‘ഏതു കൊടുമുടിയുടെ ഉയരത്തിലും അങ്ങ് കുടുംബത്തെ ചേര്‍ത്തു പിടിച്ചു!’ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ ഹൃദയത്തെ തൊടുന്നു

‘ഏതു കൊടുമുടിയുടെ ഉയരത്തിലും അങ്ങ് കുടുംബത്തെ ചേര്‍ത്തു പിടിച്ചു!’ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ ഹൃദയത്തെ തൊടുന്നു

ഒരു മകന്‍ പിതാവിന് പിറന്നാള്‍ ആശംസ നേരുന്ന ഫേസ്ബുക്ക് കുറിപ്പു വായിക്കുമ്പോള്‍ ഈ പിതാവും മകനും മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണെന്ന് ഒരു നിമിഷം നാം മറക്കുന്നു. ഒരു പിതൃ-പുത്രബന്ധത്തിന്റെ സൗരഭ്യം മനുഷ്യത്ത്വത്തിന്റെ പച്ചയായ ചിത്രമായി വന്നു നിറയുന്നു. ആ വാക്കുകളുടെ ആത്മാര്‍ത്ഥമായ ഊഷ്മളത അറിയാതെ നെഞ്ചിനെ ആര്‍ദ്രമാക്കുകയും കണ്ണു നനയിക്കുകയും ചെയ്യുന്നു. എഴുതുന്നത് യുവതലമുറയുടെ ഹൃദയത്തുടിപ്പായ ദുല്‍ഖര്‍ സല്‍മാന്‍. ഭാഗ്യവാനായ പിതാവ് മമ്മുട്ടിയും.

ഏതു കൊടുമുടിയുടെ ഉയരത്തിലും അങ്ങ് കുടുംബത്തെ ചേര്‍ത്തു പിടിച്ചു, സുരക്ഷിതരായി… എന്നു ദുല്‍ഖര്‍ കുറിക്കുമ്പോള്‍ അത് നമ്മുടെ തലമുറയ്ക്ക് ഒരു സന്ദേശമാകുന്നു. ബന്ധങ്ങള്‍ക്കും കുടംബത്തിനും എല്ലാത്തിനുമുപരി വില കല്പിക്കണമെന്ന് പറയാതെ പറയുന്ന വാക്കുകള്‍. ‘അങ്ങാണ് ഞങ്ങള്‍ക്കു തണലേകുന്ന തണല്‍വൃക്ഷം…അനേകം പൊന്‍തൂവലുകള്‍ ചൂടിയ അങ്ങയുടെ ശിരസ്സില്‍ ഏറ്റവും മനോഹരമായ കിടീരം അങ്ങ് ഏറ്റവും നല്ലൊരു ഭര്‍ത്താവം ഏറ്റവും നല്ലൊരു പിതാവും ആണെന്നതാണ്…’ ദുല്‍ഖര്‍ ഹൃദയത്തില്‍ നിന്നും എഴുതുന്നു.

മാര്‍ക്ക് വാള്‍ബര്‍ഗ് എന്ന വിശ്വവിഖ്യാതനായ ഹോളിവുഡ് നടന്‍ എല്ലാത്തിനുപുരി താന്‍ പ്രാധാന്യം കൊടുക്കുന്നത് തന്റെ കുടുംബത്തിനാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര തിരിക്കിനിടയിലും താന്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നും അതാണ് തന്റെ ഏറ്റവും വലിയ സന്തോഷം എന്നുമുള്ള വാള്‍ബര്‍ഗിന്റെ വാക്കുകള്‍ സിനിമാ ലോകം അത്ഭുതത്തോടെയാണ് കാതോര്‍ത്തത്. ശിഥിലമായ ബന്ധങ്ങളുടെ കാലത്ത് കുടുംബമൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്ന ദുര്‍ഖറിന്റെ വാക്കുകള്‍ പ്രതീക്ഷ പകരുന്നു. പ്രത്യേകിച്ച് യുവതലമുറയ്ക്കു നല്‍കുന്ന ഒരു മാതൃക എന്ന നിലയില്‍…

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login