ഒരു തെങ്ങുകയറ്റക്കാരന്റെ പ്രാര്‍ത്ഥനാജീവിതം

സ്പിരിച്വല്‍ ലൈഫ് സ്റ്റൈലില്‍ ആത്മീയ എഴുത്തുകാരനും വചനപ്രഘോഷകനുമായ തങ്കച്ചന്‍ തുണ്ടിയില്‍ സംസാരിക്കുന്നു.

 

രണ്ടു വര്‍ഷം മുമ്പു വരെ തെങ്ങുകയറ്റമായിരുന്നു എന്റെ ജീവിതമാര്‍ഗ്ഗം. ദിവസവും പതിനഞ്ച് വീടുകളില്‍ വരെ ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. തെങ്ങില്‍ കയറുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുമോയെന്ന് പലരും സംശയിച്ചിട്ടുണ്ട്. തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാന്‍ കഴിയും. ജീവിതത്തിലെ ഏതവസ്ഥയിലും ഏത് ജോലിക്കിടയിലും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.

പാന്റ്‌സിട്ടാണ് ഞാന്‍ തെങ്ങുകയറുന്നത്. അത്തരം അവസരങ്ങളില്‍ ഞാന്‍ പാന്റ്‌സിന്റെ
പോക്കറ്റില്‍ കുറെയധികം കല്ലുകള്‍ എടുത്തിട്ടും. എന്തിനെന്നറിയാമോ, തെങ്ങുകളില്‍ കയറുമ്പോഴും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ അവയുടെ എണ്ണം തെറ്റിപ്പോകാതിരിക്കാന്‍.
ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോഴും ഓരോ കല്ല് പുറത്തെറിയും. എത്ര കൊന്ത ചൊല്ലിയെന്ന് ഇപ്രകാരം കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ദിവസവും 10 കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട് ഞാന്‍. എത്ര തിരക്കുണ്ടെങ്കിലും അതിന് കുറവ് വരുത്തിയിട്ടില്ല.

രാവിലെയും വൈകിട്ടും ബൈബിള്‍ വായന പതിവാണ്. എന്റെ ആത്മീയജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്നു പറയുന്നത് വിശുദ്ധ ബലിയാണ്. 20 വര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും വിശുദ്ധ ബലി മുടക്കിയിട്ടില്ല. അതുപോലെ ദിവ്യകാരുണ്യസ്വീകരണവും. ദിവ്യകാരുണ്യസ്വീകരണത്തോടു കൂടിയുള്ളതാണ് എന്റെ വിശുദ്ധ ബലികള്‍.

വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും മുടക്കം വരുത്തിയിട്ടില്ല. വെളുപ്പിന് അഞ്ചര മണി സമയമാണ് വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി നീക്കിവച്ചിരിക്കുന്നത്. രാത്രിയിലും വ്യക്തിപരമായ പ്രാര്‍ത്ഥനയുണ്ട്. സപ്രപ്രാര്‍ത്ഥനകള്‍, കരുണക്കൊന്ത, ത്രികാലജപം എന്നിവയ്ക്കും മുടക്കം വരുത്തിയിട്ടില്ല.

വൈദികനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. വൈദികനാകുന്നത് വിശുദ്ധനാകാന്‍ വേണ്ടിയായിരുന്നു. അന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നത് വൈദികര്‍ക്ക് മാത്രമേ വിശുദ്ധരാകാന്‍ കഴിയൂ എന്നായിരുന്നു. പക്ഷേ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനം നിന്നു.പിന്നെ ജീവിക്കാനായി തെങ്ങുകയറ്റം തിരഞ്ഞെടുത്തു.

ഇസ്‌നോഫീലിയായുടെ ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നു. അത് പരിഹരിക്കപ്പെടാനായിട്ടാണ് ഒരു ധ്യാനത്തില്‍ പങ്കെടുത്തത്. അവിടെ വച്ചാണ് വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള വലിയ ബോധ്യവും വിശുദ്ധ കുര്‍ബാനയുടെ ശക്തിയും എനിക്ക് മനസ്സിലായത്..പിന്നീട് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ഒരു പുസ്തകം വരെ എഴുതാന്‍ ദൈവം എനിക്ക് അവസരം നല്കി.. ആ പുസ്തകം വായിച്ചിട്ടുള്ള പലരും ദിവ്യകാരുണ്യത്തെക്കുറിച്ച് ക്ലാസെടുക്കാന്‍ വിളിച്ചുതുടങ്ങി..ഇപ്പോള്‍ പലയിടങ്ങളിലും ധ്യാനങ്ങളില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ക്ലാസെടുക്കും.
വിശുദ്ധ കുര്‍ബാനയെക്കുറിച്ചെഴുതിയ പുസ്തകം ഇതിനം 20 പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

വിശുദ്ധരുടെ ജീവചരിത്രങ്ങള്‍- അനുദിന വിശുദ്ധര്‍- ദിനവും വായിച്ച് ധ്യാനിക്കാറുണ്ട്. ഓരോ വിശുദ്ധരില്‍ നിന്നും നമുക്ക് കുറെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്. അവരുടെ ആത്മീയശൈലികള്‍ അനുകരിക്കാനുമുണ്ട്.ക്രിസ്ത്വാനുകരണവും അനുദിന പ്രാര്‍ത്ഥനകളില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകമാണ്.

എന്നെ സംബന്ധിച്ചിടത്തോളം ദൈവസ്വരം കേള്‍ക്കാനായി നിശ്ശബ്ദതയോടെ ഇരിക്കുന്ന നേരമാണ് പ്രാര്‍ത്ഥന. ലേഖനങ്ങള്‍ എഴുതാനും വചനം പ്രഘോഷിക്കാനും എനിക്ക് പുതിയ ബോധ്യങ്ങള്‍ ലഭിക്കുന്ന വേളകള്‍ കൂടിയാണ് പ്രാര്‍ത്ഥനയുടെ അവസരങ്ങള്‍.

( സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലുള്ള, സാധാരണത്തമുള്ള ആത്മീയലേഖനങ്ങളുടെ എഴുത്തുകാരനാണ് തങ്കച്ചന്‍ തുണ്ടിയില്‍. എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നിവയാണ് പ്രധാന കൃതികള്‍. മലയാളത്തിലെ ഒട്ടുമിക്ക ആത്മീയ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.. വചനപ്രഘോഷകനുമാണ് ).

 

You must be logged in to post a comment Login