ ചിന്താമണ്ഡലം നഭസ്സോളം ഉയർന്നു; വാക്കുകൾ ആഴികളോളം വ്യാപിച്ചു. ഉന്നതിയുടെ ഗിരി ശൃംഗങ്ങളിൽ ഇരുന്നവൻ “മാറ്റത്തിന്റെ മറനീക്കും സത്യങ്ങൾ” എന്നൊരു പുസ്തകം രചിച്ചു. മനുഷ്യപ്രീതിക്കുപരിയായി ഗുരുപ്രീതിയെ കരുതുന്ന ഏകലവ്യൻ പല അപ്രിയ സത്യങ്ങളെയും കുറിച്ച് ആ പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു.

ഏഴുനിറങ്ങൾ നിരത്തി ചാലിച്ചിട്ടും സാമാന്യബുദ്ധിക്കു കമർപ്പാർന്ന തവിട്ട് നിറം തോന്നിച്ചൊരു അപ്രിയ സത്യത്തെ ഏകലവ്യൻ നഖശിഖാന്തം എതിർത്തെഴുതി:

“ആദിയിൽ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. അവർ അങ്ങിനെതന്നെ ആയിരിക്കുവാൻ സൃഷ്ടാവും ഗുരുവുമായ ദൈവം ആഗ്രഹിക്കുന്നു. ഈ ലോകത്തിന്റെ ഭരണാധികാരികൾ നിയമപുസ്തകങ്ങൾ തിരുത്തിയെഴുതി നിയമസാധുത നല്കിയാലും ഗുരു സന്നിധിയിൽ മ്ലേഛത എന്നും മ്ലേഛത തന്നെ.

ആയിരം മനുഷ്യർ തങ്ങളായിരം പേര് ചെയ്യുന്നതാണ്‌ ശരിയെന്നു പറഞ്ഞു ഒരേതെറ്റു ചെയ്താലും ആ തെറ്റ് എന്നും തെറ്റ് തന്നെ. മനുഷ്യപ്രീതിക്കായി ദൈവപ്രമാണങ്ങൾ തിരുത്തുമ്പോൾ ഭരണാധികാരികൾ മഹാദുരിതങ്ങൾ ക്ഷണിച്ചുവരുത്തുന്നു.”

വിവാഹം കൂടാതെയുള്ള സ്ത്രീപുരുഷ സഹവാസം തെറ്റ് തന്നെയെന്നവൻ ഉറച്ചു പറഞ്ഞു . ഭദ്രതയില്ലാത്ത ബന്ധങ്ങളിൽ ഉരുവാകുന്ന പൈതങ്ങളെ കരുതി അവൻ നൊമ്പരപെട്ടു. അലങ്കോലപെട്ട കുടുംബങ്ങളെ നോക്കി ഏകലവ്യൻ നെടുവീർപ്പിട്ടു. വഴിതെറ്റിപോകുന്ന ബാല്യങ്ങളെ കരുതി കണ്ണീർ പൊഴിച്ചു. അമ്മയുടെ ഉദരത്തിലെ അരുംകൊലകൾക്കെതിരെ വാക്കുകളാൽ അടരാടി.

വിശ്വസ്തരായിരിക്കാനാണ് ഇക്കാലത്ത് ഏറെ ധൈര്യവും മനോബലവും വേണ്ടത്. പുരുഷനാകട്ടെ സ്ത്രീയാകട്ടെ അവിശ്വസ്തത ആര് ചെയ്താലും അത് മഹാപരാധം തന്നെയാണ്. ഇരുട്ടിന്റെ മറവിലെ അവിശ്വസ്തത തമ്പുരാന്റെ കണ്ണിൽ നിന്നും മറയ്ക്കാനാവില്ലല്ലോ. ആയിരം തലമുറകൾക്കായുള്ള ശാപങ്ങൾ നൈമിഷിക സുഖങ്ങൾക്ക് വേണ്ടി സമ്പാദിച്ചു കൂട്ടാതിരിക്കാൻ ഏകലവ്യൻ വാക്കുകളിലൂടെ ഓർമ്മപ്പെടുത്തി.

