പുരോഹിതനായ തെരുവുബാലന്‍

പുരോഹിതനായ തെരുവുബാലന്‍

ivoryസ്ഥലം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഐവറി കോസ്റ്റ്. ഫാ. ജീന്‍ ഒല്ലോയുടെ ചുറ്റിനും ഉപഗ്രഹം പോലെ എപ്പോഴുമുണ്ട് പത്തു പന്ത്രണ്ടു കുട്ടികള്‍. 34 കാരനായ ഫാ. ഒല്ലോയ്ക്ക് തന്റെ പേരു ആരെങ്കിലും ഉറക്കെ വിളിക്കുന്നതു കേള്‍ക്കാതെ ബുവാക്കെയുടെ തെരുവുകളിലൂടെ നടക്കാനാവില്ല. കഴിഞ്ഞ നാലുവര്‍ഷമായ ഐവറി കോസ്റ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബുവാക്കെയിലാണ് ഫാദര്‍ താമസം. ഇപ്പോള്‍ നഗരത്തിന്റെ മുക്കും മൂലയും അച്ചനു പരിചിതം. കൊടിയ ദാരിദ്ര്യമാണ് ഇവിടെ കൊടികുത്തി വാഴുന്നത.് പ്രസിഡന്റ് ലോറന്റ് ഗാഗ്‌ബോയ്‌ക്കെതിരായ എതിര്‍പ്പുകളുടെ തലസ്ഥാനം ഈ നഗരമായിരുന്നു.

തെരുവുകുട്ടികള്‍ക്കെല്ലാം ഫാ. ഒല്ലോയെ അറിയാം. ചില്‍ഡ്രന്‍സ് ഹോമിന്റെ ഡയറക്ടറായ അച്ചന്‍ ഓരോ ദിവസവും 30 കുട്ടികളെ വീതം സ്വീകരിക്കുന്നു. എഴുത്തും വായനയും പഠിപ്പിക്കുന്നു. തൊഴില്‍ അഭ്യസിപ്പിക്കുന്നു.

എന്തു കൊണ്ട് തെരുവുകുട്ടികളുടെ കാര്യത്തില്‍ ഇത്ര ശ്രദ്ധ എന്ന ചോദ്യത്തിനു മുന്നില്‍ അച്ചന്‍ തന്റെ ഓര്‍മയുടെ ഭാണ്‍ഡക്കെട്ടു തുറന്നിടുന്നു: ‘ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും ഇവരില്‍ ഒരാളായിരുന്നു. അബിദ്ജാനിലായിരുന്നു ജനനം. പിതാവിന്റെ രോഗം വൈകാതെ ആ കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടു. ഓരോ ദിവസവും ഐവറി കോസ്റ്റ് വിട്ട് പിതാവിന്റെ നാടായ ബര്‍ക്കിനോ ഫാസോയിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി..’ നാലു സഹോദരന്‍മാരോടും സഹോദരിമാരോടുമൊപ്പം തീരെച്ചെറിയ ഒരു കുടുസ്സു മുറിയില്‍ താമസിക്കേണ്ടി വന്ന കഥ അദ്ദേഹം വിവരിച്ചു. തെരുവില്‍ വളര്‍ന്നും, ഭിക്ഷ യാചിച്ചും, വഴിയോരത്ത് അന്തിയുറങ്ങിയും അവര്‍ ജീവിച്ചു. വനത്തില്‍ പോയി വിറകു ശേഖരിച്ച് വിറ്റു ഭക്ഷണം വാങ്ങിയിരുന്നു, അക്കാലത്ത്… ഫാദര്‍ ഓര്‍ക്കുന്നു.

വളരെ ചെറിയ പ്രായത്തില്‍ കുട്ട നെയ്യാന്‍ പഠിച്ചു. പിതാവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ അക്ഷരവിദ്യ പകര്‍ന്നു കൊടുത്തു. കൗമാരപ്രായമെത്തിയപ്പോള്‍ വി. വി്ന്‍സെന്റ് ഡി പോള്‍ സഭയില്‍ പെട്ട വൈദികര്‍ നടത്തിയിരുന്ന സ്ഥാപനം കണ്ടെത്തി. അവരുടെ സേവനം അച്ചനെ ആകര്‍ഷിച്ചു.

ഇതും ബന്ധത്തില്‍ പെട്ട ഒരു വൈദികന്റെ പ്രേരണയും ഒല്ലോയെ കത്തോലിക്കാ വിശ്വാസത്തിലേക്കു നയിച്ചു. ‘യേശുവന്റെ നാടോടി ശൈലിയിലുള്ള ജീവിതം എന്ന ആകര്‍ഷിച്ചു. ഒന്നുമില്ലാതെ, ഭാവിയക്കുറിച്ച് ഭയമില്ലാതെ…അതേസമയം സാഹോദര്യത്തില്‍ ജീവിക്കുന്ന ക്രിസ്തീയ ശൈലിയും എനിക്കിഷ്ടമായി.’

തന്റെ ജീവതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മൂത്ത സഹോദരിയെ ഒല്ലോ പ്രത്യേകം ഓര്‍ക്കുന്നു.’അവളാണ് ഞങ്ങളെ വളര്‍ത്തിയത്. അമ്മ രോഗിയായ പിതാവിനെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു.. എന്റെ സഹോദരി എപ്പോഴും എന്നില്‍ വിശ്വസിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവളില്ലായിരുന്നെങ്കില്‍ എനിക്കു പഠിക്കുവാനോ ബിരുദങ്ങള്‍ നേടുവാനോ കഴിയുമായിരുന്നില്ല. 2009 ല്‍ കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് അവള്‍ മരിച്ചു. ഒരിക്കലും അവള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ പൗരോഹിത്യ സ്വീകരണത്തിന് ഒരു വര്‍ഷം മുന്‍പായിരുന്നു, അത്.’

നേര്‍ത്ത നനവ് ഫാ. ഒല്ലോയുടെ കണ്ണുകളിലെങ്ങോ പടരുന്നുണ്ടായിരുന്നു..

You must be logged in to post a comment Login