ഒരു കൊലപാതകം സൃഷ്ടിച്ച അത്ഭുതങ്ങള്‍

ലോകത്തിലെ ഒരു അത്ഭുതവും റെനി ജോര്‍ജിനെ സംബന്ധിച്ചിടത്തോളം അത്ഭുതമേ അല്ല. പാപിയുടെ മാനസാന്തരമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്നാണ് റെനി ജോര്‍ജ് വിശ്വസിക്കുന്നത്. ഇനി മറ്റൊരു അത്ഭുതത്തെക്കുറിച്ച് ചോദിക്കുകയാണെങ്കില്‍ അദ്ദേഹം പറയും അത് തന്റെ ഭാര്യ ടീനയാണെന്ന്. കാരണം കൊലപാതകിയും തടവുകാരനുമായ റെനിയെ വിവാഹം കഴിക്കാന്‍ സന്നദ്ധയായ നേഴ്‌സായിരുന്നു ടീന.

റെനി ജോര്‍ജിനെ മനസ്സിലാകാത്തവരോടായി പറയാം.. കേരളത്തിലെ പ്രമാദമായ കരിക്കിന്‍വില്ല കൊലക്കേസിലെ മുഖ്യപ്രതിയാണ് റെനി ജോര്‍ജ്. മദ്രാസിലെ മോന്‍ എന്ന അപരനാമവും അദ്ദേഹത്തിനുണ്ട്. ജയിലറകള്‍ക്കുള്ളില്‍ തീരുമായിരുന്ന ആ ജീവിതം ഇന്ന് സുവിശേഷത്തിന്റെ സുഗന്ധംപരത്തുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടമാക്കിയാല്‍ അതുകൊണ്ട് എന്തു പ്രയോജനം എന്ന ഒറ്റ തിരുവചനം ജീവിതത്തിന്റെ അതുവരെയുള്ള എല്ലാ ഗതിവിഗതികളെയും വഴിതിരിച്ച് വിട്ടപ്പോള്‍ ദൈവസ്‌നേഹത്തിലേക്ക് മടങ്ങിയെത്തിയ വ്യക്തിയാണ് റെനി ജോര്‍ജ്.

കരിക്കിന്‍ വില്ല കൊലക്കേസ്

1980 ഒക്ടോബര്‍ ഏഴിനാണ് തിരുവല്ലയ്ക്ക് സമീപം കരിക്കിന്‍വില്ല വീട്ടിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരായ കെ. സി ജോര്‍ജിനെയും ഭാര്യ റേച്ചലിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയായ ഗൗരിയാണ് കൊലപാതകം പുറം ലോകത്തെ ആദ്യമായി അറിയിച്ചത്. ഷൂസിട്ട ചില അടയാളങ്ങള്‍ മാത്രമായിരുന്നു പോലീസ് സംഘത്തിന് ലഭിച്ച ആദ്യ തെളിവുകള്‍. ഇന്നത്തെ സിബി മാത്യൂസ് ഐപിഎസിനായിരുന്നു അന്വേഷണച്ചുമതല. ഷൂസ് ഇന്ത്യയ്ക്ക് വെളിയില്‍ നിര്‍മ്മിച്ചവയാണെന്ന് പോലീസ് കണ്ടെത്തി.

ഗൗരിയെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസ് സംഘത്തിന് മനസ്സിലായത് ആ വൃദ്ധ ദമ്പതികള്‍ തങ്ങളുടെ ഏറ്റവും അടുത്ത ഒരു ബന്ധുവിനെ ഈ ദിവസങ്ങളില്‍ വീട്ടില്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ്. മദ്രാസിലെ മോന്‍ എന്നായിരുന്നു ആ ബന്ധുവിനെ അവര്‍ വിളിച്ചിരുന്നതും. പോലീസ് സംഘം മദ്രാസിലേക്ക് യാത്രയായി .കൂടുതലായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പത്തുദിവസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സാധിച്ചു. റെനി ജോര്‍ജ് എന്ന കൊല്ലപ്പെട്ട ദമ്പതികളുടെ അടുത്ത ബന്ധുവും അയാളുടെ വിദേശി സുഹൃത്തുക്കളുമായിരുന്നു കൊലപാതകം ചെയ്തത്.

