ഒരു നല്ല അയല്‍ക്കാരിയുടെ കഥ

ഒരു നല്ല അയല്‍ക്കാരിയുടെ കഥ

അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് പരോപകാരിയുംസ്‌നേഹസമ്പന്നയുമായ തങ്കമ്മ എന്ന ഹൈന്ദവ സഹോദരിയെക്കുറിച്ച്. ഞങ്ങളുടെ അയല്‍ക്കാരിയായിരുന്നു അവര്‍. ഇല്ലായ്മകളും ദാരിദ്ര്യവും ഇടയ്ക്കിടെ എത്തി നോക്കാ റുണ്ടായിരുന്ന ഞങ്ങളുടെ അന്നത്തെ ജീവിതത്തിലേക്ക് പലപ്പോഴും സഹായമെത്തിക്കാറുണ്ടായിരുന്നത് തങ്കമ്മയായിരുന്നു.

അപ്പന് കച്ചവടമായിരുന്നു. പക്ഷേ കൂട്ടലും കിഴിക്കലും നടത്തി നടത്തി ഒടുവില്‍ അപ്പന്റെ പണപ്പെട്ടിയില്‍ ബാക്കിയുണ്ടായിരുന്നത് കടം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഭാര്യയും ആറുമക്കളുമടങ്ങുന്ന കുടുംബം നോക്കിനടത്താന്‍ അപ്പന്‍ നന്നേ പണിപ്പെട്ടിരുന്നു. പിടിയരിയിട്ടും ആടുവളര്‍ത്തിയും അപ്പനെ സഹായിക്കാന്‍ അമ്മ ശ്രമിച്ചിരുന്നെങ്കിലും അതില്‍ ചിലപ്പോഴൊക്കെ അമ്മ തോറ്റുപോയിരുന്നു. അത്തരം അവസരങ്ങളിലായിരുന്നു തങ്കമ്മയുടെ ദൈവികമായ ഇടപെടല്‍.

വൈകുന്നേരങ്ങളില്‍ വര്‍ത്തമാനം പറയാനായി തങ്കമ്മ ഞങ്ങളുടെ വീട്ടിലെത്തും. തങ്കമ്മയ്ക്ക് എന്നും പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടാവും. (അതുകേട്ടാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്ന് നോവിക്കുന്ന തമാശയോടെ ഇന്ന് കൂടപ്പിറപ്പുകള്‍ പറയാറുണ്ട്). പറഞ്ഞ് പറഞ്ഞ് സന്ധ്യയാകും.

ഇടയ്ക്ക് തങ്കമ്മ അടുക്കളയിലേക്ക് തലനീട്ടി ചോദിക്കും ”അല്ല, അത്താഴത്തിന് നോക്കാറായില്ലേ?” അപ്പോള്‍ അമ്മ പറയും: ‘പുള്ളിക്കാരന് ജലദോഷമാ. അല്ലെങ്കിലും ചൂടായിട്ട് വേണമെന്ന് അങ്ങേര്‍ക്ക് നിര്‍ബന്ധമാ…”

പറഞ്ഞുകഴിഞ്ഞ് ഒട്ടും ധൃതി കൂടാതെ അമ്മ അടുക്കളയിലേക്ക് കയറും. അടുപ്പില്‍ തീ കത്തിച്ച് കഞ്ഞിക്കലം എടുത്തുവയ്ക്കും. തീ ഏറ്റവും കുറച്ച് കത്തിക്കാന്‍ അമ്മ അപ്പോഴും ശ്രദ്ധിക്കും. പിന്നെ കുറേനേരം കഴിയുമ്പോള്‍ അമ്മ പറയും; ”ഇനി കുരിശുവരയ്ക്കാന്‍ സമയമായി തങ്കമ്മേ…” അത് സംസാരം അവസാനിപ്പിക്കാനും തനിക്കു പോകാനുമുള്ള സമയമാണെന്ന് തങ്കമ്മയ്ക്കറിയാം.

തങ്കമ്മ പോയെന്ന് ഉറപ്പുവരുത്തിക്കഴിയുമ്പോള്‍ അമ്മ വീണ്ടും അടുക്കളയിലേക്ക് കയറും. എന്തിനെന്നോ, തീ കെടുത്തി കലം ഇറക്കിവയ്ക്കാന്‍, തിളച്ച വെള്ളം കമഴ്ത്തിക്കളയാന്‍… കാരണം അമ്മയുടെ പിടിയരിപാത്രത്തില്‍ ഒരുമണി അരിപോലും ഉണ്ടായിരുന്നില്ലല്ലോ. പിന്നെ മക്കളെയുംകൂട്ടി വരാന്തയിലെത്തി, വിശുദ്ധ രൂപങ്ങള്‍ക്ക് മുമ്പാകെ മുട്ടുകുത്തി നെറ്റിയില്‍ കുരിശു വരച്ച് അമ്മ പ്രാര്‍ത്ഥിക്കും; ”അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങള്‍ക്ക് തരണമേ.”

