ഒരു പ്രെസ്ബറ്റേറിയന്റെ കത്തോലിക്കാ മനപ്പരിവര്‍ത്തനം

ഒരു പ്രെസ്ബറ്റേറിയന്റെ കത്തോലിക്കാ മനപ്പരിവര്‍ത്തനം

downloadപ്രെസ്ബറ്റേറിയന്‍ സെമിനാരിയിലെ അധ്യാപകനായ സ്‌കോട്ട് ഹാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ച കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. കത്തോലിക്കാ വിശ്വാസരീതികളോട് വിഘടിച്ചു നില്ക്കുന്നവര്‍ക്ക് പോലും കത്തോലിക്കാവിശ്വാസത്തിന്റെ പരിപൂര്‍ണ്ണത തിരിച്ചറിയാന്‍ ഈ ജീവിതകഥ സഹായിക്കും.

അമേരിക്കയിലെ പ്രെസ്‌ബെറ്റേറിയന്‍ സഭാവിശ്വാസിയും തിയോളജിക്കല്‍ സെമിനാരിയിലെ പ്രഫസറുമായിരുന്ന സ്‌കോട്ട് ഹാന്‍ 1957 ഒക്‌ടോബര്‍ 28 നാണ് ജനിച്ചത്. കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവരും വരെ മാര്‍ട്ടിന്‍ ലൂതറായിരുന്നു അദ്ദേഹത്തിന്റെ ഹീറോ. പൂര്‍ണ്ണസത്യം മുഴുവന്‍ ലൂതര്‍ പറഞ്ഞിരുന്നതും. കത്തോലിക്കാസഭ തെറ്റുകളുടെയും കുറ്റങ്ങളുടെയും കേന്ദ്രമായിരുന്നു അന്ന് സ്‌കോട്ടിന്. മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍വിനും ലോറെയ്ന്‍ ബോട്ടെനെറുമായിരുന്നു പ്രിയപ്പെട്ട എഴുത്തുകാര്‍. ക്രിസ്തുവിലുള്ള വിശ്വാസമാണ് രക്ഷയ്ക്കുള്ള ആധാരം എന്ന മാര്‍ട്ടിന്‍ ലൂഥറുടെ സോളാഫിദ ആയിരുന്നു സ്‌കോട്ടിന്റെ ഇഷ്ടതത്വം.ആ വായനയുടെ ആകര്‍ഷണം കത്തോലിക്കരെ അന്ധവിശ്വാസികളും വിഗ്രഹാരാധകരും എന്ന് മുദ്രകുത്താന്‍ സ്‌കോട്ടിനെ പ്രേരിപ്പിച്ചു. എന്നിട്ടും ഒരുനാള്‍ തന്റെ വിശ്വാസപ്രമാണങ്ങളെ തിരുത്തിയെഴുതാന്‍ സ്‌കോട്ട് ഹാന് ദൈവം അവസരം തന്നു. പ്രെസ്ബറ്റേറിയന്‍ വിശ്വാസിയായിരുന്ന ഭാര്യ കിംബര്‍ലിയിലൂടെ തന്നെയായിരുന്നു അത്. കത്തോലിക്കനായ ജോണ്‍ കിപ്ലിയുടെ ജനനനിയന്ത്രണവും വിവാഹ ഉടമ്പടിയും എന്ന പുസ്തകമായിരുന്നു അത്. എന്നാല്‍ അത് വായിക്കാനെടുക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് കത്തോലിക്കനാണെന്ന് സ്‌കോട്ട് അറിഞ്ഞിരുന്നില്ല. പക്ഷേ അറിഞ്ഞപ്പോള്‍ വായന ആരംഭിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എങ്കിലും പുസ്തകത്തിലെ ഉടമ്പടി എന്ന വാക്ക് അത് വായിക്കാന്‍ സ്‌കോട്ടിനെ പ്രേരിപ്പിക്കുകയായിരുന്നു. കാരണം ഉടമ്പടി എന്ന വാക്ക് സ്‌കോട്ടിന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്നിരുന്ന ഒരുവാക്കായിരുന്നു. കത്തോലിക്കാസഭയെക്കുറിച്ചുള്ള ഒരുപാട് തെറ്റിദ്ധാരണകള്‍ നീക്കാനും പ്രൊട്ടസ്റ്റന്റ് സഭയെക്കുറിച്ച് നാളിതുവരെ കരുതിപ്പോന്നിരുന്ന വിശ്വാസങ്ങള്‍ തെറ്റാണെന്ന് തിരിച്ചറിയാനുമാണ് ആ വായന സ്‌കോട്ടിനെ സഹായിച്ചത്. ഞാന്‍ നിന്റേതും നീ എന്റേതും എന്ന വചനപ്രകാരമുള്ള ഉടമ്പടി ദൈവം എന്റേതും ഞാന്‍ ദൈവത്തിന്റേതും എന്ന രീതിയില്‍ മനസ്സിലാക്കേണ്ടതാണെന്ന് സ്‌കോട്ട് തിരിച്ചറിഞ്ഞു. അങ്ങനെ വരുമ്പോള്‍ അതൊരു രക്തബന്ധവും കുടുംബബന്ധവുമാകും. അപ്പനും മക്കളുംതമ്മിലുള്ളബന്ധമാകും.അതാണ് കത്തോലിക്കാവിശ്വാസം.
