ഒരു ഫാദര്‍ ‘ഡോക്ടറാ’യ കഥയല്ല, ഒരു ഡോക്ടര്‍ ‘ഫാദറാ’ യ കഥ

ഒരു ഫാദര്‍ ‘ഡോക്ടറാ’യ കഥയല്ല, ഒരു ഡോക്ടര്‍ ‘ഫാദറാ’ യ കഥ

കോട്ടയം മെഡിക്കല്‍ കോളജ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിസംഘം ഊഴമനുസരിച്ച് ഒരു നിറവയറുകാരിയെ പരിശോധിക്കുകയാണ്. ഓരോരുത്തരുടെയും മുമ്പില്‍ അത് ഒരു സ്ത്രീയോ മനുഷ്യനോ പോലുമല്ല.വെറും അവയവം.കാരണം തങ്ങള്‍ക്ക് പരിശോധിക്കാന്‍ കിട്ടുന്ന  മനുഷ്യശരീരത്തെ വെറും അവയവം മാത്രമായിട്ടാണ് അവര്‍ കാണുന്നത്. ഒടുവില്‍ അവരില്‍ ഒരാളായ മാത്യു എബ്രഹാമിന്റെ ഊഴമെത്തി.

മാത്യു നോക്കുമ്പോള്‍ ആ സ്ത്രീയുടെ കണ്ണ് നിറഞ്ഞൊഴുകുകയാണ്. മാത്യു വല്ലാതെയായി. എന്തിനാണ് ഈ സ്ത്രീ കരയുന്നതെന്ന ആശങ്ക.

“ഞാനൊരു സ്ത്രീയാണ്. ഒരു ഗര്‍ഭിണിയാണ്. നിങ്ങള്‍ ഇങ്ങനെ മാറിമാറി കുത്തുകയും ഞെക്കുകയും ഒക്കെ ചെയ്യുമ്പോള്‍ എനിക്ക് നോവുന്നുണ്ട്. എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോയെന്ന് എനിക്ക് പേടിയുമുണ്ട്.. ഡോക്ടേഴ്‌സാണെങ്കിലും നിങ്ങളുടെ മുമ്പില്‍ ഇങ്ങനെ മാറിമാറി കിടന്നുതരാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. പാവങ്ങളാണെങ്കിലും ഞങ്ങള്‍ക്കുമുണ്ട് മാനം. നിങ്ങളുടെ പെങ്ങളോട് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ? “

ആ സ്ത്രീയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മാത്യു എബ്രഹാം തറഞ്ഞുനിന്നുപോയി. ഒന്നും തിരികെ പറയാതെ തിരിഞ്ഞുനടക്കുമ്പോള്‍ മാത്യു കരുതിയിരുന്നില്ല തന്റെ ഈ യാത്ര  ഒരു തിരിഞ്ഞുനടപ്പാണെന്ന്.. പുതിയൊരു തുടക്കത്തിലേക്കാണ് താന്‍ തിരികെ നടക്കുന്നതെന്ന്..എന്തിന്റെയെല്ലാമോ അവസാനമാണ് ഇതെന്ന്..
‘ ആ സ്ത്രീയുമായുള്ള കണ്ടുമുട്ടലും സംഭാഷണവും എന്റെ ദൈവവിളിയെ കുറെക്കൂടി തിരിച്ചറിയാന്‍ എനിക്ക്‌പ്രേരണ നല്കി. എന്നിട്ടും അന്ന് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നുമില്ല ഞാന്‍’

ചായ് ( കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യുടെ ഡയറക്ടര്‍ ജനറലായി മെയ് ഒന്നിന് സ്ഥാനമേറ്റെടുക്കാന്‍ പോവുന്ന ഫാ. മാത്യു എബ്രഹാം  പുത്തന്‍ച്ചിറയില്‍ സിഎസ്എസ് ആര്‍ വൈദ്യവൃത്തി ഉപേക്ഷിച്ച് വൈദികവൃത്തി തിരഞ്ഞെടുക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

 കുട്ടനാട്ടിലെ കുമരംകരിയിലായിരുന്നു ഫാ. മാത്യു എബ്രഹാമിന്റെ ജനനം. മിലിട്ടറിക്കാരനായ പിതാവ്. കുടുംബസ്ഥയായ അമ്മ. ഒരു മുതിര്‍ന്ന സഹോദരന്‍. ഇതായിരുന്നു കുടുംബസാഹചര്യം. ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് ചങ്ങനാശ്ശേരിയില്‍ പോയി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന പതിവ് അക്കാലത്ത് സാധാരണമായിരുന്നില്ല.