മൗറീഷ്യസുകാരായ ഗുലാം മുഹമ്മദും ഗുണശേഖരനും കെനിയക്കാരനായ കിബ്ലോ ഡാനിയേലുമായിരുന്നു പ്രതികള്‍. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ ഈ ചെറുപ്പക്കാര്‍ പണത്തിന് വേണ്ടിയാണ് കൊലപാതകം ചെയ്തത. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പദ്ധതി പ്രകാരം ഒക്ടോബര്‍ ആറിന് അവര്‍ തിരുവല്ലയില്‍ എത്തുകയും കൃത്യം നിര്‍വഹിക്കുകയുമായിരുന്നു.

മാവേലിക്കര സബ് ജയിലിലായിരുന്നു ആദ്യം അവരെ പാര്‍പ്പിച്ചിരുന്നത്. മാവേലിക്കര അഡീഷനല്‍ സെഷന്‍ കോര്‍ട്ടില്‍ നിന്ന് ആലപ്പുഴ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറി. വധശിക്ഷയാണ് ആദ്യം കോടതി വിധിച്ചിരുന്നതെങ്കിലും ജീവപര്യന്തം തടവാക്കി പിന്നീട് കോടതി ശിക്ഷ കുറച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ആ കുറ്റവാളികള്‍ക്ക് തങ്ങളുടെ അധമവാസനകളെ കൂടുതല്‍ വളര്‍ത്താനുള്ള സാഹചര്യമാണ് സമ്മാനിച്ചത്. അവിടെയുള്ള പഴയ കുറ്റവാളികളുമായി ആത്മസൗഹൃദം സ്ഥാപിച്ചതോടെ ജയില്‍ അധികാരികള്‍ക്ക് പോലും റെനിയെയും കൂട്ടുകാരെയും അമര്‍ച്ച ചെയ്യാനായില്ല. മദ്യവും മയക്കുമരുന്നും ജയിലുകളില്‍ സുലഭമായി ലഭിക്കത്തക്ക സാഹചര്യങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു.

മൂന്നാം മുറയും ഏകാന്ത തടവും റെനിയെ മാറ്റിമറിച്ചില്ല. ഓരോ വിപരീതങ്ങളും കൂടുതല്‍ കൂടുതല്‍ ക്രൂരതയിലേക്കും തിന്മയിലേക്കുമാണ് റെനിയെ നയിച്ചത്. പിശാച് റെനിയുടെ ജീവിതത്തെ അടിമയാക്കി വച്ചിരുന്ന ഇരുണ്ടകാലം.

താന്‍ എന്തിന് വേണ്ടി ജീവിക്കുന്നു, ആര്‍ക്കുവേണ്ടി ജീവിക്കുന്നു തുടങ്ങിയ നിഷേധാത്മകചിന്തകള്‍ മനസ്സിനെ കീഴടക്കിയ കാലം.
അതിനിടയില്‍ റെനിക്ക് പരോള്‍ ലഭിച്ചു. ഒരു ബാങ്ക് കവര്‍ച്ച പ്ലാന്‍ ചെയ്താണ് റെനി പരോളിലിറങ്ങിയത്. ജയിലിലേക്ക് റെനി മദ്യവും മയക്കുമരുന്നും പണവും കൊണ്ടുവരുന്നത് തടവുകാരും സ്വപ്‌നം കണ്ടു. പക്ഷേ….

