ഒരു മകള്‍ പിതാവിന് അമ്മയായി മാറിയപ്പോള്‍

കൊച്ചുത്രേസ്യാ മഠത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ സുഹൃത്തുക്കള്‍ പലരും അയാളോട് സഹതപിച്ചു. വൃദ്ധനായ മാര്‍ട്ടിന്‍ വീണ്ടും വീണ്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുകയാണല്ലോ എന്നോര്‍ത്ത്. എന്തുമാത്രം ദുരനുഭവങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കടന്നുപോയ വ്യക്തിയാണ്. എന്നിട്ടും വീണ്ടും വീണ്ടും തദൃശ്യമായ അനുഭവങ്ങള്‍ തന്നെ അയാള്‍ക്കുണ്ടാകുന്നു. അത്തരക്കാരോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം?

പക്ഷേ മാര്‍ട്ടിന്‍ തന്നെതന്നെ ദൈവത്തിന് ബലിവേദിയായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നോട് സഹതപിച്ചവരോട് മാര്‍ട്ടിന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.

പ്രിയപ്പെട്ട സുഹൃത്തുക്കളേ ത്രേസ്യ എന്റെ കൊച്ചുറാണി കര്‍മ്മലമഠത്തില്‍ പ്രവേശിച്ചതോര്‍ത്ത് നിങ്ങള്‍ എന്നോട് സഹതപിക്കേണ്ടതില്ല. കാരണം എന്റെ ഹൃദയം ആനന്ദത്താല്‍ നിറഞ്ഞൊഴുകുകയാണ്. ഇങ്ങനെയൊരു ത്യാഗം ആവശ്യപ്പെടാന്‍ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ. വളരെയധികം സഹനങ്ങള്‍ ഇക്കാലയളവില്‍ മാര്‍ട്ടിന് അനുഭവിക്കേണ്ടതായി വന്നു. ലെയോണിയുടെ സഭാപ്രവേശനവും അവിടെ നിന്നുള്ള പുറത്താക്കലുമായിരുന്നു അതിലൊന്ന്. അപ്പോഴും ദൈവത്തെ പഴിക്കാതെയും ദൈവത്തോട് പരാതിപറയാതെയും ദൈവത്തിങ്കലേക്ക് മാത്രം മുഖം ഉയര്‍ത്തുവാനും മാര്‍ട്ടിന് സാധിച്ചു. ലോകകാര്യങ്ങള്‍ മാര്‍ട്ടിനെ അലട്ടിയതേയില്ല. സ്വഭാവികമായ ക്ഷിപ്രകോപത്തെ പോലും അടക്കി നിര്‍ത്തി വിശുദ്ധ ഫ്രാന്‍സിസ് സാലെസിന്റെ മാതൃകയില്‍ മറ്റാര്‍ക്കും പിന്നിലല്ലാത്തസ്ഥാനം ആത്മനിയന്ത്രണത്തില്‍ പാലിച്ചുകൊണ്ടായിരുന്നു മാര്‍ട്ടിന്‍ ജീവിച്ചത്.

ലെയോനി തിരികെ വന്നപ്പോഴും മടങ്ങിപ്പോയപ്പോഴും ഒരേ രീതിയില്‍ സ്വീകരിക്കാനും മാര്‍ട്ടിന് സാധിച്ചിരുന്നു. ശാരീരികമായ അസ്വസ്ഥതകളും രോഗങ്ങളും മാര്‍ട്ടിനെ വേട്ടയാടിത്തുടങ്ങി. മരിയയുടെ വ്രതവാഗ്ദാനത്തിന്റെയും ശിരോവസ്ത്രസ്വീകരണത്തിന്റെയും സുദിനം കഴിഞ്ഞപ്പോഴേയ്ക്കും മാര്‍ട്ടിന്‍ തളര്‍വാതം പിടിപെട്ട് കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത സ്ഥിതിയിലായിത്തീര്‍ന്നു. എങ്കിലും അതില്‍ നിന്ന് ക്രമേണ മുക്തനാകാനും മാര്‍ട്ടിന് സാധിച്ചു. അധികം വൈകാതെ മാര്‍ട്ടിന്‍ ഹൃദ്രോഗിയുമായി. രണ്ടുവട്ടമാണ് ഹൃദ്രോഗം അദ്ദേഹത്തെ ബാധിച്ചത്. ഇരുവട്ടവും അതില്‍ നിന്ന് മുക്തിനേടാനും ദൈവം ഇടനല്കി.

