ഒരു സാധുവിന്റെ ക്രിസ്തുജീവിതം

ഒരു സാധുവിന്റെ ക്രിസ്തുജീവിതം

sadhu1889 സെപ്റ്റംബറില്‍ പാട്യാലയിലെ രാംപൂറിലെ സമ്പന്നവും പ്രമുഖവുമായ ഒരു സിക്ക് കുടുംബത്തിലായിരുന്നു സുന്ദറിന്റെ ജനനം. സിക്ക് വംശജനെങ്കിലും ഹൈന്ദവമതത്തോട് ആഭിമുഖ്യമുള്ളതായിരുന്നു കുടുംബം. ഏഴാം വയസില്‍ ഭഗവദ്ഗീത അവന്‍ മനപ്പാഠമാക്കി. ഹൈന്ദവമതഗ്രന്ഥങ്ങളോടൊപ്പം തന്നെ ഖുറാനുമായും സുന്ദറിന് അടുപ്പമുണ്ടായിരുന്നു.സുന്ദറിന്റെ അമ്മയ്ക്ക് റാജ്പൂറിലുള്ള ബ്രിട്ടീഷ് മിഷനിലെ അംഗങ്ങളുമായുള്ള പരിചയമാണ് മിഷനറി സ്‌കൂളിലേക്കുള്ള അവന്റെ പ്രവേശനത്തിന് വാതില്‍ തുറന്നത്. വിശുദ്ധ ഗ്രന്ഥം അവന്റെ പരിചയത്തിലേക്ക് കടന്നുവന്നത് അങ്ങനെയാണ്. പക്ഷേ അപ്പോഴൊന്നും ക്രിസ്തുവോ ബൈബിളോ സുന്ദറിന്റെ ആത്മാവിന്റെ ഭാഗമായി ചേക്കേറിയിരുന്നില്ല.

ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ ആ ദുരന്തം സംഭവിച്ചത്. സുന്ദറിന്റെ അമ്മയുടെ മരണം. ജീവിതം അതോടെ നാടകീയമായി മാറിമറിയുകയായിരുന്നു. ക്രിസ്തു ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യവിരുദ്ധമാണെന്ന് സുന്ദറിന് തോന്നി. ദൈവം സ്‌നേഹമാണെങ്കില്‍, സ്‌നേഹം മാത്രമായ തന്റെ അമ്മയെ തന്നില്‍ നിന്ന് അപഹരിക്കുമോ? അമ്മയുടെ മരണം ഏല്പിച്ച ആഘാതം പരസ്യമായി ബൈബിള്‍ കത്തിക്കുന്നതില്‍ വരെയെത്തി. പിന്നീട് സ്വജീവിതം എറിഞ്ഞുടയ്ക്കാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. വെളുപ്പിന് അഞ്ചുമണിക്ക് വീടിന് മുമ്പിലൂടെ പോകുന്ന ലുധിയാന എക്‌സ്പ്രസിന് മുമ്പില്‍ ചാടി ജീവനൊടുക്കാനായിരുന്നു തീരുമാനം. മൂന്നു മണിയായപ്പോള്‍ സുന്ദര്‍ ഉറക്കമുണര്‍ന്നു. ” ഓ ദൈവമേ നീ ഉണ്ടെങ്കില്‍ നീ എനിക്ക് കൃത്യമായ വഴി കാണിച്ചുതരൂ.. ഇല്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും..” അദ്ദേഹം ആ പ്രാര്‍ത്ഥന ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് മുറിയില്‍ വെളിച്ചം പരന്നു. മുറിക്ക് തീ പിടിക്കുകയാണെന്നാണ് സുന്ദര്‍ കരുതിയത്. പക്ഷേ അതല്ലെന്ന് അടുത്ത നിമിഷം മനസ്സിലായി. ആ അഗ്നിവെളിച്ചത്തില്‍ സുന്ദര്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഈശോയുടെ മുഖം. പിന്നെ ഹിന്ദിയില്‍ ഒരു സ്വരം കേട്ടു. ” എത്രയോ കാലമായി നീയെന്നെ അന്വേഷിക്കുന്നു..എത്ര കാലം നിനക്കെന്നെ നിന്നെ രക്ഷിക്കാനാണ് ഞാന്‍ വന്നത്.. ശരിയായ പാതയ്ക്കുവേണ്ടിയാണ് നീ പ്രാര്‍ത്ഥിച്ചത്.. എന്തുകൊണ്ടാണ് നീയത് പിന്തുടരാത്തത്”? ആ നിമിഷം സുന്ദര്‍ ഒരു സത്യം തിരിച്ചറിഞ്ഞു, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്.. ക്രിസ്തുവിന് മരണമില്ലെന്ന്.. സുന്ദര്‍ മുറിയില്‍ മുട്ടുകുത്തി. ജീവിതത്തില്‍ അതിന് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ശാന്തിയും സമാധാനവും ഉള്ളില്‍ നിറഞ്ഞു. മുറിയിലെ ദര്‍ശനം അവസാനിച്ചു….
ഇതോടെ സുന്ദറിന്റെ ജീവിതം പരിവര്‍ത്തിക്കപ്പെടുകയായിരുന്നു. മാമ്മോദീസാ സ്വീകരിച്ച് ക്രിസ്ത്വനുയായിത്തീരാന്‍ സുന്ദര്‍ തീരുമാനിച്ചു, വീട്ടുകാരുടെ വിലക്കുകള്‍ക്ക് അതില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ല.
1905. സിംലയിലെ ഇംഗ്ലീഷ് പള്ളിയില്‍ വച്ച് സുന്ദര്‍ മാമ്മോദീസാ സ്വീകരിച്ചു. ആ നിമിഷം അദ്ദേഹം ഒരു തീരുമാനമെടുത്തു. ഒരു ക്രൈസ്തവ സന്യാസിയായിത്തീരുക. മഞ്ഞ വസ്ത്രമാണ് സാധു സ്വീകരിച്ചത്. മറ്റുള്ളവരുടെ ഔദാര്യം പറ്റിയായിരുന്നു ജീവിതം. സുവിശേഷം ജനങ്ങളിലെത്തിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം പ്രവൃത്തിയിലൂടെയുള്ള പ്രസംഗമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ക്രിസ്തുവിനെ അറിയിക്കാന്‍.. അവനെ അറിഞ്ഞിട്ടില്ലാത്തവരോട് അവനെ ഘോഷിക്കാന്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സാധു സുന്ദര്‍സിംങ് യാത്രയായിക്കൊണ്ടിരുന്നു.അതോടെ സുന്ദറിന് അച്ഛന്‍ നഷ്ടപ്പെട്ടു. ബന്ധുക്കള്‍ നഷ്ടപ്പെട്ടു. അന്യമതവിശ്വാസം സ്വീകരിച്ച സുന്ദറിനെ സ്വന്തമായി കരുതുവാന്‍ അവരെ അവരുടെ മതവിശ്വാസം അനുവദിച്ചിരുന്നില്ല. എന്നാല്‍ അതൊന്നും സുന്ദറിനെ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. 1905 ഒക്‌ടോബര്‍ 16 ന് സാധു ഭാരതീയ സന്ന്യാസിയെപ്പോലെ മഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദനായി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ആരംഭിച്ചു. ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കണം..ക്രിസ്തുവിനെ ലോകമെങ്ങും അറിയണം..അതുമാത്രമായിരുന്നു സുന്ദറിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനരംഗവേദികൂടിയായ ടിബറ്റില്‍ അദ്ദേഹം എത്തുന്നത് 1906 ല്‍ ആണ്. സുവിശേഷവല്ക്കരണത്തിന് ഏറെ ഭീഷണികളും ശാരീരീകമര്‍ദ്ദനങ്ങളും ജീവന് ഭീഷണിയുമെല്ലാം അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റാന്‍ പട്ടിണിയ്‌ക്കോ വാളിനോ രോഗത്തിനോ കഴിയില്ലെന്ന അപ്പസ്‌തോലന്റെ വചനം സാധുവിന്റെ ജീവിതത്തിന്റെ വഴികളെയും പ്രകാശിപ്പിച്ചുനിന്നിരുന്നു.
ഇതിനിടയില്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശാനുസരണം ലാഹോറിലെ സെന്റ് ജോണ്‍ സ്‌കൂള്‍ ഓഫ് തിയോളജിയില്‍ രണ്ടുവര്‍ഷം ദൈവശാസ്ത്രം പഠിക്കുകയും ക്രിസ്തുവിന്റെ നാല്പതുദിവസത്തെ മരുഭൂമി വാസത്തെ അനുകരിക്കാനായി നാല്പതുദിവസം ഉപവാസം അനുഷ്ഠിക്കുകയും ചെയ്തു.1918 ല്‍ സാധു മദ്രാസ് സന്ദര്‍ശിച്ചു. 1918 മുതല്‍ 1919 വരെയുള്ളകാലത്ത് ഇന്ത്യ,സിലോണ്‍ എന്നിവിടങ്ങള്‍ അദ്ദേഹം ന്ദര്‍ശിച്ചു. മലേഷ്യജപ്പാന്‍, ഓസ്‌ട്രേലിയ, ചൈന, ഇസ്രായേല്‍,ജെറുസലേം, ലിമ, ബെര്‍ലിന്‍, ആംസ്ട്രര്‍ഡാം എന്നിവിടങ്ങളിലെല്ലാം സാധു സുന്ദര്‍സിംങ് ദൈവവചനം പ്രസംഗിച്ചിട്ടുണ്ട്. സാംസ്‌കാരികാനുരൂപണം എന്ന് ഇന്ന് നാം വ്യവഹരിക്കുന്ന രീതിയിലുള്ള സുവിശേഷവല്ക്കരണത്തിന്റെ ആദ്യമുഖങ്ങളിലൊന്നായി സാധുസുന്ദര്‍സിംങിന്റെ ജീവിതത്തെ നിര്‍വചിക്കാമെന്ന് തോന്നുന്നു. ഭാരതീയസന്ന്യാസവേഷവും ക്രിസ്തുസന്ദേശവും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷവല്ക്കരണരീതി.

1929ലായിരുന്നു സാധു സുന്ദര്‍സിംങിന്റെ മരണം.

You must be logged in to post a comment Login