ഗുരുവിന്റെ രോഷം, സോദോം ഗോമോറയെ തീയിലെരിയിച്ച മഹാരോഷം, ഏകലവ്യന്റെ തൂലികയിലൂടെ ഒഴുകിയിറങ്ങി “മൃഗങ്ങൾ പോലും ചെയ്യാൻ അറയ്ക്കുന്ന സ്വവർഗ്ഗരതിയ്ക്ക് വിവേചന ബുദ്ധിയുള്ള മനുഷ്യർ നിയമസാധുത നൽകിയത് ശരിയായില്ല. മാനസിക വൈകല്യമോ ബലഹീനതയോ ആയി ചികൽസിക്കേണ്ട വൈകൃതങ്ങൾക്ക് സാമാന്യ ജീവിതചര്യകളുടെ കവചം നല്കിയത്തീരെ ശരിയായില്ല.

വളർന്നു വരുന്ന പുതുതലമുറക്ക്‌ തെറ്റിലേയ്ക്ക് ചായാൻ ഈ നിയമം പ്രേരണ നല്കും. ആത്മസംയമനവും പ്രാർത്ഥനയും സമാന്യ ബുദ്ധിയും അപ്രശസ്തമാകുമ്പോൾ, മറുപടി ആകാശത്ത് നിന്നും തീയും ഗന്ധകവുമായി ഭൂമിയിലേയ്ക്ക് വീണ്ടും ഇറങ്ങും.” ഏകലവ്യൻറെ വാക്ശരങ്ങൾ ലോകമെങ്ങും പരന്നു.

ഗുരുവിന്റെ ശത്രുക്കൾ ഏകലവ്യനെ ബന്ധിതനാക്കി,

കള്ളസാക്ഷ്യങ്ങൾ ചാർത്തി ഇരുകരങ്ങളും വെട്ടിമാറ്റി. ഏകലവ്യൻ അറ്റകൈ മുറിവുകളിൽ നിന്നിറ്റിറ്റു വീഴുന്ന നിണകണങ്ങളാൽ മതിലുകളിൽ എഴുതി; “ഞാൻ എന്റെ ഗുരുവിനെ സ്നേഹിക്കുന്നു. അവിടുത്തെ ഇഷ്ടം എന്റെ ഇഷ്ടം, അവിടുത്തെ ശരി എന്റെയും ശരി , അവിടുത്തെ കണ്ണുകളിൽ തെറ്റായവ എന്റെ കണ്ണുകളിലും തെറ്റ്.”

ശത്രുക്കൾ അവനെ വീണ്ടും ബന്ധിച്ചു.

ഏകലവ്യന്റെ അവസാന വാക്കുകൾ ഒരു കൊടുങ്കാറ്റായി അവിടെങ്ങും അലയടിച്ചു; “നിങ്ങളെന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുക; ആകാത്തവയൊന്നും ഞാൻ കാണാതിരിക്കട്ടെ. കണ്ടാൽ കഥകളായവ എഴുതിപ്പോകും. നിങ്ങളെന്റെ കർണ്ണപുടങ്ങൾ തകർക്കുക . അരുതാത്തതൊന്നും ഞാൻ കേൾക്കാതിരിക്കട്ടെ. കേട്ടാലവയെ വിമർശിച്ചു പോകും.

എന്റെ നാവു പിഴുതെറിയുക, അകൃത്യങ്ങൾക്കെതിരെ ഞാൻ സ്വരമുയര്ത്താതിരിക്കട്ടെ. നിങ്ങളെന്റെ ഹൃദയവും ചൂഴ്ന്നെടുക്കുക, ഹൃദയ ചിരാതിലെ സ്നേഹകൈത്തിരി ഊതിക്കെടുത്തുക. പിന്നെയെനിക്ക്‌ മുന്നോട്ടു ചലിക്കാനാവില്ല. കാരണം സ്നേഹമാണല്ലോ എന്നെ മുന്നോട്ടു നയിക്കുന്ന ശക്തി.