പക്ഷേ തന്റെ മക്കളെ രണ്ടുപേരെയും ചങ്ങനാശ്ശേരിയിലെ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തുപഠിപ്പിക്കണമെന്നത് ആ അമ്മയുടെ ആഗ്രഹമായിരുന്നു. അമ്മയെ അങ്ങനെ പ്രേരിപ്പിച്ചതിന് പിന്നില്‍ ശക്തമായ ചില സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. അങ്ങനെയാണ് മാത്യുവും ചേട്ടനും ഇംഗ്ലീഷ്  മീഡിയം സ്‌കൂളില്‍ ചേര്‍ന്നതും മികച്ച രീതിയില്‍ പത്താം ക്ലാസ് പാസായതും. 523 മാര്‍ക്ക് നേടിയാണ് മാത്യു പത്താം ക്ലാസ് കടന്നത്. അത് അവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഇപ്പോഴെന്നതിനെക്കാളേറെ അക്കാലത്ത് ഇത്രയും മാര്‍ക്ക് വാങ്ങിയ ഒരു കുട്ടിയെ സംബന്ധിച്ച് രണ്ടുവഴികളാണ് മുന്നിലുള്ളത് ഒന്നുകില്‍ മെഡിസിന്‍. അല്ലെങ്കില്‍ “എന്‍ജിനിയറിംങ് മിഷ്യനോടായിരുന്നില്ല എനിക്ക്താല്പര്യം, മനുഷ്യനോടായിരുന്നു..’ മെഡിക്കല്‍ രംഗം തിരഞ്ഞെടുക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മാത്യു വിശദീകരിച്ചു.

അത്തരമൊരു പ്രഫഷന്‍ തിരഞ്ഞെടുക്കാന്‍ മാത്യുവിനെ ചില ബാഹ്യഘടകങ്ങള്‍ കൂടി പ്രേരിപ്പിച്ചിരുന്നു. സമൂഹത്തില്‍ ഒരു ഡോക്ടര്‍ക്ക് ലഭിക്കുന്ന ആദരവ്..സാമ്പത്തികസുസ്ഥിരത.. ഒരു ഡോക്ടറെ വിവാഹം കഴിക്കുക കൂടി ചെയ്താല്‍ ആനന്ദലബ്ധിക്കിനി മറ്റൊന്നും വേണ്ടാത്ത അവസ്ഥ.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ കൂണ്‍കണക്കെ മുളച്ചുപൊന്തിയിട്ടില്ലാത്ത കാലം. അര്‍ഹതയുളളവര്‍ക്ക്മാത്രം അ്ഡ്മിഷന്‍ കിട്ടുന്ന കാലം. അങ്ങനെയാണ് മാത്യു എബ്രഹാം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചത്.
മാത്യുവിന്റെ ജീവിതത്തെ എല്ലാകാലത്തും സ്വാധീനിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം മെഡിക്കല്‍ കോളജിലും മാത്യുവിന്റെ ഒപ്പമുുണ്ടായിരുന്നു. പില്ക്കാലത്തെ ഡോ. അബ്രഹാം മാത്യു. അബ്രഹാമിന്റെ സ്വാധീനത്താലാണ് മൂന്നാം വര്‍ഷ മെഡിസിന്‍ കാലത്ത് ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ മാത്യു പങ്കെടുക്കുന്നത്.

മഞ്ഞാക്കലച്ചന്റെ നേതൃത്വത്തില്‍ നടന്ന ഈ ധ്യാനം മാത്യുവിനെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ദൈവത്തെയും ലോകത്തെയും തന്നെ പ ുതുതായ രീതിയില്‍ നോക്കിക്കാണാന്‍ അത് പ്രേരിപ്പിക്കുകയായിരുന്നു. ഇന്നലെ വരെ ദൈവം എന്നാല്‍ ഭയത്തോടെ നോക്കിക്കാണുകയും അകന്നുനിന്ന് വീക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴാവട്ടെ ദൈവത്തോട് കൂടുതല്‍ അടുപ്പം തോന്നുന്നു. ദൈവം സമീപസ്ഥനാണെന്ന തോന്നല്‍ ശക്തമാകുന്നു. ദൈവത്തിന്റെ മുഖം നസ്രായനായ ഈശോയുടെ മുഖം തന്നെയാണെന്ന തിരിച്ചറിവായി..കുമ്പസാരം അനുഭവവേദ്യമായി.. ദൈവത്തെ സ്‌നേഹമുള്ള വ്യക്തിയായി ആത്മാവിലേക്ക് സ്വീകരിക്കുകയായിരുന്നു.