ഭര്‍ത്താവ് കത്തോലിക്കാസഭയിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഭാര്യ കിംബര്‍ലി ഞെട്ടലോടെ മനസ്സിലാക്കി. കത്തോലിക്കാസഭ തിരഞ്ഞെടുക്കാന്‍തന്നെ ദൈവം പ്രചോദിപ്പിക്കുന്നുവെന്ന് സ്‌കോട്ട് തുറന്നുപറഞ്ഞപ്പോള്‍ കിംബര്‍ലിക്ക് ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി. താന്‍ ഒരിക്കലും കത്തോലിക്കയാവില്ലെന്നും തന്റെകുടുംബം മുഴുവന്‍ പ്രെസ്‌ബേറ്റേറിയന്‍ സഭാവിശ്വാസികളാണെന്നും അതിന് ഒരിക്കലും മാറ്റമുണ്ടാവില്ലെന്നും കിംബര്‍ലി അറിയിച്ചു. എന്നാല്‍ അതേ കിംബര്‍ലി സ്‌കോട്ടിന്റെ കത്തോലിക്കാസ്വീകരണത്തിന് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം കത്തോലിക്കയായി എന്നത് അനുബന്ധം.കത്തോലിക്കാവിശ്വാസത്തിന്റെ ആരാധകനായി തുടങ്ങിയപ്പോഴും പിന്നെ അത് ആത്മാവില്‍ അസ്വസ്ഥതയായി പടര്‍ന്നപ്പോഴും കത്തോലിക്കാതിരുക്കര്‍മ്മങ്ങളുടെ നിരീക്ഷകനായി കത്തോലിക്കാപ്പള്ളികളില്‍ സ്‌കോട്ട് പോയിത്തുടങ്ങി. അത്തരമൊരു ദിവസം വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനകളും ബൈബിള്‍ വായനകളും അദ്ദേഹത്തെ ആകര്‍ഷിച്ചുതുടങ്ങി.
മാര്‍ക്യുറ്റ് എന്ന സ്ഥലത്തെ ചാപ്പലില്‍വച്ചായിരുന്നു ആ സംഭവം. വൈദികന്‍ പീലാസ കൈകളിലുയര്‍ത്തി കൂദാശാസ്ഥാപന വചനങ്ങള്‍ ചൊല്ലിത്തുടങ്ങിയപ്പോഴേയേക്കും സ്‌കോട്ടിന്റെ ഉള്ളില്‍ മഹത്തായ എന്തോ ഒന്ന് സംഭവിച്ചുകഴിഞ്ഞിരുന്നു. കണ്ണ് നിറഞ്ഞ്, ഹൃദയം നൊന്ത് സ്‌കോട്ട് വിളിച്ചു എന്റെ കര്‍ത്താവേ എന്റെ ദൈവമേ..
ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ആളുകള്‍ വൈദികന്റെ സമീപത്തേക്ക്‌പോകുന്നത് കണ്ടപ്പോള്‍ സ്‌കോട്ടിന ്ഇരിക്കപ്പൊറുതിയില്ലാതെയായി. ദൈവമേ എനിക്ക് നിന്നെ വേണം.. എനിക്ക് നീയുമായി പൂര്‍ണ്ണമായി ഒന്നാകണം.. നീയെന്റെ രക്ഷകനും കര്‍ത്താവുമാണ്.. നീയെന്റെ ഹൃദയത്തിലേക്ക് എഴുന്നെള്ളിവരിക..
സ്‌കോട്ട് സുബോധം നഷ്ടപ്പെട്ടവനെപ്പോലെ പ്രാര്‍ത്ഥിച്ചു.
ഈ അനുഭവത്തിന് ശേഷം പിന്നെയൊരിക്കലും വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാതിരിക്കാനാവാത്തവിധം അത്രയഗാധമായി ദിവ്യകാരുണ്യവുമായി സ്‌കോട്ട് ബന്ധത്തിലായിക്കഴിഞ്ഞിരുന്നു.
1986 ഈസ്റ്റര്‍ ദിനം. സ്‌കോട്ട് കത്തോലിക്കാവിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് അന്ന് മാമ്മോദീസാ സ്വീകരിച്ചു.. പ്രഥമ കുമ്പസാരം നടത്തി,സ്ഥൈര്യലേപനം സ്വീകരിച്ചു ഒടുവില്‍ വിശുദ്ധ കുര്‍ബാനയും.
സെന്റ് പോള്‍ സെന്റര്‍ ഫോര്‍ ബിബ്ലിക്കല്‍ തിയോളജിയുടെ സ്ഥാപകനും പ്രസിഡന്റുമായ സ്‌കോട്ടിന്റെ, കത്തോലിക്കാ വിശ്വാസവും ജീവിതവുമായി ബന്ധപ്പെട്ട എണ്ണൂറിലധികം പ്രഭാഷണങ്ങള്‍ ഇഡബ്യുറ്റി എന്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. കത്തോലിക്കാസഭയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കഥ വിവരിക്കുന്ന റോം സ്വീറ്റ് ഹോം ഉള്‍പ്പടെ നിരവധികൃതികളുടെ കര്‍ത്താവുമാണ്. അമേരിക്കയിലെ കത്തോലിക്ക യൂണിവേഴ്‌സിറ്റിയായ ഫ്രാന്‍സിസ്‌ക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റൂബൈന്‍വില്ലിയിലെ അധ്യാപകനായും സേവനം ചെയ്യുന്നു.

Vinayak Nirmal (Biju Sebastian)

You must be logged in to post a comment Login