ഒരു ചെവി കൊടുക്കാമോ…

ഒരു ചെവി കൊടുക്കാമോ…

മറ്റുള്ളവര്‍ക്ക് ചെവി കൊടുക്കുക എന്നത് വലിയൊരു കലയാണ്. അതില്‍ ചില ധ്യാനവും പുണ്യവുമുണ്ട്. പക്ഷേ എന്തു ചെയ്യാം ഇന്നത്തെ കാലത്ത് ആര്‍ക്കും മറ്റുള്ളവര്‍ക്കായി ചെവി കൊടുക്കാന്‍ സമയമില്ല, സന്മനസുമില്ല. കാരണം എല്ലാവര്‍ക്കും പറയാനാണ് താല്പര്യം.. മൊബൈല്‍ ഫോണ്‍ പോലെയുള്ള സംവിധാനങ്ങള്‍ രൂപപ്പെട്ടതോടുകൂടി പുറമേയ്ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ച് നാം നമ്മിലേക്ക് തന്നെ കൂടുതല്‍ ഒതുങ്ങിക്കുടിയിരിക്കുന്നു.

മറ്റുള്ളവരെ കേള്‍ക്കാനല്ല മറ്റുള്ളവരോട് നമ്മെക്കുറിച്ച് പറയാനാണ് നമുക്ക് കൂടുതല്‍ താല്പര്യം. മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കുവാനല്ല എന്റെ നേട്ടങ്ങളെക്കുറിച്ച് പറയുവാനാണ് നമുക്ക് താല്പര്യം. മറ്റുള്ളവരെ കേള്‍ക്കാന്‍ സന്നദ്ധരാകുന്നതോടെ സമൂഹത്തിലെയും സഭയിലെയും ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.

രാവിലെ മുതല്‍ രാത്രിവരെ വീടിനകത്ത് കുഞ്ഞും പ്രാരാബ്ദങ്ങളുമായി കഴിഞ്ഞുകൂടുന്ന ഭാര്യമാര്‍ക്ക് ചെവി കൊടുക്കാന്‍, സ്‌കൂളിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകുന്ന മകന് ചെവി കൊടുക്കാന്‍., ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന ഭര്‍ത്താവ് പറയുന്നത് കേള്‍ക്കാന്‍, രോഗവുമായി കടിപിടി കൂടുന്ന വൃദ്ധമാതാപിതാക്കളുടെ അരികില്‍ ചെന്നിരുന്ന് അവരുടെ പരാതി ഒന്ന് കേള്‍ക്കാന്‍…. ഇതിനൊക്കെ തയ്യാറാവുകയാണെങ്കില്‍ പല കുടുംബങ്ങളിലെയും പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാവും.

ഓഫീസില്‍ വൈകിയെത്തുന്ന ഉദ്യോഗസ്ഥനോട് ദേഷ്യപ്പെടാന്‍ സമയം കണ്ടെത്തുന്ന മേലുദ്യോഗസ്ഥന് അയാള്‍ വൈകിയതിനുള്ള നീതിപൂര്‍വ്വമായ കാരണം എന്തായിരുന്നുവെന്ന് ചോദിക്കാനുള്ള സന്മനസ് ഇല്ലാതെപോകുമ്പോള്‍ തൊഴില്‍ മേഖലയിലും സംഘര്‍ഷം ഉടലെടുക്കുന്നു.

സഭയിലും വിശ്വാസികള്‍ക്കിടയിലും എന്തെല്ലാം പ്രശ്‌നങ്ങളാണുള്ളത്! ഒരുപക്ഷേ പങ്കുവയ്ക്കാന്‍ വിശ്വസ്തരായി ആരെയും കിട്ടാത്തതുകൊണ്ട് എല്ലാം നെഞ്ചിലൊതുക്കുന്ന ഒരുപാട് പേരുണ്ടാവും..നെരിപ്പോടു പോലെ എരിയാന്‍ വിധിക്കപ്പെടുന്നവര്‍..

നമ്മുടെ വൈദികര്‍ക്കും സന്യാസിനികള്‍ക്കും ഇക്കാര്യത്തില്‍ ഒരുപാട് ചെയ്യാനുണ്ടെന്ന് തോന്നുന്നു..വൈകുന്നേരങ്ങളിലെ വീടുസന്ദര്‍ശനങ്ങള്‍..രോഗീസന്ദര്‍ശനങ്ങള്‍.. പറയാനുള്ളവരെ കേള്‍ക്കാനുള്ള അവസരമായി അവയെല്ലാം മാറട്ടെ..

ദൈവം നമുക്ക് രണ്ട് ചെവികള്‍ തന്നിരിക്കുന്നതുപോലും മറ്റുള്ളവരെ കേള്‍ക്കുവാനായിട്ടല്ലേ? പറയുവാന്‍ നമുക്ക് ഒരു നാവും വായും മാത്രമേ തന്നിട്ടുള്ളൂ എന്ന കാര്യവും മറക്കരുത്..

അതുകൊണ്ട് ഒരു കാതെങ്കിലും നാം മറ്റുള്ളവര്‍ക്കായി കൊടുക്കണം.പ്ലീസ്…

You must be logged in to post a comment Login