തെരേസയുടെ സഭാവസ്ത്ര സ്വീകരണത്തിന്റെ ദിവസം അടുത്തു. സന്യാസാര്‍ത്ഥിനി വിവാഹവസ്ത്രവിഭൂഷിതയായി ആവൃതിക്ക് വെളിയില്‍ പോയി കുടുംബാംഗങ്ങളുമൊരുമിച്ച് നടത്തുന്ന ഒരു ചടങ്ങാണത്. ആ ദിവസം മാര്‍ട്ടിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയദിവസമായിരുന്നു. കാരണം ഇതിനിടയില്‍ സെലിനും തന്റെ ദൈവവിളി മാര്‍ട്ടിനെ അറിയിച്ചുകഴിഞ്ഞിരുന്നു. മക്കളെയെല്ലാവരെയും ദൈവത്തിന് സമര്‍പ്പിച്ച പിതാവ്.. അമ്മയുടെ അസാന്നിധ്യത്തിലും മക്കള്‍ക്ക് അമ്മയായിത്തീര്‍ന്ന പിതാവ്.. സെലിന്റെ ദൈവവിളി സ്വീകരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.

വരൂ മക്കളേ നമുക്കൊരുമിച്ച് ദിവ്യകാരുണ്യസന്നിധിയില്‍ പോകാം. കര്‍ത്താവ് നമമുടെ കുടുംബത്തിന് നല്കിയ അനുഗ്രഹങ്ങള്‍ക്കും എന്റെ വീട്ടില്‍ നിന്ന് തനിക്ക് മണവാട്ടിമാരെ തിരഞ്ഞെടുത്ത് എന്നെ ബഹുമാനിച്ചതിനും നന്ദി പറയാം. അതെ, കൂടുതല്‍ വിശിഷ്ടമായി എനിക്കെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അതും കൂടി സമര്‍പ്പിക്കുവാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുമായിരുന്നു.

ഹോ! എത്ര വിശിഷ്ടമായ വാക്കുകള്‍.. ഒരു മാര്‍ട്ടിനല്ലാതെ മറ്റാര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയും?
കൊച്ചുറാണിയുടെ സഭാവസ്ത്രസ്വീകരണ ദിനം നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയാണ് മാര്‍ട്ടിന്‍ നിന്നത്. മകളെ മാറോട് അണച്ചുകൊണ്ട് ആ പിതാവ് ഇപ്രകാരം പറഞ്ഞു. ഹാ എന്റെ കൊച്ചുറാണി വന്നുവല്ലോ.. തന്റെ മക്കളോടായി ആ പിതാവ് തുടര്‍ന്നു. എന്റെ കുഞ്ഞുങ്ങളേ, ഞാന്‍ അലെന്‍സോണില്‍ നിന്ന് വരികയാണ്. അവിടെ നോത്രദാം ദൈവാലയത്തില്‍ എനിക്ക് ലഭിച്ച വിലമതിക്കാന്‍ വയ്യാത്ത അനുഗ്രഹങ്ങളും ആശ്വാസങ്ങളും നിമിത്തം ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചുപോയി. എന്റെ ദൈവമേ ഇതെല്ലാം തുലോം അധികമാണ്. എന്റെ ആനന്ദം അതിരുകവിഞ്ഞുപോകുന്നു. ഈ വഴിക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാധിക്കയില്ല. അങ്ങേക്കുവേണ്ടി വല്ലതും സഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്നെതന്നെ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു…

അപ്പച്ചന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണു തുടയ്ക്കാനേ മക്കള്‍ക്കായുള്ളൂ. ഇങ്ങനെയൊരു പുണ്യപ്പെട്ട പിതാവിന്റെ മക്കളായി ജനിക്കാന്‍ തങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചതോര്‍ത്ത് അവര്‍ ദൈവത്തിന് നന്ദി പറഞ്ഞു. കൊച്ചുറാണിയുടെ കൈക്ക് പിടിച്ചാണ് ആ പിതാവ് കപ്പേളയിലേക്ക് പ്രവേശിച്ചത്. പുറത്ത് അപ്പോള്‍ പതിവില്ലാതെ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു; മാര്‍ട്ടിന്റെ മനസ്സിലും. വിഷാദമഞ്ഞ്.

1888 ജൂണ്‍ 23 ആ കുടുംബത്തെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു. അന്ന് സെലിന്‍ നോക്കുമ്പോള്‍ കിടക്കയില്‍ അപ്പച്ചനില്ല. അപ്പച്ചാ..അപ്പച്ചാ..അവള്‍ വീടിനുള്ളിലും പുറത്തും മാര്‍ട്ടിനെ അന്വേഷിച്ചു നടന്നു. ഒരിടത്തുമില്ല. സെലിന്‍ അമ്മാവന്റെ വീട്ടിലേക്ക് ഓടി..ഇല്ല. അവിടെയും മാര്‍ട്ടിന്‍ എത്തിയിട്ടില്ല.. ഇരുവരും ചേര്‍ന്ന് അന്വേഷണമായി. പക്ഷേ ആശാവഹമായ ഒരു സൂചനയും ഒരിടത്തുനിന്നും കിട്ടിയില്ല.