ഒരു സന്ധ്യയ്ക്ക്, മുകളില്‍ സൂചിപ്പിച്ചതുപോലെ കലത്തിലെ വെള്ളം കമഴ്ത്തിക്കളഞ്ഞ് അമ്മ പുറംതിരിഞ്ഞത് തങ്കമ്മയുടെ നേര്‍ക്കായിരുന്നുവത്രെ. തങ്കമ്മ അമ്മയോട് ഒന്നും ചോദിച്ചില്ല. പകരം ഒരു കടലാസ്‌പൊതി അമ്മയുടെ നേര്‍ക്കു നീട്ടി. അരിയായിരുന്നു അത്. അതേറ്റുവാങ്ങുമ്പോള്‍ പൊട്ടിക്കരഞ്ഞുപോയിയെന്നാണ് അമ്മ പിന്നീടു പറഞ്ഞത്.

അതമ്മയുടെ പ്രത്യേകതയായിരുന്നു. വീട്ടിലെ വിഷമതകള്‍ ആരോടും പറയാതിരിക്കുക. ആരുടെ മുമ്പിലും കൈ നീട്ടാതിരിക്കുക… വീട്ടില്‍ ഒരുമണി അരിപോലും ഇല്ലാതിരിക്കുമ്പോഴും അടുപ്പില്‍ തീ പുകയുന്നുണ്ടെന്ന് അയല്‍ക്കാരെ കാണിക്കാന്‍ വെറുതെ അടുപ്പില്‍ തീ കത്തിക്കുക, വിശപ്പിനേക്കാള്‍ അഭിമാനത്തെ വലുതായി അമ്മ കണ്ടു. ഞങ്ങള്‍ മക്കളെയും അമ്മ അതുതന്നെ പഠിപ്പിച്ചു.

എന്നിട്ടും അഭിമാനം മറന്നുകൊണ്ട് അമ്മ തങ്കമ്മയുടെ സഹായം കൈപ്പറ്റിയത് ഒരുപക്ഷേ ഞങ്ങള്‍ മക്കള്‍ക്കു വേണ്ടിയാകാം.

അന്ന് ഞങ്ങളുടെ അയല്‍വക്കത്തുതന്നെ അപ്പന്റെ, സമ്പന്നരായ സഹോദരന്മാര്‍ താമസിച്ചിരുന്നു. ഞങ്ങളുടെ ദാരിദ്ര്യാവസ്ഥയിലേക്ക് അവര്‍ ഒരിക്കല്‍പ്പോലും നോട്ടമയച്ചതായി എന്റെ ഓര്‍മ്മയിലില്ല. ഞങ്ങള്‍ സഹായാഭ്യര്‍ത്ഥനയുമായി അവരെ സമീപിച്ചിട്ടുമില്ല. എന്നിട്ടും ഇടയ്ക്കിടെ ബന്ധുസന്ദര്‍ശനമെന്നനിലയില്‍ അമ്മ ഏറ്റവും ഇളയവനായ എന്നെയുംകൂട്ടി അവരുടെ വീടുകളില്‍ വൈകുന്നേരങ്ങളില്‍ പോകുമായിരുന്നു.

പക്ഷേ വീട്ടില്‍ നിന്നിറങ്ങുംമുമ്പ് അമ്മ ഒരു നിബന്ധന വച്ചിരുന്നു, എന്തു കഴിക്കാന്‍ തന്നാലും വേണ്ടെന്ന് പറയണം. (ഇന്നും ഒരാള്‍ എന്നോടെന്തെങ്കിലും വേണോയെന്ന് ചോദിക്കുമ്പോള്‍, അതെനിക്കെത്ര ആവശ്യമുള്ളതാണെങ്കില്‍പോലും എന്റെ മറുപടി സോറി, വേണ്ട എന്നുതന്നെയാണ്.) അമ്മ പഠിപ്പിച്ചത് ശരിയോ തെറ്റോ അതെനിക്കിന്നുമറിയില്ല.