പിന്നെ മാത്യുവിന്റെ ജീവിതം പഴയതുപോലെയല്ലാതായി.സ്ഥിരം സൗഹൃദങ്ങളുടെ ആഘോഷങ്ങളില്‍ നിന്ന് അവന്‍ അകന്നുതുടങ്ങി. ബൈബിള്‍ വായന ദിനചര്യയുടെ ഭാഗമായി. പ്രാര്‍ത്ഥന ഹൃദയത്തിന്റെ തുടിപ്പായി മിടിച്ചുതുടങ്ങി..ജീസസ് യൂത്തിന്റെ പ്രാര്‍ത്ഥാസമ്മേളനങ്ങളിലെ സജീവസാന്നിധ്യമായി. അനുദിന ദിവ്യബലികള്‍ അനിവാര്യമായി.. ദൈവവുമായുള്ള തീവ്രമായ സൗഹൃദത്തിലേക്ക് മാത്യുവിന്റെ ജീവിതം കൂട്ടുകൂടി.യഥാര്‍ത്ഥ ഭിഷഗ്വരന്‍ ക്രിസ്തുവാണെന്ന തിരിച്ചറിവു അത്തരം യാത്രകളെ കൂടുതല്‍ പ്രകാശമാനമാക്കി. ദയയുള്ളവന്‍, അനുകമ്പയുള്ളവന്‍, മനുഷ്യത്വമുള്ളവന്‍.. കരുണയുള്ളവന്‍..ബൈബിളില്‍ കണ്ട ക്രിസ്തുവെന്ന ഭിഷഗ്വരന്‍ മാത്യുവിന്റെ അതുവരെയുള്ള ജീവിതത്തെയും മനോഭാവങ്ങളെയും നെടുകയും കുറുകെയും ഛേദിച്ചുകളഞ്ഞു.

അതോടൊപ്പം തന്നെ മെഡിക്കല്‍ രംഗത്തെ ഗ്രസിച്ചിരിക്കുന്ന മലീമസമായ ചില പ്രവണതകള്‍ അയാളെ വേട്ടയാടിത്തുടങ്ങുകയും ചെയ്തു. മനുഷ്യന്റെ സഹനത്തെ ആേേരാഗ്യമേഖല ചൂഷണം ചെയ്യുന്നു..കച്ചവടക്കല്‍ക്കരിക്കപ്പെടുന്ന ആരോഗ്യമേഖല..ഒരുപാടുപേര്‍ തങ്ങളുടെ ധനാഗമമാര്‍ഗ്ഗത്തിനായി പരിപാവനമായി കരുതേണ്ട ഈ മേഖലകളെ ചൂഷണം ചെയ്യുന്നു..ദുരുപയോഗം ചെയ്യുന്നു..

രണ്ടുതരം ചിന്താധാരകള്‍ക്കുമിടയില്‍ മാത്യുവിന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. അത്തരം ദിനങ്ങളിലാണ് തുടക്കത്തില്‍ നാം കണ്ട സംഭവം അരങ്ങേറിയത്. അപ്പോഴും എന്തു ചെയ്യണമെന്ന തീരുമാനം എടുക്കാന്‍ മാത്യുവിന് കഴിഞ്ഞില്ല.

തന്റെ പോലെ തന്നെ കാഴ്ചപ്പാടുകളുള്ള ഒരു ഡോക്ടര്‍ യുവതിയെ വിവാഹം ചെയ്ത് മുന്നോട്ടുപോകാമെന്ന ആലോചനകളും ഇക്കാലത്ത് ഉണ്ടായി. മിഷനറി ഡോക്ടര്‍ ഫാമിലിയായി മാറുക. എംബിബിഎസ് പൂര്‍ത്തിയാക്കി ഒരു വര്‍ഷം സ്വകാര്യആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു. അതുകഴിഞ്ഞ് വെല്ലൂര്‍ സിഎംസിയിലേക്ക് എംഡി പഠനത്തിനായി യാത്രയായി. കമ്മ്യൂണിറ്റി മെഡിസിനായിരുന്നു തിരഞ്ഞെടുത്ത വിഷയം.

ഈ ജീവിതകാലഘട്ടം കൃത്യവും വ്യക്തവുമായ തീരുമാനം എടുക്കാന്‍ ഡോക്ടര്‍ മാത്യുവിനെ പ്രേരിപ്പിച്ചു.. ശരീരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ മാത്രമാകാതെ ആത്മാവിനെ ചികിത്സിക്കുന്ന ഡോക്ടറാകുക എന്നതാണ് തന്റെ ദൈവവിളി.  അത്തരമൊരു തീരുമാനം ആദ്യം പങ്കുവച്ചത് ചേട്ടനോടായിരുന്നു.

