ഒരാള്‍ ദൈവകരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്നു, ഐഎസിനു വേണ്ടി!

ഒരാള്‍ ദൈവകരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്നു, ഐഎസിനു വേണ്ടി!

ഒട്ടും എളുപ്പമല്ല, ക്ഷമിക്കാന്‍. പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നിഷ്ഠുരമായി വധിച്ചവരോട്. അതിനേക്കാള്‍ പ്രയാസമാണ് അവര്‍ക്കു വേണ്ടി മനസറിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍, അവരോട് കരണ കാണിക്കണേമേ എന്ന് അപേക്ഷിക്കാന്‍.

ഇറാഖി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മരച്ചുവട്ടിലായിരുന്നു, ക്രിസ്റ്റീന ഷാബോയുടെ ജനനം. 1991 ലെ ഗള്‍ഫ് യുദ്ധ കാലത്ത്. ബോംബ് വര്‍ഷം ഭയന്ന് പലായനം ചെയ്ത ഷാബോയുടെ കുടുംബം എത്തിപ്പെട്ടത് അഭയാര്‍ത്ഥി ക്യാമ്പില്‍.

ഷാബോയുടെ ഉറ്റവരില്‍ പലരും ഐഎസിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടു. ഒരാളുടെ ശരീരം വെട്ടി നുറുക്കിയ നിലയിലാണ് ഭീകരവാദികള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുത്തത്. അക്രമത്തില്‍ പരിക്കേറ്റ ചിലര്‍ ഇപ്പോഴും ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്.

ഏതൊരാളുടെയും മനസ്സിനെ വെറുപ്പു കൊണ്ട് നിറയ്ക്കാവുന്ന ഇത്തരം ദുരനുഭവങ്ങള്‍ക്കു മധ്യേ നിന്നു കൊണ്ട് ക്ഷമിക്കുക വളരെ പ്രയാസകരമാണ്. ക്രാക്കോയില്‍ വച്ചു നടന്ന ലോക യുവജന സമ്മേളനത്തില്‍ വച്ച് ജൂലൈ 29 ന് ഇരുപത്തഞ്ചുകാരിയായ ഷാബോ തന്റെ സാക്ഷ്യം ലോകത്തോട് പറഞ്ഞു.

‘ഓരോ തവണ ദൈവകാരുണ്യത്തിന്റെ നൊവേന ചൊല്ലുമ്പോഴും ഞാന്‍ ക്ഷമയുടെ കൃപയ്ക്കായി ഈശോയോട് പ്രാര്‍ത്ഥിക്കുമായിരുന്നു. ‘ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി ഞങ്ങളുടെയും ലോകം മുഴുവന്റെയും മേല്‍ കരുണയായിരിക്കണമേ’ എന്നു പ്രാര്‍ത്ഥിക്കുന്നതിന് പകരം ഷാബോ, ‘ഐഎസിന്റെയും ലോകം മുഴുവന്റെയും മേല്‍ കരുണയായിരിക്കണമേ.’ എന്നു പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.’

അത്ര എളുപ്പമായിരുന്നില്ല ഇതെന്ന് ഷാബോ തുറന്നു പറയുന്നു. ആദ്യമൊന്നും ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നില്ല. ‘ഓരോ ദിവസവും ക്ഷമിക്കാനും ക്ഷമയുടെ അരൂപിയില്‍ നിലനില്‍ക്കാനും ഞാന്‍ പാടുപെട്ടു. എന്റെ ഉള്ളില്‍ ഇപ്പോഴും കോപം നുരയുന്നുണ്ട്. അതിനാല്‍ ഓരോ ദിവസവും ക്ഷമിക്കാന്‍ ഞാന്‍ എന്നോട് തന്നെ പോരുതുന്നു’ ഷാബോ പറയുന്നു.

ഷാബോയുടെ അമ്മ എട്ടു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഇറാഖ് വിടാന്‍ ഷാബോയുടെ കുടുംബം തീരുമാനിച്ചത്. 1991 ലായിരുന്നു, അത്. ദുര്‍ഘടമായ ആ യാത്രയില്‍ അനേകര്‍ മരിച്ചു. ഷാബോയുടെ ബന്ധുവായ 8 വയസ്സുകാരി റീത്തയും മരിച്ചവരില്‍ പെടും. അവളെ മലനിരകളില്‍ അടക്കാന്‍ മനസ്സില്ലാതെ അവളുടെ പിതാവ് റീത്തയുടെ ജഡം തുര്‍ക്കി വരെ ചുമന്നു കൊണ്ടു പോയി!

ഉദരത്തില്‍ ഷോബോയെയും ചുമന്നു നടന്ന അമ്മ അവസാനം ഒരു മരച്ചുവട്ടില്‍ തളര്‍ന്നു വീണു. അവിടെ വച്ചാണ് ഷാബോ പിറന്നത്.

ഒരു ദിവ്യകാരുണ്യ ആരാധനാ മധ്യേ ആണ് ക്ഷമിക്കാന്‍ ഷാബോയ്ക്ക് പ്രചോദനം ലഭിക്കുന്നത്. ഉള്ളില്‍ ആരോ പറയുന്നതു പോലെ. അവര്‍ക്കായി പ്രാര്‍ത്ഥിക്കൂ, അവരുടെ മാനസാന്തരത്തിനായി!

ഉള്ളില്‍ നിന്നും പക്ഷേ കോപം നീങ്ങിയിരുന്നില്ല. ആദ്യമൊക്കെ ഈ കോപം വച്ചു കൊണ്ടു തന്നെയാണ് പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ സാവധാനം കൃപയൊഴുകി. മനസ്സിനെ സൗഖ്യമാക്കി.

വെറുക്കാന്‍ അനേകം കാരണങ്ങളുണ്ട്. ക്ഷമിക്കാന്‍ ഒരേയൊരു കാരണം. ക്രിസ്തു! ഒരു വെല്ലുവിളി പോലെ അവിടുന്ന് നില്‍ക്കുന്നു. അസ്തിത്വത്തെ പിളര്‍ക്കുന്ന കരുണയുടെ ഒരു വെല്ലുവിളി പോലെ!

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login