ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ നിറവില്‍

ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ നിറവില്‍

3262730_origകുരിശില്‍ തറച്ചുകൊന്ന ക്രിസ്തുവിന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ട് കുത്തിയപ്പോള്‍ ഉടനെ അതില്‍ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടതായി വിശുദ്ധ യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഓരോ ദിവ്യബലിയിലും അര്‍പ്പിക്കുന്ന അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു എന്നാണ് നമ്മുടെ വിശ്വാസം. എങ്കിലും നമ്മളാരും അതിന് നേരില്‍ സാക്ഷികളായിട്ടില്ല. എന്നാല്‍ നാം പങ്കെടുക്കുന്ന ദിവ്യബലിക്കിടയില്‍ അത്തരമൊരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചാലോ? എന്തായിരിക്കും നമ്മുടെയെല്ലാം അത്ഭുതവും സന്തോഷവും. അ്ങ്ങനെയെങ്കില്‍ താന്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കിടയില്‍ തന്നെ ഇത്തരമൊരു അത്ഭുതം സംഭവിക്കുമ്പോള്‍ ആ കാര്‍മ്മികന്‍ അനുഭവിക്കുന്ന വികാരം എന്തായിരിക്കും?
ബിഷപ് ക്ലോഡിയോ ഗാട്ടിയ്ക്ക് അത്തരമൊരു അനുഭവമുണ്ടായി.. ദിവ്യകാരുണ്യാത്ഭുതങ്ങളില്‍ വളരെ പ്രധാനപ്പെട്ടതുതന്നെയാണ് കാത്തലിക് ഡെല്‍ഹി റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം. രണ്ടായിരം ജൂണ്‍ 11 നാണ് ഈ അത്ഭുതം സംഭവിച്ചത്. അന്നേ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പെന്തക്കുസ്താദിനമായിരുന്നു അത് . മദര്‍ ഓഫ് ദ യൂക്കരിസ്റ്റ് ചര്‍ച്ചില്‍ വിശുദ്ധ ബലി അര്‍പ്പിച്ചപ്പോഴായിരുന്നു അത്ഭുതം സംഭവിച്ചത്. കൂദാശ വചനങ്ങള്‍ ഉച്ചരിച്ച് ദിവ്യകാരുണ്യം ഉയര്‍ത്തിയപ്പോള്‍ അതില്‍ നിന്ന് രക്തം ഒഴുകിത്തുടങ്ങുന്നത് ബിഷപ് ക്ലോഡിയോ കണ്ടു. ആ നിമിഷങ്ങളില്‍ ചലിക്കുവാനോ കൈകള്‍ അനക്കുവാനോ കഴിയാത്ത വിധത്തിലായി അദ്ദേഹം. ഉയര്‍ത്തിപിടിച്ച ദിവ്യകാരുണ്യത്തിലേക്ക് നോക്കി അദ്ദേഹം നിശ്ചലനായി നിന്നുപോയി. ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ ആകുലപ്പെട്ടത് അദ്ദേഹത്തിന് എന്തോ സംഭവിച്ചു എന്നാണ്. ബിഷപ്പിന്റെ മുഖം വിളറി വെളുത്തുപോയി. അപ്പോഴേക്കും വിശ്വാസികള്‍ കണ്ടു തിരുരക്തം ഒഴുകിയിറങ്ങുന്ന തിരുവോസ്തിയെ. പള്ളിക്കകം കൂടുതല്‍ ഭക്തിസാന്ദ്രമായി. രക്തം പുരണ്ട തിരുവോസ്തിയില്‍ നിന്ന് സുഗന്ധം പ്രസരിക്കുന്നുമുണ്ടായിരുന്നു.
രക്തം ഒഴുകിയിറങ്ങുന്ന തിരുവോസ്തി ഭക്ഷിക്കണമോ? ബിഷപ് ഒരു നിമിഷം സംശയിച്ചു. വിശുദ്ധ ബലി എങ്ങനെ അര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന മാസ് ബുക്കിലെ നാലാം അധ്യായത്തിലെ 113 മുതല്‍ 116 വരെയുള്ള കാര്യങ്ങളാണ് ബിഷപ്പിന്റെ മനസ്സിലേക്ക് കടന്നുവന്നത്. അതനുസരിച്ച് അദ്ദേഹം വേഗം തിരുവോസ്തി സ്വീകരിച്ചു. ക്രിസ്തുവിനെ അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും അപ്പോള്‍ രുചിച്ചറിയുകയായിരുന്നു.. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പട്ടികയിലേക്ക് ബിഷപ് ക്ലോഡിയോയുടെ അനുഭവം കൂടി ചേര്‍ക്കപ്പെടുകയാണ്..

You must be logged in to post a comment Login