വീട്ടിലെത്തിയ വ്യത്യസ്തനാം വിരുന്നുകാരന്‍

പരോളിലിറങ്ങിയ റെനിയെ തേടി ഒരു ദിവസം ഒരു ചെറുപ്പക്കാരനെത്തി. പ്രതിയോഗികളെ ആരെയെങ്കിലും ഇല്ലായ്മ ചെയ്തുതരണം എന്ന ആവശ്യവുമായിട്ടായിരിക്കാം ഇയാളും എത്തിയിരിക്കുന്നത് എന്നേ റെനി വിചാരിച്ചുള്ളൂ. ഇത്തരം ആവശ്യവുമായി പലരും റെനിയെ ഇക്കാലങ്ങളില്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

പക്ഷേ വ്യത്യസ്തനായ ഒരു സന്ദര്‍ശകരനായിരുന്നു ആ ചെറുപ്പക്കാരന്‍. പാപത്തില്‍ മുഴുകി ജീവിച്ച ഭൂതകാലത്തിന്റെ വിവരണം അയാള്‍ റെനിക്ക് നല്കി. ഒടുവില്‍ മാനസാന്തരപ്പെട്ടതിന്റെയും. ആ ചെറുപ്പക്കാരന് റെനിയോട് അപേക്ഷിക്കാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ.

ഒരു ധ്യാനത്തില്‍ സംബന്ധിക്കണം..

കേട്ടപ്പോള്‍ റെനിക്ക് ചിരിക്കാനാണ് തോന്നിയത്. ഇനി ആര്‍ക്കുവേണ്ടി നല്ലവനാകണം എന്നായിരുന്നു ചിന്ത മുഴുവന്‍. ജീവിതം നശിച്ചു.. ഇനി ഇങ്ങനെ തന്നെ പോകട്ടെ..എവിടെയെങ്കിലും തീരുന്നുവെങ്കില്‍ അവിടെവച്ച് തീരട്ടെ.

പക്ഷേ ആ ചെറുപ്പക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ധ്യാനത്തില്‍ സംബന്ധിക്കാന്‍ റെനി സമ്മതിച്ചു. കരമുയര്‍ത്തിയും കൈയടിച്ചും ദൈവത്തെ ആരാധിക്കുന്ന ഒരു വിശ്വാസസമൂഹത്തെ കണ്ടപ്പോള്‍ റെനിക്ക് പുച്ഛമാണ് തോന്നിയത്. എന്നാല്‍ അതിനിടയില്‍ വചനം റെനിയെ തൊട്ടു.

ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ അതുകൊണ്ട് എന്തു പ്രയോജനം? ഫ്രാന്‍സിസ് സേവ്യറിനെപ്പോലെയുള്ളവരെ മാനസാന്തരപ്പെടുത്തിയ വചനം. അത് ജീവിതത്തിലെ അവിസ്മരണീ.യമായ നിമിഷമായിരുന്നു. റെനിയുടെ ഹൃദയത്തിലേക്ക് ഈ വചനം ചാട്ടുളി പോലെ പതിച്ചു. റെനി കരയാന്‍തുടങ്ങി. ദൈവവചനം മാത്രമാണ് യാഥാര്‍ത്ഥ്യമെന്ന് റെനി മനസ്സിലാക്കി. മാംസളമായ ഹൃദയം നല്കിയാണ് ദൈവം റെനിയെ അവിടെ നിന്ന് പറഞ്ഞയച്ചത്.

 

ജയിലിലെ കുഞ്ഞാട്

റെനി പരോളിലിറങ്ങിയ അവസരത്തില്‍തന്നെയാണ് കേരളത്തിലെ ഒരു പ്രമുഖ ബാങ്ക് കൊള്ളയടിക്കപ്പെട്ടത്. ജയില്‍സുഹൃത്തുക്കള്‍ വിചാരിച്ചത് അത് നിര്‍വഹിച്ചത് റെനി തന്നെയായിരിക്കുമെന്നാണ്. ( വര്‍ഷം പലതുകഴിഞ്ഞിട്ടും ആ കേസ് തെളിയിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല_) എന്നാല്‍ റെനി കൊള്ളയടിച്ചത് സ്വര്‍ഗ്ഗത്തിലെ ബാങ്ക് ആയിരുന്നു. കൈനിറയെ തങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാമായി വരുന്ന റെനിയെ ജയില്‍പ്പുള്ളികള്‍ കാത്തിരുന്നു. പക്ഷേ റെനി കൊണ്ടുവന്നത് വിശുദ്ധ ഗ്രന്ഥമായിരുന്നു.