കുഞ്ഞുങ്ങളെ ഞാൻ സ്നേഹിക്കുന്നു. ജനിച്ചുപോയവരെയും ജനിക്കാനിരിക്കുന്നവരെയും, സ്നേഹഭദ്രതയുള്ള ഒരു ലോകം വരുംതലമുറകൾക്കായി കെട്ടിയുയർത്താൻ ഗുരുവിനോടൊപ്പം ഞാനും ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും കുട്ടികളും കൂടുന്ന കുടുംബസങ്കൽപം കുഞ്ഞുങ്ങൾക്ക്‌ പകർന്നു നൽകാൻ അവസാന നിമിഷം വരെ ഞാൻ ശ്രമിക്കും. ബാഹ്യസൗന്ദര്യത്തിനപ്പുറം ഓരോ മനുഷ്യനിലും നിക്ഷിപ്തമായിരിക്കുന്ന ആന്തരിക സൌന്ദര്യത്തിന്റെ ബഹിർസ്പുരണമാണിന്നു ലോകത്തിനാവശ്യം.

എന്റെ ഗുരുമുഖം എനിക്കെതിരെ തിരിയാത്തിടത്തോളം കാലം ഞാൻ സന്തോഷവാനായിരിക്കും. നൂറായിരം നാവുകൾ ഒരുമിച്ചു സത്യമെന്ന് പ്രഘോഷിച്ചാലും അസത്യം ഒരിക്കലും സത്യമാവുകയില്ല.

അസത്യമെന്നും അസത്യം തന്നെ. തെറ്റ് എക്കാലവും തെറ്റ് തന്നെ. മ്ലേച്ഛത എല്ലായ്പ്പോഴും മ്ലേച്ഛത തന്നെ. അവയെ ശരി വയ്ക്കുന്ന നിയമങ്ങൾ തീയിലെരിയുക, അല്ലെങ്കിൽ അവ നാടിനെ ചുട്ടെരിക്കും. വരാനിരിക്കുന്ന മഹദുരിതങ്ങൾ ഒഴിവാക്കുവാൻ പ്രാർത്ഥനാപൂർവ്വം ശ്രമിക്കുക.”

ഗുരുവൈരികൾ അവനെ ജീവനോടെ തൊലിയുരിച്ചു, ദണ്‍ഡന ചക്രത്തിലൂടെ കയറ്റിയിറക്കി. എന്നിട്ടും തുടിക്കുന്ന ഹൃദയം പല കക്ഷ്ണങ്ങളായി നുറുക്കിയെറിഞ്ഞു. വഴിയരുകിൽ ചിതറിത്തെറിച്ച ഹൃദയകോശങ്ങളിൽ നിന്നും ഒരായിരം കഥകൾ ഉയിർത്തുവന്നു.

നന്മയുടെയും മാറ്റത്തിന്റെതുമായ ആ കഥകൾ നല്ലവനായ ഗുരുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ളവയായിരുന്നു. പൂക്കളായി വിരിഞ്ഞവ, പൂമ്പാറ്റകളായി ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേയ്ക്ക് പാറി പറന്നു.

ശരിതെറ്റുകളുടെ ലോകത്ത് നിന്നും ശരിയുടെ സ്നേഹസ്വരൂപമായ തന്റെ ഗുരുചരണങ്ങളിലെയ്ക്ക് ഏകലവ്യനും പറന്നകന്നു.

ഓരോ മനുഷ്യനിലും ഒരു ഏകലവ്യനുറങ്ങി കിടക്കുന്നുണ്ട്. ഗുരുഭക്തിയുടെ നിറമഴകൾ നനയുമ്പോൾ സ്വാർത്ഥതയുടെ പുറംതോടുകൾ പൊട്ടിയുടഞ്ഞുരുവാകുന്ന ഏകലവ്യൻ . മഴകാക്കും വേഴാമ്പൽ പോലെ നന്മവറ്റിവരണ്ടു കൊണ്ടിരിക്കുന്ന ഭൂമിയെന്നും നിറമഴകൾ കാത്തിരിക്കുന്നു…. ഏകലവ്യരേയും….!

എ. എസ്. റീഡ്‌

You must be logged in to post a comment Login