ഈശോയേ എന്റെ അപ്പച്ചന്‍ എവിടെ പോയതാണോ..സെലിന്‍ പൊട്ടിക്കരഞ്ഞു. മോളേ നീയിങ്ങനെ കരയാതെ.നമുക്ക് അന്വേഷിക്കാം..ഡോ.ഗ്വെരിന്‍ ആശ്വസിപ്പിച്ചു. പക്ഷേ അങ്ങനെ പറയുമ്പോഴും മാര്‍ട്ടിനെ എങ്ങനെ കണ്ടെത്തും എന്ന കാര്യത്തില്‍ ഡോക്ടര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. കരച്ചിലിലൂടെയും പ്രാര്‍ത്ഥനയിലൂടെയും മൂന്ന് ദിനം കടന്നുപോയി. അന്നേ ദിവസം സെലിന് ഒരു കത്തുകിട്ടി.അവളുടെ അപ്പച്ചന്‍ എഴുതിയ കത്ത്.. തനിക്ക് കുറച്ചുപണം ആവശ്യമുണ്ട് എന്നായിരുന്നു അതിന്റെ ഉളളടക്കം. സെലിന്‍കണ്ണീരു തുടച്ചുകൊണ്ട് ആ കത്തുമായി അമ്മാവന്റെ അടുക്കലേയ്ക്ക് ഓടി. ലിസ്യൂവില്‍ നിന്ന് 24 മൈല്‍ അകലെയുള്ള ലെ ഹാവെറിയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വാ നമ്മുക്ക് ഇപ്പോള്‍തന്നെ പോകാം..അമ്മാവനും സെലിനും കൂടി അപ്പോള്‍തന്നെ അവിടേയ്ക്ക് യാത്രതിരിച്ചു. ജനറല്‍ പോസ്റ്റ് ഓഫീസിന് മുമ്പില്‍ പണം കാത്തുനില്ക്കുന്ന മാര്‍ട്ടിനെ അവര്‍ കണ്ടെത്തി. എന്റെ അപ്പച്ചാ, അപ്പച്ചന്‍ എന്തുപണിയാ ഈ ചെയ്തത്..ഞാനെന്തുമാത്രം തീ തിന്നുവെന്നറിയാമോ..മാര്‍ട്ടിനെ കെട്ടിപിടിച്ചുകൊണ്ട് സെലിന്‍ കരഞ്ഞു.

അപ്പച്ചന്‍ എവിടേയ്ക്കാ പോയത്..എന്നോടൊരു വാക്കുപോലും പറയാതെ..

ഞാന്‍ എന്റെ ദൈവത്തിന് നന്ദിപറയാന്‍ പോയതാ, എന്റെ നല്ല ദൈവത്തെ സ്‌നേഹിക്കാന്‍ പോയതാ.. ദേ ഈ മുഴുവന്‍ ഹൃദയവും കൊണ്ട്.. മാര്‍ട്ടിന്റെ ഈ വാക്കുകളില്‍ അസ്വഭാവികതയുള്ളതുപോലെ ഡോക്ടര്‍ ഗ്വെരിന് തോന്നി.

രോഗങ്ങളും സഹനങ്ങളും മാറിമാറി പ്രത്യക്ഷപ്പെട്ടുകൊണ്ട് ഒരു വര്‍ഷം കടന്നുപോയി. അപ്പോഴേയ്ക്കും ഒളിച്ചോടിപോകാനുള്ള മാര്‍ട്ടിന്റെ പ്രവണത വര്‍്ദ്ധിച്ചുകൊണ്ടിരുന്നു. ദിവസത്തില്‍ പലതവണ മാര്‍ട്ടിന്‍ വീടു വിട്ടുപൊയ്‌ക്കൊണ്ടിരുന്നു. സെലിനോ ലെയോണിക്കോ മാത്രമായി ഏതു നിമിഷവും മാര്‍ട്ടിനെ നോക്കിയിരിക്കാന്‍ പറ്റാത്ത സാഹചര്യം. ഒടുവില്‍ ഡോ. ഗ്വെരിന്‍ തന്നെയാണ് ആ പോംവഴി നിര്‍ദ്ദേശിച്ചത്.

