ഒന്നാമതെത്താന്‍ ഞാന്‍ എന്തു ചെയ്യണം?

ഒന്നാമതെത്താന്‍ ഞാന്‍ എന്തു ചെയ്യണം?

നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്നായിരുന്നു ക്രിസ്തുവിന്റെ മുമ്പിലെത്തിയ ചെറുപ്പക്കാരന്റെ സംശയം. ക്രിസ്തു അതിന് പറഞ്ഞ മറുപടിയാവട്ടെ എല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക എന്നായിരുന്നു. പക്ഷേ എല്ലാം ഉപേക്ഷിച്ച് പോകാന്‍ തയ്യാറല്ലാത്തതുകൊണ്ട് അയാള്‍ സങ്കടത്തോടെ തിരിച്ചുപോയി എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

ഇനി ക്രിസ്തു പറയുന്ന മറ്റൊരു മറുപടിയുണ്ട്. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ മറ്റൊരാളുടെ ദാസനായിത്തീരുക.. അയാളെ തന്നെക്കാള്‍ ശ്രേഷ്ഠനായി കാണുക. വിജയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഹൃദിസ്ഥമാക്കേണ്ട ഒരു തിരുവചനമാണിത്. വിജയികളുടെ ഈ ലോകത്തിലും കാലത്തിലും ഇത്തിരിയൊക്കെ അകന്നുനിന്ന് വിജയങ്ങളെ കാണാന്‍ ഈ ഭാഗം നമ്മെ സഹായിക്കാതിരിക്കില്ല. കുടുംബത്തിലും സമൂഹത്തിലും ഭാര്യഭര്‍ത്താക്കന്മാരും സഹോദരങ്ങളും തമ്മില്‍ എല്ലാം പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ അതേ മത്സരത്തിന്‍റെ അരൂപികള്‍ പതുക്കെപതുക്കെ നമ്മുടെ ആത്മീയമേഖലയെയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു.

എല്ലാവരും വിജയം ആഗ്രഹിക്കുന്നവരാണ്. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ ഒന്നാമതെത്തുന്നത് മറ്റൊരാളെ തോല്പിച്ചുകൊണ്ടായിരിക്കണം എന്നതാണ് ലോകത്തിന്റെ നിയമവും ലോകത്തിന്റെ രീതിയും.

പ്രമുഖ പത്ര സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നു. തൊട്ടടുത്ത പത്രത്തെക്കാള്‍……. വായനക്കാര്‍ തങ്ങള്‍ക്കുണ്ട് എന്ന മട്ടില്‍.. നമ്മുടെ എല്ലാ പരസ്യവാചകങ്ങള്‍ പോലും സ്വയം പ്രൊജക്ട് ചെയ്യപ്പെടുന്നവയും അതേ ഫീല്‍ഡിലുള്ള മറ്റൊരു ഉല്‍പ്പന്നത്തെ മോശമാക്കിക്കൊണ്ടുമുള്ളതാണ്..

മലയാളത്തിലെ ഒന്നാമത്തേത് എന്ന രീതിയിലുള്ള അവതരണങ്ങളില്‍, മുമ്പന്തിയില്‍ എന്ന പ്രചരണങ്ങളില്‍ എല്ലാം നമ്മളാണ് ഒന്നാമത് എന്നുള്ള അവകാശവാദങ്ങളാണ് മുഴങ്ങുന്നത്. കോര്‍പ്പറേററ്റുകള്‍ തമ്മില്‍ മത്സരിക്കുന്നു..ടാര്‍ജറ്റ് ഒപ്പിക്കാന്‍ മാര്‍ക്കറ്റിംങ് എക്‌സിക്യൂട്ടീവുകള്‍ തമ്മില്‍ മത്സരിക്കുന്നു. ലോകസമ്പന്നര്‍ തമ്മില്‍ മത്സരിക്കുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ തമ്മില്‍ മത്സരിക്കുന്നു.

മത്സരിക്കട്ടെ നമ്മുക്കെന്തു ചേതം? ലോകത്തിന്റെ അരൂപിയില്‍ ജീവിക്കുന്നവര്‍ മത്സരിക്കട്ടെ.പക്ഷേ ആത്മീയമേഖലയില്‍ ഇത്തരം മത്സരങ്ങള്‍ നടക്കുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നത്. ക്രിസ്തു നമുക്ക് കാണിച്ചുതന്ന മാതൃക അതുതന്നെയായിരുന്നോ?

ഒരു എംജിആര്‍ സിനിമയോ രജനികാന്ത് സിനിമയോ പോലെ ക്ലൈമാക്‌സില്‍ സകലശത്രുക്കളെയും തട്ടിത്തെറിപ്പിച്ച് വിജയാളിയായി കുരിശില്‍ നിന്ന് തന്നെ ഉയിര്‍ത്തെണീറ്റ് വരാന്‍ ക്രിസ്തുവിന് കഴിയുമായിരുന്നില്ലേ? അല്ലെങ്കില്‍ കാല്‍വരി വരെ എത്താതെ തന്നെ വിജയിക്കാന്‍ കഴിയുമായിരുന്നില്ലേ? അത്തരം ചില സാധ്യതകള്‍ ക്രിസ്തുവിനുണ്ടായിരുന്നു. പക്ഷേ ആ സാധ്യതകളെ ക്രിസ്തു ഒരിക്കലും ഉപയോഗിച്ചില്ല.

