ഒരു “പോണ്‍” നായികയുടെ മാനസാന്തര ജീവിതം

ഒരു “പോണ്‍” നായികയുടെ മാനസാന്തര ജീവിതം

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞപ്പോള്‍ ക്രിസി മോറന് 12 വയസ്സായിരുന്നു.. ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞ ഭൂതകാലം ക്രിസിക്ക് ഉണ്ടായിരുന്നെങ്കിലും ആ വേര്‍പിരിയല്‍ മനസ്സില്‍ വലിയൊരു വിള്ളലാണ് സൃഷ്ടിച്ചത്. ദൈവം തന്നെ സ്‌നേഹിക്കുന്നില്ല എന്നൊരു തോന്നല്‍ ഉള്ളിലെവിടെയോ ഇരുന്ന് നിരന്തരം കലഹിക്കാന്‍ തുടങ്ങി.

ഏറെ മദ്യപിക്കുമായിരുന്നെങ്കിലും വിവാഹം വരെ ചാരിത്ര്യം കാത്തുസൂക്ഷിക്കണമെന്നു പറയുമായിരുന്നു ക്രിസിയുടെ പിതാവ്. എന്നാല്‍ ജീവിതത്തിലുണ്ടായ ശൂന്യത സ്‌നേഹത്തിന്റെ പുത്തന്‍ സമവാക്യങ്ങള്‍ തേടി പോകാന്‍ അവളെ പ്രേരിപ്പിച്ചു. വഴിവിട്ട പല ബന്ധങ്ങളും അവളുടെ ജീവിതത്തിലുണ്ടായി. അവയൊക്കെയും സ്‌നേഹമാണെന്നവള്‍ തെറ്റിദ്ധരിക്കുകയും ചെയ്തു.

കൗമാരപ്രായത്തിലാണ് കാമുകനില്‍ നിന്നും ക്രിസി ഗര്‍ഭിണിയായത്. കാമുകന്റെ നിര്‍ദ്ദേശമനുസരിച്ച അവള്‍ അബോര്‍ഷനു വിധേയയായി. അതോടെ ജീവിതത്തിന്റെ താളം പിന്നെയും തെറ്റി. കഠിനമായ നിരാശയുടെ ദിനങ്ങളായിരുന്നു പിന്നീട്.. വീണ്ടും ഒറ്റപ്പെടലിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും ദിനങ്ങള്‍.. അതില്‍ നിന്നും എങ്ങനെ രക്ഷ നേടാമെന്ന ചിന്ത അവളെ കൊണ്ടെത്തിച്ചത് മോഡലിംഗ് രംഗത്തേക്ക്… നഗ്നചിത്രങ്ങള്‍ക്ക് മോഡലാകാന്‍ തുടങ്ങിയതോടെ കൂടുതല്‍ അവസരങ്ങള്‍ അവളെ തേടിവന്നു. പ്ലേ ബോയ്, ഹസ്റ്റ്‌ലര്‍ തുടങ്ങിയ മാഗസിനുകളിടെയെല്ലാം മോഡലായി. ഇതിനിടെ സ്വന്തം പോര്‍ണോഗ്രഫി വെബ്‌സൈറ്റും ആരംഭിച്ചു. 50 തോളം പോണ്‍ ചിത്രങ്ങളില്‍ നായികയായും ക്രിസി അഭിനയിച്ചു.

ക്രിസി മോറന്റെ കരിയര്‍ ഗ്രാഫ് വീണ്ടും ഉയരങ്ങളിലേക്കു കുതിച്ചു. അപ്പോഴും മുന്‍പനുഭവിച്ചുകൊണ്ടിരുന്ന ശൂന്യതയും സ്‌നേഹരാഹിത്യവും അവളെ വേട്ടയാടിക്കൊണ്ടിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി ക്രിസി ദൈവത്തെ ഓര്‍ത്തു. ദൈവം, എന്നൊരാള്‍ ഉണ്ടെങ്കില്‍, ദൈവം തന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, അതു വിശ്വസിക്കാന്‍ ഒരടയാളം നല്‍കണമെന്ന് അവള്‍ ആവശ്യപ്പെട്ടു.

ആയിടക്കാണ് അന്നത്തെ കാമുകന്റെ സുഹൃത്തുമായി സംസാരിക്കാന്‍ ഇടയായത്. ക്രിസിയെപ്പറ്റി എല്ലാം മനസ്സിലാക്കിയ അയാള്‍ ചോദിച്ചു: ‘ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ’? വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരാള്‍ ക്രിസിയുടെ പക്കല്‍ ദൈവത്തിന്റെ പേരു പോലും സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയേക്കാള്‍ എത്രയോ മൂല്യമുള്ളതാണ് തന്റെ ജീവിതമെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവള്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു. വീണ്ടുമൊരിക്കല്‍ കൂടി ദൈവത്തെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ ക്രിസി തയ്യാറായി.

താന്‍ ദൈവത്തിങ്കലേക്കു തിരിയുകയാണെന്ന് കാമുകനോടു പറഞ്ഞപ്പോള്‍ ജീവിതച്ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നായിരുന്നു ചോദ്യം. എന്നാല്‍ അവള്‍ ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കുകയാണുണ്ടായത്. മോഡലിംഗ് രംഗത്തു നിന്നും വീണ്ടും പലരും സമീപിച്ചെങ്കിലും ആ ക്ഷണങ്ങളെല്ലാം ക്രിസി നിരസിച്ചു. 2006 ല്‍ ക്രിസി മോറന്‍ മോഡലിംഗ് ലോകത്തു നിന്ന് പൂര്‍ണ്ണമായും പുറത്തുകടന്നു.

ഇന്ന് തന്റെ ജീവിതം സാക്ഷിയാക്കി ക്രിസ് മോറന്‍ ക്രിസ്തുവിനെ സാക്ഷ്യം പ്രഘോഷിക്കുന്നു, പോര്‍ണോഗ്രഫിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ക്കെതിരെയും വിവിധ സ്ഥലങ്ങളില്‍ ക്ലാസുകളെടുക്കുന്നു. ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ചെത്തുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന ‘ട്രഷേര്‍സ്’ എന്ന സംഘടനയിലെ സജീവപ്രവര്‍ത്തക കൂടിയാണ് ക്രിസി മോറന്‍ ഇന്ന്.

 

You must be logged in to post a comment Login