വീണ്ടും തങ്കമ്മയിലേക്കുതന്നെ മടങ്ങാം…. അമ്മയുടെ പ്രവൃത്തിയില്‍ സംശയം തോന്നിയതുകൊണ്ടാണ് തങ്കമ്മ അമ്മയെ നിരീക്ഷിച്ചതും അമ്മയെ തെളിവു സഹിതം പിടികൂടിയതും. പിന്നെ ചക്കയായും ചേനയായും കപ്പയായും തങ്കമ്മയുടെ സ്‌നേഹം ഞങ്ങളെ ഊട്ടിയുറക്കി.

തെറ്റിദ്ധരിക്കരുത്, തങ്കമ്മ ഒരിക്കലും സമ്പന്നയായിരുന്നില്ല. തനിക്കുള്ളതില്‍നിന്നാണ് അവര്‍ ഞങ്ങള്‍ക്കായി പങ്കുവച്ചത്. മാത്രവുമല്ല അവര്‍ ഒരു വിധവകൂടിയായിരുന്നു. തന്റെയും തന്റെ മക്കളുടെയും വിശപ്പുപോലെതന്നെ അവര്‍ അയല്‍വീട്ടുകാരുടെ വിശപ്പിനെയും കണ്ടു. അതാണവരെ മാലാഖയാക്കുന്നത്.

കാലസംക്രമണങ്ങള്‍ ഞങ്ങള്‍ രണ്ടു കുടുംബങ്ങളെയും ഒരുപാട് മാറ്റി. രണ്ടു ദേശങ്ങളിലേക്ക് ഞങ്ങള്‍ പറിച്ചുമാറ്റപ്പെട്ടു. പക്ഷേ ഇന്നും ഞങ്ങള്‍ അപ്പനും അമ്മയും മക്കളും കൂടിച്ചേരുന്ന വേളകളില്‍ പഴയ കഥകള്‍ പറയുമ്പോള്‍ ആദ്യം തെളിഞ്ഞുവരുന്ന മുഖം തങ്കമ്മയുടേതാണ്.

വല്ലാത്ത സ്‌നേഹം ഇന്നും ഞാനവരോട് കാത്തുസൂക്ഷിക്കുന്നു; തികഞ്ഞ നന്ദിയോടെ.
എന്തു കിട്ടിയാലും അത് മറ്റുള്ളവരുമായി പങ്കിടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന കൂടപ്പിറപ്പുകള്‍ സ്‌കൂളില്‍നിന്നോ മറ്റോ കിട്ടിയ ഒരു ചെറുമിഠായിപോലും അവിടെവച്ച് കഴിക്കാതെ, വീട്ടില്‍ കൊണ്ടുവന്ന് അത് കറിക്കത്തികൊണ്ട് അഞ്ചാറ് കഷണങ്ങളായി മുറിച്ച് പങ്കിട്ട് കഴിക്കുകയായിരുന്നു പതിവ്. അന്നങ്ങനെ കഴിച്ച പച്ച’പ്യാരി’ മിഠായിയുടെ രുചി ഇപ്പോഴും എന്റെ നാവിന്‍ത്തുമ്പത്തുണ്ട്. സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് വാങ്ങി ഒറ്റയ്ക്ക് കഴിക്കുന്ന ‘മഞ്ചി’നേക്കാളും ‘ഫൈവ്സ്റ്റാറി’നേക്കാളും എന്തു രുചിയുണ്ടായിരുന്നു അതിന്.

ഇന്ന് കൂടപ്പിറപ്പുകള്‍ വിവാഹിതരായി, അവര്‍ക്കൊക്കെ ‘പേരിന്’ കുട്ടികളുമായി. പക്ഷേ തങ്ങളുടെ മക്കളെനോക്കി അവര്‍ ഇന്ന് പരാതിപ്പെടുന്നുണ്ട്. ”ഒരു സാധനം പോലും മറ്റൊരാള്‍ക്ക് കൊടുക്കില്ല. എല്ലാം തനിക്കു മാത്രം. നമ്മള് അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ…”

ശരിയായിരുന്നു, ഒന്നുമില്ലായ്മയില്‍പോലും പങ്കിടുവാനുള്ള വലിയൊരു പാഠം നിസ്സാരയായ ഒരമ്മ ഞങ്ങള്‍ ആറുമക്കള്‍ക്കും നല്‍കിയിരുന്നു. വീട്ടില്‍ ധര്‍മ്മം യാചിച്ച് വരുന്ന ഒരാളെപ്പോലും അമ്മ വെറുംകൈയോടെ പറഞ്ഞയച്ചിരുന്നുമില്ല; വീട്ടില്‍ നീക്കിബാക്കിയില്ലാത്ത അവസരങ്ങളില്‍പ്പോലും. അതൊരുപക്ഷേ പണ്ടത്തെ അഞ്ചുപൈസ തുട്ടാവാം, അല്ലെങ്കില്‍ പിടിയരിയാവാം. അതമ്മ കുട്ടിയായ എന്റെ കൈയിലാണ് തന്നുവിട്ടിരുന്നതും. കൊടുത്തപ്പോള്‍ അന്ന് മനസ്സിലുണ്ടായ സംതൃപ്തി ഇപ്പോഴും അനുഭവിക്കാന്‍ കഴിയുന്നുണ്ട്. വിശന്നാരെങ്കിലും വന്നാല്‍ എന്റെ പങ്ക് അയാള്‍ക്ക് കൊടുത്തേക്കണം എന്നായിരുന്നു അമ്മയ്ക്ക് അപ്പന്‍ നല്‍കിയിരുന്ന നിര്‍ദ്ദേശവും.