തന്റെ വഴികള്‍ ലോകത്തിന്റെ വഴികള്‍ അല്ല എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ വഴിയെ സഞ്ചരിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന നാം പരസ്പരം മത്സരിക്കുന്നു. മറ്റൊരു ശുശ്രൂഷയെയോ ശുശ്രൂഷകരെയോ തോല്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു..അവിടെയില്ലാത്തത് ഇവിടെയുണ്ടെന്നും അവിടെ ചെയ്യുന്നതിനെക്കാള്‍ നല്ലരീതിയില്‍ ഇവിടെയാണ് ചെയ്യുന്നതെന്നും ഇവിടെയാണ് പരിശുദ്ധാത്മാഭിഷേകം കൂടുതലുള്ളത് എന്ന മട്ടിലും..

ഇവിടെയാണ് നമ്മുടെ ആത്മീയത അപചയം നേരിടുന്നത്. ആത്മീയ മേഖലയില്‍ ആരൊക്കെ തമ്മില്‍ മാത്സര്യമുണ്ടോ അവിടെയൊന്നും ദൈവാരൂപിയില്ല. സാത്താനാണ് മത്സരചിന്തയും വിഭാഗീയചിന്തയും കൊണ്ടുവരുന്നത്. സാത്താന്റെ മക്കളാണ് മറ്റെയാളെ തോല്പിക്കണം എന്ന ചിന്ത കൊണ്ടുവരുന്നത്.

എന്നുകരുതി ഓരോരുത്തരും അവനവരുടെ മേഖലയില്‍ പരിശ്രമിക്കരുത് എന്നോ കഠിനാദ്ധ്വാനം ചെയ്യരുത് എന്നോ അല്ല.നിഷ്‌ക്രിയരായിരിക്കയുമരുത്. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും വേണം.പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ്പോഴും നമ്മുടെ മനോഭാവം എന്താണ് എന്ന് അന്വേഷിക്കുന്നതും ആത്മശോധന നടത്തുന്നതും ഉചിതമായിരിക്കും.

മറ്റൊരു ശുശ്രൂഷയെക്കാള്‍ മികച്ചതാണ് എന്ന് നാലാളെക്കൊണ്ട് പറയിപ്പിക്കാന്‍ വേണ്ടിയാണോ ഞാന്‍ അത് ചെയ്യുന്നത്?മറ്റൊരു ശുശ്രൂഷയുടെ പേരിലും പെരുമയിലും എനിക്ക് അസൂയ തോന്നുന്നുണ്ടോ?

എല്ലാവര്‍ക്കും സ്‌പെയ്‌സുള്ള ഭൂമി തന്നെയാണിത്. ഈ ലോകത്തിന് എല്ലാവരെയും അടയാളപ്പെടുത്താന്‍ മാത്രം വിശാലതയുമുണ്ട്.പക്ഷേ ഒരാളെ മായ്ച്ചുകളഞ്ഞിട്ട് സ്വന്തം പേര് എഴുതാന്‍ ആഗ്രഹിക്കുന്നതോ മറ്റെയാളെ പിന്നിലാക്കി മുമ്പില്‍ കയറാന്‍ ശ്രമിക്കുന്നതോ ഒരിക്കലും ക്രിസ്തീയമല്ല.

മറ്റൊരാളെ പരാജയപ്പെടുത്തി നേടിയെടുക്കുന്ന വിജയങ്ങളുടെ മേലെയൊന്നും ക്രിസ്തുവിന്റെ ആശീര്‍വാദമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ നേടിയെടുക്കുന്ന വിജയങ്ങള്‍ ശാശ്വതമായിരിക്കുകയുമില്ല. ഒരാളെ പരാജയപ്പെടുത്തിയിട്ടാവരുത് നാം വിജയിക്കേണ്ടത്.

മത്സരങ്ങളെന്നും ഒന്നാം സമ്മാനം രണ്ടാം സമ്മാനം എന്നെല്ലാമുള്ള വിഭജനങ്ങള്‍ പോലും നമ്മുടെ ആത്മീയമേഖലയിലെ സമസ്തമേഖലയില്‍ നി്ന്നും എടുത്തുകളയണം എന്നാണ് എന്റെ അഭിപ്രായം. പുല്‍ക്കൂട് മത്സരം, കരോള്‍ മത്സരം, എന്തിന്.?

