ഒക്ടോബറില്‍ ഒരു ക്രിസ്തുമസ്…

പതിവിനു വിപരീതമായിരുന്നു അന്ന് സെന്റ് ജോര്‍ജ്ജ് നഗരം. എങ്ങും ദീപാലങ്കാരങ്ങള്‍.. മഞ്ഞു വീണ നിരത്തുകള്‍.. പുഷ്പാലംകൃതമായ ക്രിസ്തുമസ് ട്രീകള്‍… നക്ഷത്രങ്ങള്‍… തോരണങ്ങള്‍…വര്‍ണ്ണക്കാഴ്ചകള്‍ക്ക് കൊഴുപ്പേകാന്‍ സാന്താക്ലോസും.. ഒക്ടോബര്‍ മാസമായതല്ലേയുള്ളൂ. ഇത്തവണ ക്രിസ്തുമസ് നേരത്തേ ആയോ എന്ന് കാര്യമറിയാത്തവര്‍ ശങ്കിച്ചു.

അതെ, കാനഡയിലെ സെന്റ് ജോര്‍ജ്ജ് സ്വദേശികള്‍ക്ക് ഇത്തവണ ക്രിസ്തുമസ് അല്‍പം നേരത്തേയായിരുന്നു. ഒരു കൗതുകത്തിനു വേണ്ടി കാട്ടിക്കൂട്ടിയതല്ല ഈ ആഘോഷങ്ങളത്രയും. അര്‍ബുദരോഗിയായ ഏഴു വയസ്സുകാരന്‍ ഇവാനു വേണ്ടിയായിരുന്നു നേരത്തേയെത്തിയ ഈ ക്രിസ്തുമസ്സ്. ഡിസംബര്‍ വരെ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഇവാനു വേണ്ടി ഉള്ളില്‍ വിതുമ്പിയും പുറമേ സന്തോഷം നടിച്ചും ഒരു നഗരം മുഴുവന്‍ ക്രിസ്തുമസ്സ് ആഘോഷിച്ചു.

രണ്ടു വയസ്സുള്ളപ്പോളാണ് ഇവാന് ബ്രയിന്‍ ട്യൂമറാണെന്ന് അറിയുന്നത്. പിന്നീട് മരുന്നു മണക്കുന്ന ആശുപത്രികളിലായിരുന്നു അവന്റെ വാസം. മാതാപിതാക്കളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇവാന്റെ നില വഷളായി വരികയാണെന്നും കൂടിപ്പോയാല്‍ ഒരു മാസം കൂടിയേ ജീവിച്ചിരിക്കൂ എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.

മരിക്കുന്നതിനു മുന്‍പ് നിറവേറ്റാന്‍ ആഗ്രഹങ്ങള്‍ പലതുമുണ്ടായിരുന്നു ഇവാന്. നയാഗ്ര വെള്ളച്ചാട്ടം കാണുക, ട്രാന്‍സില്‍വാനിയ ഹോട്ടലില്‍ പോകുക അങ്ങനെ പലതും. ക്രിസ്തുമസ് ആഘോഷിക്കണം എന്ന ആഗ്രഹമായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത്.
ഒട്ടും ശങ്കിക്കാതെ തന്നെ മകന്റെ ആഗ്രഹം സഫലമാക്കാന്‍ തന്നെ പിതാവ് നിക്കോള്‍ തീരുമാനിച്ചു. നാട്ടുകാരും വീട്ടുകാരും കച്ചവടക്കാരുമെല്ലാം ഒപ്പം നിന്നു. അലങ്കാര വസ്തുക്കളെല്ലാമൊരുക്കി. പക്ഷേ, ഒക്ടോബറില്‍ എങ്ങനെ മഞ്ഞു വീഴും? കാര്യമറിഞ്ഞെത്തിയ ഒരു ഫിലിം ക്രൂ ഒടുവില്‍ ആ പ്രശ്‌നവും പരിഹരിച്ചു. കൃത്രിമ മഞ്ഞു വീഴ്ചയൊരുക്കിയപ്പോള്‍ ശരിക്കും ഡിസംബര്‍ തന്നെയാണോ എന്നു പോലും ആളുകള്‍ സംശയിച്ചു.

മരണത്തെ പുല്‍കും മുന്‍പുള്ള ഇവാന്റെ ആഗ്രഹം സഫലമായി. പക്ഷേ സന്തോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമൊടുവിലും മനസ്സില്‍ തളം കെട്ടി നിന്ന വിങ്ങലടക്കാനാവാതെ നിറകണ്ണുകളോടെ നിക്കോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു, ശരിക്കും ക്രിസ്തുമസ് വരുമ്പോള്‍ ഇവാനുണ്ടാവില്ലല്ലോ എന്ന വേദനയോടെ…

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login