ഒരു സിനിമാതാരം മിണ്ടാമഠത്തിലെ മദറായിത്തീര്‍ന്ന ജീവിതകഥ

ഒരു സിനിമാതാരം മിണ്ടാമഠത്തിലെ മദറായിത്തീര്‍ന്ന ജീവിതകഥ

മദര്‍ ഡോളാറസ് ഒരു കാലത്ത് ഹോളിവുഡിലെ പ്രശസ്തയായ നടിയായിരുന്നു. ആഴ്ചയില്‍ അയ്യായിരം ഡോളര്‍ വരുമാനമുള്ള സിനിമാതാരം. 1960 കാലഘട്ടത്തിലാണിതെന്നോര്‍ക്കണം. മെട്രോ ഗോള്‍ഡ്വിന്‍ മേയര്‍ എന്ന ചലച്ചിത്ര നിര്‍മ്മാണക്കമ്പനിയുമായി ഒരു കരാറില്‍ ഒപ്പുവയ്ക്കുകയും 1963 ഫെബ്രുവരി 23 ന് റോബിന്‍സണുമായുള്ള വിവാഹം എന്ന് നിശ്ചയിക്കുകയും ചെയ്തിരുന്ന ഒരു സമയത്താണ് ഹോളിവുഡിനെയും സിനിമാ ആരാധകരെയും ഒന്നുപോലെ ഞെട്ടിച്ചുകൊണ്ട് ഡോളേഴ്‌സ് ഹാര്‍ട്ട് എന്ന താരം ബെനഡിക്ടന്‍ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നത്.

അപ്രതീക്ഷിതമായ ഒരു സംഭവമായിരുന്നില്ല അത്. മറിച്ച് ദൈവം ക്രമേണ ക്രമേണ ആ താരത്തെ തന്റെ വഴിയിലൂടെ നടക്കാന്‍ ഒരുക്കിയെടുക്കുകയായിരുന്നു.
അഭിനയവും സിനിമാമോഹവും നന്നേ ചെറുപ്പത്തിലേ അവളുടെ രക്തത്തില്‍ അലിഞ്ഞുകിടന്നിരുന്നു. അതില്‍ അല്പം പാരമ്പര്യവുമുണ്ടായിരുന്നു. കാരണം മാതാപിതാക്കളായ ബെര്‍ട്ട് ഹിക്ക്‌സും ഹാരിയറ്റും അഭിനേതാക്കളായിരുന്നു. ജീവിതത്തില്‍ അഭിനയിക്കാനറിയില്ലാത്തതുകൊണ്ടാവാം ഒരുമിച്ചുള്ള ദാമ്പത്യജീവിതം അസഹ്യമായിത്തോന്നിയതിനാല്‍ അവര്‍ വിവാഹമോചനം നേടി. അതോടെ ഡോളേഴ്‌സ് ഹിക്ക് വല്യപ്പച്ചന്റെ സംരക്ഷണയിലായി.

പ്രൊജക്ഷനിസ്റ്റായിരുന്നു അദ്ദേഹം. ഓരോ പന്ത്രണ്ട് മിനിറ്റ് കൂടുമ്പോഴും റീല് മാറ്റുന്നതിന് ഉറക്കം തൂങ്ങുന്ന വല്യപ്പച്ചനെ വിളിച്ചെണീല്പ്പിക്കേണ്ട ജോലിയായിരുന്നു അവളുടേത്. അതോടെയാണ് നിഴലും വെളിച്ചവും മാറിമാറിക്കളിക്കുന്ന ചലച്ചിത്രത്തിന്റെ ലോകം അവളെ വിസ്മയിപ്പിച്ചുതുടങ്ങിയത്. അങ്ങനെ ഏഴുവയസ് തികയുമ്പോഴേയ്ക്കും ഭാവിയില്‍ താന്‍ ആരായിത്തീരും എന്നതിനെക്കുറിച്ച് അവള്‍ക്ക് വ്യക്തമായ ധാരണയും തീരുമാനവുമുണ്ടായി. ചലച്ചിത്ര നടിയാവുക.

