ഒരു പോപ്പ് ഗായികയുടെ മാനസാന്തരവും തുടര്‍ന്നുളള ഭൂകമ്പങ്ങളും

ഒരു പോപ്പ് ഗായികയുടെ മാനസാന്തരവും തുടര്‍ന്നുളള ഭൂകമ്പങ്ങളും

മേരി മഗ്ദലേന ഈശോയുടെ കാലുകള്‍ കഴുകിചുംബിച്ചു. അവള്‍ അവിടുത്തെ സ്‌നേഹിച്ചു. അവള്‍ ഒരു വേശ്യയായിരുന്നു. സമൂഹത്തിന് അവളും അവളുടെ ശരീരവും ഒരു അസംബന്ധമായിരുന്നു. പക്ഷേ ക്രിസ്തു അവളെ സ്‌നേഹിച്ചു..അവളെ ഒന്നിനും വിധിച്ചില്ല. അവിടുന്ന് അവളെ കരയാന്‍ അനുവദിച്ചു. മുടികൊണ്ട് കാലുകള്‍ തുടയ്ക്കാന്‍ അനുവദിച്ചു. നമ്മള്‍ വെറും സെലിബ്രിറ്റികളല്ല. നമ്മള്‍ മനുഷ്യനും പാപികളുമാണ്.. നമ്മള്‍ പരസ്പരം ക്ഷമിക്കണം..

ഏതോ ധ്യാനഗുരുവിന്റെ വചനപ്രഘോഷണം ആണെന്ന് കരുതിയെങ്കില്‍ തെറ്റി. പോപ്പ് ഗായിക ലേഡി ഗാഗാ ഇന്‍സ്റ്റഗ്രാമിലൂടെ നല്കിയ മറുപടിയാണിത്. ഇങ്ങനെ പറയാന്‍ ഇടയാക്കിയ സംഭവമാകട്ടെ ലേഡി ഗാഗ ക്രിസ്തുവിലും കത്തോലിക്കാസഭയിലുമുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞതും ഒരു കത്തോലിക്കാ പുരോഹിതനുമൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതും.

വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ലേഡി ഗാഗ പറഞ്ഞത് പലര്‍ക്കും അത്ര ക്ഷ പിടിച്ചില്ല. കാരണം പോപ്പ് ഗായികയെന്ന നിലയില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട് സ്റ്റിഫാനി ജര്‍മ്മനോട്ട എന്ന ലേഡി ഗാഗ. അതുകൊണ്ടാണ് ഒരുനാള്‍ പെട്ടെന്ന് ഗാഗ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് വിളിച്ച് പറഞ്ഞപ്പോള്‍ സമൂഹം ഞൊടിച്ചത്.

അതിനോടുള്ള പ്രതികരണമായാണ് ലേഡി ഗാഗ മുകളിലത്തെ മറുപടി നല്കിയതും. പ്രശസ്തരായ ധാരാളം പേര്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വചനങ്ങളും വൈദികരെയും മറ്റും ഉദ്ധരിക്കാറുണ്ട്. അതേ സമയം തന്നെ അവര്‍ ഹോളിവുഡ് ലൈഫ് സ്റ്റൈല്‍ അനുകരിക്കുകയും ചെയ്യുന്നു എന്നും ലേഡി ഗാഗ കുറ്റപ്പെടുത്തുന്നു. ട്വീറ്ററിലോ എഫ് ബിയിലോ പോസ്റ്റ് ചെയ്യുന്നതിന് അപ്പുറമാണ് വിശ്വാസമെന്നാണ് ഈ ഗായിക ഇപ്പോള്‍ പറയുന്നത്.

ലേഡി ഗാഗയെ അറിയാവുന്നവര്‍ക്കെല്ലാം അവിശ്വസനീയമാണ് പെട്ടെന്നുള്ള ഈ ചുവടുമാറ്റം. പക്ഷേ ദൈവത്തിന്റെ ഇടപെടല്‍ എങ്ങനെയാണെന്നും എത്ര പെട്ടെന്നാണെന്നും ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ കഴിയില്ലല്ലോ?

You must be logged in to post a comment Login