ഒരു മകന് ഇങ്ങനെ അപ്പനെ സ്‌നേഹിക്കാനാകുമോ?

ഒരു മകന് ഇങ്ങനെ അപ്പനെ സ്‌നേഹിക്കാനാകുമോ?

പള്ളി പിരിഞ്ഞ് ഇറങ്ങുമ്പോഴെല്ലാം ഞാന്‍ ആ സ്ത്രീയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വ്യാകുലം കൊണ്ട് തീര്‍ത്തത്തെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവുന്ന ദരിദ്രയായ ഒരു സ്ത്രീ. ഒരു ചെറുപ്പക്കാരനും ചിലപ്പോഴെല്ലാം അവരുടെ കൂടെയുണ്ടാവും.

ഒരുദിവസം വളരെ അവിചാരിതമായി ഒരു ഹോട്ടലില്‍ വച്ച് ഞാന്‍ അവരുമായി കണ്ടുമുട്ടി. അവരും ഞാനും തനിച്ചായതുകൊണ്ട് മനപ്പൂര്‍വ്വം ഞാന്‍ അവരുടെ മേശയ്ക്കലാണ് ചെന്നിരുന്നത്. അവര്‍ എന്നെ ഒരിക്കല്‍പോലും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ അവരാദ്യം അകലമിട്ടാണ് സംസാരിച്ചത്.

പക്ഷേ ഞാന്‍ അവരെ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും കൂടെ കാണാറുള്ളത് മകനാണോ എന്നെല്ലാം ഞാന്‍ വെറുതെ സംസാരിച്ചപ്പോള്‍ വളരെ പെട്ടെന്ന് അവര്‍ എന്നോട് മനസ്സ് തുറന്നു.

ഒരു റിട്ടയേര്‍ഡ് അധ്യാപികയാണവര്‍.( അതുകേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അത്തരമൊരു വേഷഭൂഷാദികളായിരുന്നില്ല അവരുടേത്…) കൂടെയുണ്ടാകാറുള്ളത് മകനാണ്. ഭര്‍ത്താവ് ഐഎസ് ആര്‍ ഒയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അയല്‍ക്കാരായിരുന്നു അവര്‍.

ഇരുവീട്ടുകാരും തമ്മില്‍ കൂടിയാലോചിച്ചുള്ള ഒരു വിവാഹമായിരുന്നു അവരുടേത്. എന്നിട്ടും ജീവിതം തുടക്കത്തില്‍ തന്നെ പാളിപ്പോയി. ഔദ്യോഗികമല്ലാതെയുള്ള വേര്‍പിരിയല്‍. യോജിച്ചുപോകാനാവാത്ത വിധത്തിലുള്ള ചില ആശയവൈരുദ്ധ്യങ്ങള്‍..

രണ്ട് മക്കളെയും ഭാര്യയെയും തനിച്ചാക്കി അയാള്‍ ഒരു നാള്‍ വീടുവിട്ടുപോയി. മകന് അന്ന് ആറോ ഏഴോ വയസ്. അയാള്‍ വേറെ വിവാഹം കഴിച്ചു. മക്കളുമായി. ഈ സ്ത്രീയുടെ മകള്‍ വിവാഹിതയായി. മുപ്പതിനടുത്ത് പ്രായമുള്ള മകന്‍ ജീവിതത്തില്‍ ഒന്നുമാകാതെ ഇപ്പോഴും….

പക്ഷേ അതല്ല.. അവന്റെ മനസ്സില്‍ അപ്പനോട് ഇന്നും പൊരിഞ്ഞ സ്‌നേഹമാണത്രെ. തന്റെ കൂടെ പന്തുകളിക്കാന്‍ കൂടിയിരുന്ന, പുഴയില്‍ കൊണ്ടുപോയി കുളിപ്പിച്ചിരുന്ന, സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ച ആ അപ്പനാണ് അവന്റെ മനസ്സ് നിറയെ.

കത്തുകള്‍ ഇല്ലാതായ ഈ കാലത്തും അവന്‍ അപ്പന് കത്തെഴുതുന്നു.. ഫോണ്‍ വിളിക്കുന്നു.ഫോണ്‍ വിളിക്കരുതെന്ന് അപ്പന്‍ താക്കീതു നല്കിയിട്ടുപോലും…

അപ്പന്‍ വരും അമ്മേ..നമ്മുടെ അടുത്തേയ്ക്ക് തന്നെ അപ്പന്‍ വരും അമ്മേ..അവന്‍ പറയാറുണ്ടത്രെ. അവര്‍ക്ക് പ്രതീക്ഷയില്ല അയാള്‍ വരുമെന്ന്..

ഇനി വന്നിട്ടെന്തിനാ..ജീവിതം തീര്‍ന്നില്ലേ..അവര്‍ എന്നോട് ചോദിച്ചു.

പക്ഷേ മകന്‍ കാത്തിരിക്കുന്നു, അപ്പന്‍ വരുമെന്ന്..

ആ മകന്റെ സ്‌നേഹമോര്‍ത്തപ്പോള്‍ എന്റെ ചങ്ക് പിടഞ്ഞു. ഉപേക്ഷിച്ചുപോയ അപ്പന്മാരെയെല്ലാം വെറുപ്പോടെ ഓര്‍മ്മിക്കുന്ന മക്കളുള്ളപ്പോള്‍ ഈ മകന്‍ മാത്രം…

അയാള്‍ അവന് വേണ്ടതൊന്നും കൊടുത്തിട്ടില്ല..അവന്റെ സ്‌നേഹത്തെ തെല്ലുപോലും വകവച്ചിട്ടുമില്ല. അതുകൊണ്ടാണല്ലോ ഫോണ്‍ പോലും ചെയ്യരുതെന്ന് അയാള്‍ ശാസിച്ചത്. എന്നിട്ടും മകന് അതിലൊന്നിലും പരാതിയില്ല.

സ്‌നേഹം സ്‌നേഹമെന്നൊക്കെ നാം പറയുന്നതും എഴുതുന്നതും ഒന്നുമല്ല സ്‌നേഹം. തിരിച്ചുകിട്ടാത്തപ്പോഴും തിരികെകിട്ടില്ലെന്ന് ഉറപ്പുള്ളപ്പോഴും കൊടുക്കാനും കാത്തിരിക്കാനും ഓര്‍മ്മിക്കാനും കഴിയുന്ന സന്നദ്ധതയുടെ പേരാണ് സ്‌നേഹം. ഈ ചെറുപ്പക്കാരന്റെ ശിരസിന് പിന്നില്‍ വിശുദ്ധര്‍ക്കുള്ളതുപോലെ ഒരു പ്രകാശവലയം ഉണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഇതല്ലേ സ്‌നേഹം…

എനിക്കിപ്പോള്‍ ഒരു സംശയം..സ്‌നേഹം സ്‌നേഹം എന്ന് നമ്മള്‍ പറയുന്നതൊക്കെ സ്‌നേഹമാണോ.?

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login