ഒരു നടിയാകാനുള്ള ആകാരഭംഗിയും സൗന്ദര്യവും അവള്‍ക്കുണ്ടായിരുന്നു താനും. കോളജ് കാലത്ത് വിശുദ്ധ ജോവാന്‍ എന്ന നാടകത്തില്‍ അഭിനയിക്കാനിടയായത് അവളുടെ സ്വപ്നത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി തെളിച്ചു. അവളുടെ അഭിനയസിദ്ധിയും ആകാരഭംഗിയും ശ്രദ്ധിച്ച തെക്കന്‍ കാലിഫോര്‍ണിയായിലെ സ്റ്റുഡിയോ മാനേജര്‍ പാരാമൗണ്ട് സ്റ്റുഡിയോയിലെ അസോഷ്യേറ്റ് പ്രൊഡ്യൂസറോട് അവളെക്കുറിച്ച് പറഞ്ഞു.

പ്രൊഡ്യൂസറുടെ വിളിയെത്തുമ്പോള്‍ അവസാനവര്‍ഷപ്പരീക്ഷയുടെ തിരക്കിലായിരുന്നു അവള്‍.
ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ തന്റെ ഭാവിലക്ഷ്യം അവള്‍ തുറന്നുപറഞ്ഞു. ഒരു നടിയായിത്തീരണം. എല്‍വസസ് പ്രിസ് ലിയെ നായകനാക്കിക്കൊണ്ടുള്ള ചിത്രത്തിലേക്കായിരുന്നു അവര്‍ ഒരു പുതുമുഖത്തെ അന്വേഷിച്ചുകൊണ്ടിരുന്നത്. അവരുടെ അന്വേഷണം ഡോളേഴ്‌സ് ഹാര്‍ട്ടില്‍ അവസാനിച്ചു. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവള്‍ക്ക് പ്രായം പതിനെട്ടായിരുന്നു. ലവിംങ് യൂ എന്നായിരുന്നു ചിത്രത്തിന്റെ പേര്.

ഹോളിവുഡിലെ ഉയര്‍ന്നുവരുന്ന താരം എന്ന രീതിയില്‍ നിരൂപകരും പ്രേക്ഷകരും ആ നടിയെ വിലയിരുത്തി.കൈ നിറയെ പണം..സിനിമ.. ആരാധകര്‍.. പ്രശസ്തി.. അതിനിടയില്‍ ഫ്രാന്‍സീസ് ഓഫ് അസ്സീസി എന്ന സിനിമയുടെ ഷൂട്ടിംങിനിടയില്‍ ഒരു സംഭവമുണ്ടായി. റോമിലായിരുന്നു ഷൂട്ടിംങ്. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമനുമായി പരിചയപ്പെടവെ ഡോളേഴ്‌സ് ഹാര്‍ട്ട് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മാര്‍പാപ്പ അതിന് ഇങ്ങനെ നാമഭേദം വരുത്തി. അല്ല നീ ക്ലാരയാണ്.

ക്ലാരയായി അഭിനയിക്കുന്നതുകൊണ്ടാണോ അതോ വിശുദ്ധനായ അദ്ദേഹത്തിന് ഈ നടി എത്തിച്ചേരാനിരിക്കുന്ന ജീവിതവഴിത്തിരിവിനെക്കുറിച്ച് മുന്‍കൂട്ടി ധാരണയുള്ളതുകൊണ്ടാണോ അങ്ങനെ പറഞ്ഞതെന്ന് ആര്‍ക്കറിയാം? എന്തായാലും ആ പ്രതികരണം തന്നെ ഏറെ നാള്‍ അലട്ടിക്കൊണ്ടിരുന്നുവെന്ന് കന്യാസസ്ത്രീയായപ്പോള്‍ ഡോളേഴ്‌സ് ഹാര്‍ട്ട് പറഞ്ഞു.
അഭിനയജീവിതം മുമ്പോട്ട് കുതിച്ചുപായുമ്പോഴും മനസ്സില്‍ ഇരുള്‍ വിട്ടൊഴിയാത്തത് ഡോളേഴ്‌സ് ഹാര്‍ട്ട് അറിയുന്നുണ്ടായിരുന്നു.

