ഒരു ചെറുപുഞ്ചിരി മതി, ലോകം മാറിമറിയാന്‍…

ഒരു ചെറുപുഞ്ചിരി മതി, ലോകം മാറിമറിയാന്‍…

smileഹൃദയം തുറന്നുള്ള ഒരു ചെറുപുഞ്ചിരിയില്‍ എന്തിരിക്കുന്നു എന്നാണോ? എന്നാലതിന് ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ ഭാഷ്യം. ഊഷരമായ ഭൂമിയില്‍ അതു മഴ പെയ്യിക്കും. മരുഭൂമിയിലെ മരുപ്പച്ച പോലെ വരണ്ട ഭൂമികളെ സമ്പന്നമാക്കും. കുടുംബാംഗങ്ങളുടെ കാപട്യമില്ലാത്ത സ്‌നേഹവും ഹൃദയഭേദകമായ ചിരിയും ലോകമാകുന്ന കുടുംബത്തിന്റെ വര്‍ത്തമാന അവസ്ഥയെ ആകമാനം മാറ്റിമറിക്കുമെന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്. തണുത്തിരിക്കുന്ന ഭൂമിക്ക് അതു ചൂടു പകരുമെന്നും.
ലോകം എത്രയൊക്കെ വികസിച്ചാലും സാങ്കേതിക വിദ്യകള്‍ എത്രയൊക്കെ മാറിയാലും ഈ സ്‌നേഹവും സന്തോഷവുമില്ലെങ്കില്‍ നമ്മുടെ ജീവിതം നിരര്‍ത്ഥകമാണ്. കാപട്യമില്ലാത്ത സ്‌നേഹം എവിടെനിന്നും വാങ്ങാന്‍ പറ്റുന്നതല്ല. അത് ഒരുവന്റെ ഉള്ളില്‍ തന്നെ ഉള്ളതാണ്. ഈ സ്‌നേഹത്തിന്റെ വ്യാകരണം നാം അഭ്യസിക്കുന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. സ്വാര്‍ത്ഥതയില്ലാത്ത, കറ പുരളാത്ത സ്‌നേഹമാണത്. ആ സ്‌നേഹത്തിന് ഒരിക്കലും മരണമില്ല.
നഗരങ്ങള്‍ ഇന്ന് സ്‌നേഹശൂന്യമായ ഇടങ്ങള്‍ മാത്രമായി മാറിയിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്നും യത്ഥാര്‍ത്ഥസ്‌നേഹം അപ്രത്യക്ഷമായിരിക്കുന്നു. കുടുംബത്തിനായി മാറ്റിവെയ്ക്കാന്‍ ഈ നെട്ടോട്ടത്തിനിടയില്‍ സമയമില്ല. ഒന്നു ചിരിക്കാന്‍ പോലും മറക്കുന്നു. ഏതോ മായയുടെ പിന്നാലെ പരക്കം പായുന്നതിനിടയില്‍, ജീവിതത്തിലെ തിക്കിത്തിരക്കലുകള്‍ക്കിടയില്‍ ചവിട്ടിയരക്കപ്പെടുന്നത് പവിത്രമായ മൂല്ല്യങ്ങളാണ്. ദമ്പതികള്‍ സുവിശേഷപുണ്യങ്ങള്‍ക്കനുസൃതമായ ജീവിതം നയിക്കണമെന്നും അത് മക്കളിലേക്കും പകരണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login