മത്സരമായിരിക്കരുത് നമ്മുടെ ലക്ഷ്യം.. ദൈവം നല്കിയ താലന്തുകളെ പ്രകടിപ്പിക്കാനും വളര്‍ത്താനുമുള്ള വേദികള്‍ ഒരുക്കുകയും അത് പ്രയോജനപ്പെടുത്തുകയുമായിരിക്കണം നമ്മുടെ ലക്ഷ്യം. വിജയിയായിരിക്കുവാനല്ല വിശ്വസ്തനായിരിക്കുവാനാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത് എന്ന് പറഞ്ഞ മദര്‍ തെരേസയുടെ മനോഭാവമാണ് നമുക്കുണ്ടാവേണ്ടത്.ഒന്നാമതെത്തുകയോ മറ്റൊരാളെ തോല്പിക്കുകയോ അല്ല വേണ്ടത്. എന്റെ കടമകളെ ഏറ്റവും നന്നായി ചെയ്യുക എന്നതാണ്..എനിക്കാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ്.

എന്റെ മകന്‍ ഒന്നാം ക്ലാസിന്റെ തുടക്കത്തിലെ ഒരു ദിവസം എന്നോട് പറഞ്ഞു. അപ്പേ ഇന്ന് എനിക്ക് ഓട്ടമത്സരത്തില്‍ സമ്മാനം കിട്ടി. അവന് അത് കിട്ടാന്‍ യാതൊരു സാധ്യതയുമില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം അവന് അത്തരമൊരു ടാലന്റ് ഇല്ലായിരുന്നു.

അതുകൊണ്ട് അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു. മോനായിരുന്നോ ഏറ്റവും മുന്നില്‍.. അപ്പോള്‍ വളരെ നിഷ്‌ക്കളങ്കതയോടെ അവന്‍ പറഞ്ഞു.

അല്ല അപ്പേ, ഞാന്‍ ഏറ്റവും പുറകിലായിരുന്നു. പക്ഷേ ടീച്ചര്‍ എനിക്കും മിഠായി തന്നു.

ആ ടീച്ചറിന് എന്റെ വലിയൊരു സല്യൂട്ട്. ലോകത്തിന്റെ കണ്ണില്‍ തോറ്റുപോയ എന്‍റെ മകനും വിജയിയാണെന്ന ആത്മവിശ്വാസം വളര്‍ത്താന്‍ ആ ടീച്ചര്‍ക്കായല്ലോ.

അല്ലെങ്കില്‍ നമ്മുടെ വിജയങ്ങള്‍ക്കെല്ലാം ആത്യന്തികമായി എന്താണ് അര്‍ത്ഥമുള്ളത്? ഈ ലോകത്തില്‍ ഞാന്‍ എല്ലായിടത്തും ഒന്നാമനാണെങ്കിലും ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ വിജയിയാകുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണര്‍ത്ഥമുള്ളത്? ദൈവത്തിന്റെ മുമ്പില്‍ വിജയിയാകുക എന്നതാണ് മുഖ്യം.

ഞാന്‍ നല്ല ഓട്ടം ഓടി. എന്റെ വിശ്വാസം കാത്തു എന്നാണ് അപ്പസ്‌തോലന്‍ പറയുന്നത്. അല്ലാതെ ഞാന്‍ അവരെയൊക്കെ തോല്പിച്ചും പിന്നിലാക്കിയും വിജയിച്ചു എന്നല്ല..ആത്മീയമേഖലയിലെ എല്ലാവരും ഓര്‍മ്മിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു ഇത്തരമൊരു വിവേകം.

വിജയിക്കാന്‍ ശ്രമിക്കുമ്പോള്‍ വിജയിയാകുമ്പോള്‍ ഒന്നുമാത്രം ചെയ്യുക. ക്രിസ്തുവിലേക്ക് നോക്കുക. ക്രിസ്തു എന്റെ വിജയത്തില്‍ സന്തോഷിക്കുന്നുണ്ടോ? അനേകരെന്റെ ലേഖനങ്ങള്‍ വായിച്ചാലും അനേകര്‍ എന്റെ പ്രസംഗങ്ങള്‍ കേട്ടാലും അതിലൊന്നും ദൈവപ്രസാദമില്ലെങ്കില്‍ അവ ദൈവത്തിന് വേണ്ടിയുള്ളവയല്ല എനിക്ക് വേണ്ടിയുള്ളവയാണ്. ദൈവത്തെ വിജയിപ്പിക്കുവാന്‍ വേണ്ടിയാകണം നമ്മുടെ എഴുത്തും പ്രസംഗവും പ്രവൃത്തികളുമെല്ലാം.ക്രിസ്തു പറയുന്നതുപോലെ ചെയ്യുന്പോളാണ് നാം വിജയിക്കുന്നത്. അല്ലാതെ മറ്റൊരാള്‍ ചെയ്യുന്നത് കണ്ട് അനുകരിക്കുന്പോഴല്ല..മറ്റൊരാളെ തോല്പിക്കാന്‍ വേണ്ടിയുള്ള മത്സരങ്ങളില്‍ ഒരാള്‍ മാത്രമേ വിജയിക്കുന്നുള്ളൂ. എന്നാല്‍ ക്രിസ്തു പറയുന്നതുപോലെ ചെയ്യുന്പോള്‍ എല്ലാവരും വിജയിക്കും.

ദൈവരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ മത്സരത്തിന്റെയും അസൂയയുടെയും ആയ എല്ലാ അരൂപികളും അകന്നുപോയിരുന്നുവെങ്കില്‍….

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login