തുടര്‍ച്ചയായ നിരീക്ഷണത്തിനും പരിചരണത്തിനുമായി കായേനിലുള്ള ദിവ്യരക്ഷകന്റെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. സെലിനും ലെയോണിയും അത് കേട്ട് പൊട്ടിക്കരഞ്ഞുപോയി കാരണം അത് മാനസികരോഗാശുപത്രിയായിരുന്നു. തങ്ങളുടെ പൊന്നപ്പച്ചനെ മാനസികരോഗിയായി കാണുവാന്‍ അവര്‍ തെല്ലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ എന്തുചെയ്യാം..സാഹചര്യങ്ങള്‍ ആ വഴിയിലേക്കാണ് നീങ്ങുന്നത്.. വേദനയോടെ ദൈവതിരുമനസ്സിന് കീഴടങ്ങുക മാത്രമേ അവര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ..

പഴയൊരു ആശ്രമമായിരുന്നു ബോണ്‍ സാവേര്‍. കാലക്രമേണ അത് മാനസികരോഗാശുപത്രിയായി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. മാര്‍ട്ടിനെ അവിടെ പ്രവേശിപ്പിക്കുമ്പോള്‍ അന്തേവാസികളായി 260 പേരുണ്ടായിരുന്നു. കന്യാസ്ത്രീകളും നൊവീസുമാരുമായിരുന്നു ശുശ്രൂഷകര്‍. അതിനോട് ചേര്‍ന്ന് ഒരു ചാപ്പലുള്ളത് മാര്‍ട്ടിനെ സംബന്ധിച്ച് ഏറെ ആശ്വാസപ്രദമായിരുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും മാര്‍ട്ടിന് അനുവാദമുണ്ടായിരുന്നു.

അങ്ങനെ അറുപത്തിയഞ്ചാം വയസില്‍ മാനസികരോഗാശുപത്രിയില്‍ നമ്പര്‍ 14449 ആയി മാര്‍ട്ടിന്‍ പ്രവേശിപ്പിക്കപ്പെട്ടു.

മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ മാനസികരോഗാശുപത്രിയില്‍ നിന്ന് പുറത്തുവന്നു. ലിസ്യൂവിലേക്കാണ് അവര്‍ മടങ്ങിയത്.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു. മഠത്തില്‍ ചേര്‍ന്നിരിക്കുന്ന തന്റെ മൂന്ന് മ്ക്കളെയും കാണണം. സ്‌ട്രോക്ക് വന്നതിനാല്‍ വ്യക്തമായി സംസാരിക്കാന്‍ പോലും മാര്‍ട്ടിന് അക്കാലത്ത് കഴിഞ്ഞിരുന്നില്ല. സെലിനും ലെയോണിയും ചേര്‍ന്ന്ണ് ആ യാ്ത്ര പുറപ്പെട്ടത്.

ഏതാനും ചില വാക്കുകള്‍ അവ്യക്തമായി മാത്രം സംസാരിക്കാന്‍ കഴിഞ്ഞ മാര്‍ട്ടിന്‍ പക്ഷേ പണിപ്പെട്ട് ഒരു വാക്ക് മ്ക്കളോടായി പറഞ്ഞു..

ഇനി നമ്മള്‍ കാണുന്നത് സ്വര്‍ഗ്ഗത്തില്‍…
അടുത്ത രണ്ട് വര്‍ഷം ഒരു വീട് വാടകയ്‌ക്കെടുത്ത് സെലിന്റെയും ലെയോണിയുടെയും പരിചരണത്തിലാണ് മാര്‍ട്ടിന്‍ ജീവിച്ചത്. ദമ്പതികളായ രണ്ട് പരിചാരകര്‍ സഹായത്തിനുമുണ്ടായിരുന്നു. മാര്‍ട്ടിന്റെ ജീവിതം വീല്‍ച്ചെയറിലായി. വീടിന്റെ മുറ്റത്തുള്ള ഉദ്യാനത്തിലൂടെ വീല്‍ച്ചെയറില്‍ സഞ്ചരിക്കുമ്പോള്‍ മാര്‍ട്ടിന്റെ മനസ്സ് വീണ്ടും കാല്പനികമായിത്തുടങ്ങി. പൂവു പൂമ്പാറ്റകളും പ്രകൃതിയും..ദൈവത്തിന്റെ കരവേലകളെയോര്‍ത്ത് അദ്ദേഹം വീണ്ടും നന്ദിപറഞ്ഞുകൊണ്ടിരുന്നു.