രാത്രിയുടെ ഏകാന്തതയില്‍ വചനം വായിച്ച് ധ്യാനിക്കുകയും പാപങ്ങളോര്‍ത്ത് മനസ്തപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന റെനി ആദ്യമൊക്കെ സഹതടവുകാര്‍ക്ക് പരിഹാസവും ചോദ്യചിഹ്നവുമായിരുന്നു.

ഒരാഴ്ച.. അല്ലെങ്കില്‍ ഒരു മാസം..ആറുമാസം..

റെനിയുടെ മാനസാന്തരത്തിന്റെ കാലാവധിയെക്കുറിച്ച് അവര്‍ വിധിയെഴുതി. പക്ഷേ ദൈവം എന്ന കുശവന്‍ പുതുതായി മെനഞ്ഞെടുത്ത കളിമണ്‍പാത്രമായിരുന്നു അതെന്നും അതിനുള്ളില്‍ ദൈവം പരിശുദ്ധാത്മാവിനെ നിക്ഷേപിച്ചിട്ടുണ്ടെന്നും അവര്‍ അറിയാന്‍ വളരെ വൈകി പോയി.ക്രൈസ്തവവിശ്വാസത്തിന്റെ ബാലപാഠങ്ങളിലേക്ക് ജയിലഴികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് റെനി യാത്ര ആരംഭിക്കുകയായിരുന്നു.

അത്ഭുതങ്ങളുടെ തുടക്കം

റെനിയുടെ മാനസാന്തരം മറ്റ് ചില അത്ഭുതങ്ങള്‍ക്കും ആരംഭം കുറിച്ചു. കൂട്ടുപ്രതികളിലൊരാളായ ഗുലാം മുഹമ്മദ് ക്രിസ്തുവിശ്വാസത്തിലേക്ക് വന്നതായിരുന്നു അതിലൊന്ന്. കരിക്കിന്‍വില്ലയിലെ ജോലിക്കാരി ഗൗരി വിശ്വാസജീവിതം സ്വീകരിച്ചത് മറ്റൊരു അത്ഭുതമായി. കരിക്കിന്‍വില്ല കൊലക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസ്് നവീകരണരംഗത്തേക്ക് കടന്നുവന്നത് മറ്റൊരു അത്ഭുതമായി. പരോളില്‍ ഇറങ്ങിയ റെനി ടീനയെ വിവാഹം ചെയ്തും ഒരു അത്ഭുതം തന്നെ. റെനിയുടെ മാനസാന്തരം വധശിക്ഷയ്‌ക്കെതിരെ ശബ്ദിക്കുവാന്‍ ജീവന് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് കൂടുതല്‍ പ്രേരണയും നല്കി. വധശിക്ഷയാണ് നല്കിയിരുന്നതെങ്കില്‍ റെനിക്ക് മാനസാന്തരം ഉണ്ടാവുകയില്ലായിരുന്നു എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

പുറത്തേക്ക്..

1995 ജൂണ്‍ 23 ന് റെനി ജയില്‍ മോചിതനായി. തനിക്ക് ലഭിച്ച മാനസാന്തരത്തിന്റെ അനുഭവങ്ങള്‍ ലോകത്തോട് പങ്കുവച്ച് ഇന്ന് ദൈവസ്‌നേഹഗാഥകള്‍ പാടി വചനപ്രഘോഷണവേദികളില്‍ സജീവസാന്നിധ്യമായിരിക്കുകയാണ് റെനി ജോര്‍ജ്. റെനി- ടീന ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്.

ജയില്‍ മോചിതനായ റെനി ജയില്‍വാസികളുടെ കുട്ടികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി റെനീസ് ചില്‍ഡ്രന്‍സ് സ്ഥാപിച്ച് മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം പ്രിസന്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും കൂടിയാണ്.

You must be logged in to post a comment Login