ഏസാവിന്റെ നഷ്ടം

എന്തു തെറ്റാണ് ഏസാവ് ചെയ്തത്? ദിവസം മുഴുവന്‍ നായാടി തളര്‍ന്ന് വിശപ്പു സഹിക്കവയ്യാതെ വന്നപ്പോള്‍ ഒരു പാത്രം പായസത്തിനു വേണ്ടി കൊതിച്ചു എന്നല്ലാതെ? ഇക്കാര്യത്തിലൊഴികെ മറ്റൊരിടത്തും ഏസാവ് ഒരു തെറ്റും ചെയ്യുന്നതായി കാണുന്നുമില്ല. മാത്രമല്ല, തന്നെ ചതിച്ച് കടിഞ്ഞൂലവകാശം തട്ടിയെടുത്ത യാക്കോബിനോട് ഒരുപാധിയുമില്ലാതെ ക്ഷമിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുമുണ്ട്. അത്രയേറെ നന്മയുമായി തട്ടിച്ചു നോക്കുമ്പോള്‍ സത്യത്തില്‍ ഏസാവ് ചെയ്ത തെറ്റ് നിസാരമല്ലേ, വിശന്നപ്പോള്‍ എല്ലാവരും ചെയ്തതു പോലെ ഭക്ഷണം കഴിച്ചു എന്നത് അത്ര വലിയ തെറ്റുമാണോ? ജ്യേഷ്ഠനെയും പിതാവിനെയും ലാബാനെയും കബളിപ്പിച്ച യാക്കോബിനേക്കാളെത്രയോ ഭേദമാണ് ഏസാവ്!

സത്യത്തില്‍ എന്താണ് ഏസാവിന്റെ തെറ്റ്? ഉള്‍ക്കാഴ്ച അഥവാ ആത്മീയമായ കാഴ്ച ഇല്ലാതെ പോയതാണ് അയാളെ ദൈവ സന്നിധിയില്‍ അസ്വീകാര്യനാക്കിയത്. വിശന്നുവലഞ്ഞെത്തിയ ഏസാവിന്റെ മുന്നില്‍ രണ്ടു തെരഞ്ഞെടുപ്പുകളുണ്ടായിരുന്നു: ഒന്ന് കടിഞ്ഞൂലവകാശം. മറ്റൊന്ന് പായസം.

കടിഞ്ഞൂലവകാശം കണ്ണു കൊണ്ട് കാണാവുന്നതോ സ്പര്‍ശിച്ചറിയാവുന്നതോ അല്ല. അത് ആത്മീയമായ ദര്‍ശനം കൊണ്ട് മാത്രം ഒരാള്‍ക്ക് വിലമതിക്കാവുന്ന ഒന്നാണ്. തികച്ചും ആത്മീയമായ കാര്യമാണത്. ഉള്‍ക്കാഴ്ച കൊണ്ട് മാത്രമേ അതിന്റെ വില ഒരാള്‍ക്ക് ഗ്രഹിക്കാനാവുകയുള്ളൂ. പായസം ഭൗതികമായ ഒന്നാണ്. കണ്ണാല്‍ കാണാം. തൊട്ടും മണത്തും രുചിച്ചും നോക്കാം. ഉയരമുള്ള ചിന്തയുള്ളവര്‍ക്ക് മാത്രമേ ഇവ രണ്ടും തമ്മിലുള്ള വില വ്യത്യാസം തരിച്ചറിയാന്‍ കഴിയൂ. ഏറെ കുറവുകളുള്ളവനായിരുന്നിട്ടും യാക്കോബ് കടിഞ്ഞൂലവകാശം എന്ന ആത്മീയവരത്തിന്റെ അമൂല്യത തിരിച്ചറിഞ്ഞു എന്നതാണ് അയാളെ ദൈവസന്നിധിയില്‍ സ്വീകാര്യനാക്കിയത്. വിശപ്പു കൊണ്ട് ‘കണ്ണു കാണാതായ’ നേരത്ത് ഏസാവിന് ആത്മീയമായ ദര്‍ശനം നഷ്ടമായി. കടിഞ്ഞൂലവകാശം എന്ന ആത്മീയദാനത്തേക്കാള്‍ ഒരു നിമിഷം അയാള്‍ ഭൗതികമായ ഒരു നേട്ടത്തിന് വില കല്‍പിച്ചു. അതാണ് ഏസാവിന്റെ പരാജയം.

