ഒരു ദര്‍ശനം ജന്മം നല്‍കിയ പതിനൊന്ന് ദേവാലയങ്ങള്‍

ഒരു ദര്‍ശനം ജന്മം നല്‍കിയ പതിനൊന്ന് ദേവാലയങ്ങള്‍

ലാലിബെല്ല: എത്യോപ്പിയയിലെ ലാലിബെല്ല എന്ന ഉള്‍നാടന്‍ പട്ടണത്തില്‍ ചെന്നാല്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് ചിലര്‍ വിളിക്കുന്ന ദേവാലയങ്ങള്‍ കാണാം. വലിയ ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ദേവാലയങ്ങള്‍ ഇന്നും കാഴ്ചക്കാരില്‍ അത്ഭുതമുളവാക്കുന്നു.

12ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കാന്‍ പോകുന്ന മഹാവിപത്തിന് മറുപടിയെന്നോണം എത്യോപ്പ്യയിലെ രാജാവിന് ലഭിച്ച നിഗൂഢമായ ദര്‍ശനമാണ്‌ ഇന്ന് കാണുന്ന ദേവാലയത്തിന് രൂപം നല്‍കിയത്. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഇന്ന് വിശുദ്ധനായി വണങ്ങുന്ന രാജാവ് ഗെബ്രേ മെസ്‌ക്വെല്‍ ലാലിബെല്ലയാണ് ദേവാലയ നിര്‍മ്മാണത്തിന് പിന്നില്‍. ലാലിബെല്ലയില്‍ കല്ലില്‍ തീര്‍ത്ത ഒരു ദേവാലയമല്ല ഉള്ളത്. ഇത്തരത്തില്‍ 11 എണ്ണം കാണാന്‍ സാധിക്കും.

12-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 13-ാം നൂറ്റാണ്ടിന്റെ മധ്യത്തിലുമാണ് ദേവാലയങ്ങള്‍ പണികഴിപ്പിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്നു. 12ാം നൂറ്റാണ്ടിലാണ് ജെറുസലേം എന്ന വിശുദ്ധ നഗരം സലാദിന്‍ എന്ന മുസ്ലീം നേതാവ് കീഴടക്കിയത്. ഏതാണ്ട് അതേ സമയത്തു തന്നെയാണ് ജെറുസലേമിനെ സംബന്ധിച്ചൊരു ദര്‍ശനം രാജാവിന് ലഭിച്ചത്. അദ്ദേഹം തന്റെ പദ്ധതിയെ രണ്ടു വിഭാഗങ്ങളാക്കി. ആദ്യത്തേതില്‍ തന്റെ ആസ്ഥാന നഗരത്തെ പുതിയ ജെറുസലേം എന്നാക്കി. അദ്ദേഹത്തിന് ലഭിച്ച ദര്‍ശനമനുസരിച്ച് നഗരത്തിന്റെ സുപ്രധാന ഭാഗങ്ങളെ അടയാളപ്പെടുത്തുന്നതിനായി ദേവാലയങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹം രണ്ടാമത്തെ പദ്ധതിയില്‍ പ്രജകളോട്‌ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ പണിത പതിനൊന്നു പളളികളില്‍ ഒന്നായ “ബൈറ്റെ മെദ്‌ഹെയ്ന്‍ അലം” ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ദേവാലയമാണെന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു.

You must be logged in to post a comment Login