ഇടയ്ക്ക് മാര്‍ട്ടിന്‍ പൊട്ടിക്കരയും..സങ്കടപ്പെടും..വാക്കുകള്‍ മാര്‍ട്ടിന് നിശ്ബ്ദമായിക്കൊണ്ടിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ലെയോണി വീണ്ടും കന്യാസ്ത്രീമഠത്തിലേക്ക് മടങ്ങി. വിസിറ്റേഷന്‍ കോണ്‍വെന്റിലേക്ക്..അത് അവളുടെ അവസാനത്തെ ശ്രമമായിരുന്നു.

സെലിനും മാര്‍ട്ടിനും മാത്രമായി ആ കുടുംബം വീണ്ടും ചുരുങ്ങി. മാര്‍ട്ടിന്റെ അവസാനത്തെ രണ്ടുവര്‍ഷങ്ങള്‍ ഡോ. ഗ്വെരിന്റെ ഭവനത്തിലായിരുന്നു. സഹോദരീഭര്‍ത്താവിനോട് എല്ലാവിധ സ്‌നേഹബഹൂമാനങ്ങളോടെയുമാണ് ഇക്കാലയളവില്‍ ഡോക്ടര്‍ പെരുമാറിയിരുന്നത്. സെലിന്‍ രോഗിയായ ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതുപോലെയാണ് മാര്‍ട്ടിനെ പരിചരിച്ചിരുന്നത്..

പപ്പ എന്റെ കുഞ്ഞായിരിക്കുന്നു എന്നാണ് സെലിന്‍ കര്‍മ്മലീത്ത സിസ്റ്റേഴ്‌സിന് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. എല്ലാ ദിവസവും രാത്രിയില്‍ മാര്‍ട്ടിന് അവള്‍ ഗുഡ്‌നൈറ്റ് ആശംസിക്കും. മൂര്‍ദ്ധാവില്‍ ഉമ്മവയ്ക്കും. പക്ഷേ അതൊന്നും പലപ്പോഴും മാര്‍ട്ടിന്‍ തിരിച്ചറിയുന്നതുപോലുമുണ്ടായിരുന്നില്ല.

വര്‍ഷം 1894 ജൂലൈ 29.

മാര്‍ട്ടിന്‍ മരണസൂചനകള്‍ പ്രകടിപ്പിച്ചുതുടങ്ങി. സെലിന്‍ വി്ട്ടുമാറാതെ ആ സമീപത്തുണ്ടായിരുന്നു..

ഈശോമറിയം യൗസേപ്പേ എന്റെ ആത്മാവിന് കൂട്ടായിരിക്കണമേ..സെലിന്‍ മാര്‍ട്ടിന്റെ കാതുകളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.

ആ നിമിഷം മാര്‍ട്ടിന്‍ കണ്ണുകള്‍ തുറന്നു..അവസാനമായി അദ്ദേഹം മകളെ നോക്കി..തന്നെ ഒരു കുഞ്ഞിനെപോലെ പരിപാലിച്ച മകള്‍.. തനിക്കവള്‍ അമ്മയായിരുന്നു.. സ്‌നേഹവും നന്ദിയും വാത്സല്യവും നിറഞ്ഞ ഒരു നോട്ടം അദ്ദേഹം സെലിന് നല്കി. ഭൂമിയില്‍വച്ചുള്ള അവസാനത്തെ നോട്ടം. പിന്നെ ശാന്തമായി കണ്ണടച്ചു.

മരണം പൊന്‍ചിറകുകളിലേറ്റി മാര്‍ട്ടിനെ ദൈവത്തിന്റെ അടുക്കലേയ്ക്ക് കൊണ്ടുപോയി. സെലിന്‍ കരഞ്ഞുകൊണ്ട് മാര്‍ട്ടിന്റെ പാതിതുറന്നിരുന്ന കണ്ണുകള്‍ തിരുമ്മിയടച്ചു. പിന്നെ സഹോദരിമാര്‍ക്ക് ടെലിഗ്രാം അയച്ചു.

പപ്പ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്. ഞാന്‍ അദ്ദേഹത്തിന്റെ അവസാനശ്വാസത്തിന്റെ മിടിപ്പ് കേട്ടു.. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിരുമ്മിയടച്ചു… അദ്ദേഹത്തിന്റെ മനോഹരമായ മുഖം പരമമായ ശാന്തതയിലാണ്..പരമപ്രശാന്തത അദ്ദേഹത്തില്‍ നിറഞ്ഞുനില്ക്കുന്നു..

സെലിന്റെയും മാര്‍ട്ടിന്റെയും ജീവിതകഥ ഇവിടെ പൂര്‍ണ്ണമാകുന്നു

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login