നമുക്കിങ്ങനെ ചിന്തിക്കാം. ജീവിത നേട്ടങ്ങള്‍ വേണോ അതോ വിശ്വാസത്തെ മുറുകെ പിടിക്കണമോ എന്ന ചോദ്യത്തിനു മുമ്പില്‍ നാം എന്തു തെരഞ്ഞെടുക്കും? ജീവിത നേട്ടങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ഏസാവിനെ പോലെ ചിന്തിക്കുന്നു. ഈ ഭൗതിക നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. എന്നാല്‍ ‘വിശ്വാസം’ എന്നത് കാണാനാവാത്ത, ആത്മീയ ഒരു കാര്യമാണ്. അത് ത്യാഗം ആവശ്യപ്പെടുന്നു. വിശപ്പ് സഹിക്കാനുള്ള കരുത്ത് തരുന്നു. വിശ്വാസം മാത്രമല്ല, സത്യം, സ്‌നേഹം, കാരുണ്യം തുടങ്ങിയ എല്ലാ ആത്മീയ മൂല്യങ്ങളും ‘കടിഞ്ഞൂലവകാശ’ വുമായി താരതമ്യം ചെയ്യാവുന്നതാണ്.

എത്ര വിശന്നു വലഞ്ഞു വന്നാലും അതിനപ്പുറമുള്ള ‘കടിഞ്ഞൂലവകാശം’ എന്ന ആത്മീയ മൂല്യം തിരിച്ചറിഞ്ഞ് ആ വിശപ്പ് സഹിക്കാനുള്ള കരുത്താണ് ഏസാവിന് ഇല്ലാതെ പോയത്. വിശന്നു വലഞ്ഞു വന്ന് ഭക്ഷണത്തിനരിക്കുമ്പോള്‍ വാതില്‍പടിയില്‍ നാലു ദിവസമായി ആഹാരം കഴിക്കാത്ത ഒരു കുഞ്ഞ് വന്ന് കൈനീട്ടുമ്പോള്‍ അതിന്റെ സംത്യപ്തി കാണാന്‍ വേണ്ടി നമ്മുടെ ഭക്ഷണം ത്യജിക്കുന്നതിലാണ് ഈ ആത്മീയദര്‍ശനം പൂര്‍ത്തിയാകുന്നത്. അതില്ലാതെ പോയതാണ് ഏസാവിന്റെ നഷ്ടം.

എല്ലാ കുറവുകളും ഉണ്ടായിരുന്നിട്ടും യാക്കോബ് ആത്മീയമായ ഒരു ദര്‍ശനം അയാള്‍ക്ക് കൊണ്ടു വരാന്‍ പോകുന്ന ഭാഗ്യത്തെ കുറിച്ച് ബോധവാനായിരുന്നു. (അയാള്‍ അത് ചെയ്ത രീതി ഒട്ടും നീതീകരിക്കപ്പെടുന്നില്ല എങ്കില്‍ പോലും).

ഉള്‍ക്കാഴ്ചയോടെ ജീവിക്കുക എന്ന സന്ദേശമാണ് ഏസാവിന്റെ കഥ നമുക്കു പറഞ്ഞു തരുന്നത്. കാലം അയാളെ വലിയ ക്ഷമയുടെ പാഠം പിന്നീട് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. യാക്കോബിനോട് ക്ഷമിച്ച്‌ അയാളെ ആലിംഗനം ചെയ്യുമ്പോള്‍ ഏസാവ് വളരുന്നു. ആത്മീയമായ ഉന്നതയിലേക്ക്!

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login