പക്ഷേ സ്വയം ഉള്‍ക്കൊണ്ട ഈ പാഠങ്ങളൊന്നും അടുത്ത തലമുറയിലേക്ക് കൈമാറാന്‍  കൂടപ്പിറപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതവരുടെ തെറ്റോ അതോ കാലഘട്ടത്തിന്റെ പ്രത്യേകതയോ?കമ്പോളവല്‍ക്കരണത്തിന്റെയും ഉപഭോഗസംസ്‌കാരത്തിന്റെയും കാലഘട്ടമാണിതെന്നാണ് പറയുന്നത്. ഈ സംസ്‌കാരം നമ്മളോട് പറഞ്ഞിരിക്കുന്ന വലിയൊരു നുണയാണ് ദാരിദ്ര്യമില്ലായെന്നത്. അല്ലെങ്കില്‍ വഴിയോരങ്ങളിലെ അഗതികള്‍ക്ക് മാത്രമായി അവര്‍ ദാരിദ്ര്യത്തെ ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. വലിയൊരു തെറ്റാണത്. മറ്റൊരു തെറ്റാണ് ഒന്നും പങ്കിടേണ്ടതില്ലായെന്നതും.

ഇന്നും നമ്മുടെ ചുറ്റുപാടുകളില്‍ ദാരിദ്ര്യമുണ്ട്. അത് നമ്മളാരും അറിയുന്നില്ലെന്നേയുള്ളൂ. അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ലെന്നേയുള്ളൂ. ദരിദ്രനെന്ന് സമൂഹം വിധിയെഴുതിയവന് ഏതളവ് വരെയും പോകാം. ആരുടെ മുമ്പിലും കൈ നീട്ടാം. എന്നാല്‍ ഇടത്തരം കുടുംബത്തിലെ ഇല്ലായ്മക്കാരനോ? അവന്‍ വെറുതെ അടുപ്പില്‍ തീ കത്തിക്കുന്നുണ്ടാവാം. കഴുകി അടുപ്പത്തിടാന്‍ ഒരു മണി അരിയില്ലാതെ… വിശക്കുന്നുണ്ടായിട്ടും വിശക്കുന്നില്ലെന്ന് നുണപറയാന്‍ അവന്‍ തന്റെ കുഞ്ഞിനെ പരിശീലിപ്പിക്കുന്നുമുണ്ടാവാം…

അവിടെയാണ് ജാഗരൂകരായ തങ്കമ്മമാര്‍ ഉണ്ടാകേണ്ടത്. അയല്‍വീടുകളില്‍, തീ പുകഞ്ഞതുകൊണ്ടു മാത്രമായില്ല കലത്തില്‍ എന്തെങ്കിലും ഉണ്ടോയെന്നുകൂടി അന്വേഷിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. സഹായത്തിന് അര്‍ഹതയുണ്ടായിട്ടും അത് ചോദിക്കാന്‍പോലും കഴിയാതെ, വ്യര്‍ത്ഥാഭിമാനമെന്ന് നമ്മള്‍ പുച്ഛിച്ചു തള്ളുന്ന ഒരുപറ്റം കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. അവരിലേക്കുകൂടി നമ്മുടെ, സഹായിക്കുന്ന കരങ്ങള്‍ നീണ്ടുചെല്ലണം. കാരണം അയല്‍ക്കാരന്റെ സംരക്ഷണച്ചുമതല ദൈവം നമ്മെ ഓരോരുത്തരെയുമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

വിനായക് നിര്‍മ്മല്‍

One Response to "ഒരു നല്ല അയല്‍ക്കാരിയുടെ കഥ"

  1. Staff Reporter   July 15, 2016 at 8:38 am

    വിനായക്, വീണ്ടും കണ്ണുകൾ നിറയിക്കുന്നു!

You must be logged in to post a comment Login