ഒരു ഭൂതോച്ചാടകന്‍ വിശുദ്ധ പദവിയിലേക്ക്…

ഒരു ഭൂതോച്ചാടകന്‍ വിശുദ്ധ പദവിയിലേക്ക്…

P.-Juan-Manuel-Martin-del-Campoദൈവദാസനായ ഫാ. ജുവാന്‍ മാനുവല്‍ മാര്‍ട്ടിന്‍ ദെ കാമ്പോ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് ഇനി രണ്ട് പടികള്‍ കൂടി അദ്ദേഹം കടക്കേണ്ടതായുണ്ട്. 1917 ഡിസംബര്‍ 14 ന് ജനിച്ച അദ്ദേഹം വൈദികനായി അമ്പതു വര്‍ഷങ്ങള്‍ ശുശ്രൂഷ ചെയ്തു. അതില്‍ എട്ടു വര്‍ഷം മെക്‌സിക്കന്‍ രൂപതയായ ആലപ്പായുടെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്നു.

ദൈവഭക്തിയുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചുവളര്‍ന്നത്. നന്നേ ചെറുപ്പം മുതല്‌ക്കേ സഹോദരങ്ങള്‍ക്കൊപ്പം കൊന്ത ചൊല്ലി പ്രാര്‍ത്ഥി്ക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാതെ അദ്ദേഹം ഉറങ്ങാന്‍ പോകാറുമില്ലായിരുന്നു. സഹോദരന്‍ ഒരു വൈദികനുമായിരുന്നു.

മെക്‌സിക്കന്‍ പ്രസിഡന്റ് ഏലിയാസ് കാല്ലെസ് ക്രൈസ്തവര്‍ക്കെതിരെ മതദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയും ക്രിസ്റ്റെറോ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്ത അവസരത്തിലാണ് ജുവാന്‍ മാനുവല്‍ സെമിനാരിയില്‍ ചേര്‍ന്നത്. മതപരമായ എല്ലാ ചടങ്ങുകളും നിരോധിക്കപ്പെടുകയും വൈദികര്‍ക്ക് പൗരാവകാശം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടുകയും ക്രിസ്തുരാജന്‍ വിജയിക്കട്ടെ എന്ന് മുദ്രാവാക്യം മുഴക്കി പ്രതികരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. സെമിനാരിയിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ശ്രമകരമായ ജോലിയാണ് അന്നത്തെ മെത്രാനായിരുന്ന ഗ്വിസാര്‍ വാലെന്‍ഷ്യാ മാനുവലിനെ ഏല്പിച്ചത്. ഈ മെത്രാനെ 2006 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി.

ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് തന്നെ ഏല്പിച്ച ഉത്തരവാദിത്തം മാനുവല്‍ മാര്‍ട്ടിന്‍ സ്തുത്യര്‍ഹമായ വിധത്തില്‍ ചെയ്തുപോന്നു. 1940 ഡിസംബര്‍ 21 ന് അദ്ദേഹം വൈദികനായി. 1947 വരെ സെമിനാരി പ്രഫസറും ഡയറക്ടറും ആയി സേവനം ചെയ്തു. 1995 വരെ രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്നു. 1996 ഓഗസ്റ്റ് 13 നായിരുന്നു അദ്ദേഹം സ്വര്‍ഗ്ഗപ്രാപ്തനായത്.

You must be logged in to post a comment Login