ഒരു വര്‍ഷം ഈ നിയോഗം വച്ച് പ്രത്യേകം പ്രാര്‍ത്ഥിച്ചൊരുങ്ങാനായിരുന്നു ചേട്ടന്റെ നിര്‍ദ്ദേശം.ചേട്ടനും അനുജനും തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ മുഴുകി. ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനത്തിന് ഇളക്കം ഉണ്ടായില്ലെന്ന് മാത്രമല്ല ശക്തമാവുകകൂടി ചെയ്തപ്പോള്‍ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കാമെന്ന് തീരുമാനിച്ചു.

സ്വഭാവികമായും മാതാപിതാക്കള്‍ക്ക് അക്കാര്യം ഒറ്റയടിക്ക് സമ്മതിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. മകനെ ഒരു ഡോക്ടറായി മാത്രം കണ്ട് അതിലൂടെ സാമ്പത്തികസുസ്ഥിരതയും സമൂഹത്തില്‍ മാന്യതയും ആദരവും പ്രതീക്ഷിച്ചിരുന്ന അവര്‍ക്കത് പെട്ടെന്ന് മനസ്സിലാവുന്ന കാര്യവുമായിരുന്നില്ല.

വീണ്ടും രണ്ടുവര്‍ഷങ്ങള്‍ കൂടി കടന്നുപോയി, മാതാപിതാക്കളുടെ അനുകൂലമായ മറുപടിക്കു വേണ്ടി..ഒടുവില്‍ ദൈവഹിതത്തതിന് തടസ്സം നില്ക്കാന്‍ ഞാനാര് എന്ന് പറഞ്ഞ് അമ്മ മകനെ ദൈവവഴിയിലേക്ക് നീക്കിനിര്‍ത്തി. അതിന് മീതെ അനുഗ്രഹം ചാര്‍ത്തി അപ്പനും.

ഒടുവില്‍ സെമിനാരിയിലേക്ക്.. ദിവ്യരക്ഷകസഭയാണ് മാത്യു തിരഞ്ഞെടുത്തത്. ഒമ്പത് സന്യാസസഭകളെക്കുറിച്ച് അന്വേഷിച്ച് പഠിച്ചതിന് ശേഷം തന്റെ കാരിസവുമായി കൂടുതല്‍ ചേര്‍ച്ചയുള്ളതെന്ന് തോന്നുന്നതിനാലാണ് അദ്ദേഹം ദിവ്യരക്ഷകസഭ തിരഞ്ഞെടുത്തത്. 2007ല്‍ വൈദികനായി അഭിഷിക്തനായി. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഫാ. മാത്യുവിന് സിബിസിഐ യില്‍ നിന്ന് ഒരു ക്ഷണം. ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നു അത്. ഫാ. മാത്യു സന്തോഷത്തോടെ അവിടേയ്ക്ക് പോയി. വടക്കെഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആതുരശുശ്രൂഷയുടെ പുതിയ മുഖം കാഴ്ചവയ്ക്കാന്‍ ഫാ. മാത്യുവിന് കഴിഞ്ഞു. അതിന് ശേഷമാണ് ഇപ്പോള്‍ ചായ് യുടെ ഡയറക്ടര്‍ ജനറലായുള്ള നിയമനം.

ഹൈദ്രാബാദായിരിക്കും പുതിയ പ്രവര്‍ത്തനമണ്ഡലം. ഈശോ വിഭാവനം ചെയ്ത ഹെല്‍ത്ത് കെയര്‍ മിനിസ്ട്രി വികസിപ്പിച്ചെടുക്കണം എന്നതാണ് അച്ചന്റെ ആഗ്രഹം. രോഗികള്‍ക്ക് സാന്ത്വനം നല്കുക, പ്രത്യാശ നല്കുക, ഇനി മരണമാണ് അവര്‍ക്ക് മുമ്പിലുള്ളതെങ്കില്‍ നല്ല മരണത്തിന് അവരെ ഒരുക്കിയെടുക്കുക.. ഹെല്‍ത്ത് കെയര്‍ മിനിസ്ട്രിയിലൂടെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അച്ചന്‍ വ്യക്തമാക്കി.

നമ്മുടെ ആതുരാലയങ്ങള്‍ പോലും വ്യവസായവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ് അച്ചനെ ആകുലപ്പെടുത്തുന്നത്. ആതുരശുശ്രൂഷാ മേഖല പുതുതായി നവീകരിക്കപ്പെടണം, എല്ലാ അര്‍ത്ഥത്തിലും. അച്ചന്‍ സ്വപ്‌നം പങ്കുവച്ചു വെല്ലുവിളികള്‍ ഉണ്ട്.പക്ഷേ ഞാന്‍ സംതൃ്പതനാണ്. ഫാ. മാത്യു അറിയിച്ചു.

 

ബിജു

You must be logged in to post a comment Login