എല്ലാ നേട്ടങ്ങള്‍ക്കുമപ്പുറം എന്തിന്റെയൊക്കെയോ ശൂന്യത. കത്തോലിക്കാവിശ്വാസവുമായി ചാര്‍ച്ചപ്പെട്ട വിദ്യാഭ്യാസകാലഘട്ടമായിരുന്നു അവളുടേത്. എന്നാല്‍ അത് തുടര്‍ന്നുകൊണ്ടുപോകാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചിരുന്നില്ല എന്നു മാത്രം.
ഡോളേഴ്‌സിന് നല്ല ഒരു സുഹൃത്തുണ്ടായിരുന്നു.

മരിയകൂപ്പര്‍. ഡോളേഴ്‌സിന്റെ മനസ്സിന്റെ അസ്വസ്ഥകളെ ശമിപ്പിക്കുവാന്‍ ചിലപ്പോള്‍ ഒരു ധ്യാനം സഹായിച്ചേക്കും എന്ന് വിശ്വസിച്ച് അവള്‍ ഡോളേഴ്‌സിനെ ഒരു ധ്യാനത്തിനയച്ചു. ധ്യാനം കുറെക്കാലത്തേക്ക് ഡോളേഴ്‌സിനെ ആശ്വസിപ്പിച്ചു.പക്ഷേ അത് സ്ഥിരമായിരുന്നില്ല.

മറ്റൊരിക്കല്‍ ഒരു കന്യാസ്ത്രീ മഠത്തിലേക്ക് ഡോളേഴ്‌സിന് ക്ഷണം ലഭിച്ചു. എനിക്കീ കന്യാസ്ത്രീകളെ തീരെ ഇഷ്ടമില്ല. പൊടുന്നനവെ വന്നു പ്രതികരണം( നോക്കണേ, കന്യാസ്ത്രീമാരെ ഇഷ്ടപ്പെടാതിരുന്ന ഒരുവള്‍ ഒടുവില്‍ കന്യാസ്ത്രീയാവുക. ദൈവവിളികള്‍ ദൈവം ഒരുക്കുന്നവയാണെന്ന് വിശ്വസിക്കാന്‍ ഇത്തരം ചില ഉദാഹരണങ്ങള്‍ മാത്രം പോരേ? ലഭിച്ച വിളിയോട് ജീവിതാന്ത്യം വരെ വിശ്വസ്ത പുലര്‍ത്താനും?)

പക്ഷേ ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെ ആര്‍ക്ക് വിലക്കാന്‍ കഴിയും? അങ്ങനെ ഡോളേഴ്‌സ് ഹാര്‍ട്ട് ഒരു കന്യാസ്ത്രീമഠം സന്ദര്‍ശിക്കാനെത്തി. താന്‍ കരുതിയിരുന്ന ധാരണകള്‍ കടപുഴകിയൊഴുകുന്നത് അവളറിഞ്ഞു. യാത്ര പറയും നേരത്ത് അവള്‍ മദറിനോട് ചോദിച്ചു.
മദര്‍ എനിക്ക് ദൈവവിളിയുണ്ടോ?

ദൈവവിളിയുടെ ആഴമറിയാത്ത ആ മദര്‍ പറഞ്ഞത് ഇങ്ങനെയാണ്:
നിനക്ക് സിനിമയില്‍ ഒരുപാട് അഭിനയിക്കാനില്ലേ. മാത്രവുമല്ല നീ വളരെ ചെറുപ്പവുമല്ലേ?

ഇതേ കാലത്ത് തന്നെയായിരുന്നു വന്‍കിട ബിസിനസുകാരനായ ഡോണ്‍ റോബിന്‍സണുമായുള്ള പ്രണയവും അതിന്റെ വികാസമായ വിവാഹനിശ്ചയവും.  1963 ഫെബ്രുവരി 23 ന് വിവാഹം എന്ന് നിശ്ചയിക്കുകയും ചെയ്തു.

അതിനിടയിലാണ് ഒരു അത്താഴമേശയ്ക്കല്‍ വച്ച് താന്‍ അണിയിച്ച മോതിരം ഡോളേഴ്‌സിന്റെ വിരലില്ലെന്ന് റോബിന്‍സന്‍ ശ്രദ്ധിച്ചത്. തന്നോടുള്ള ഇഷ്ടക്കുറവായിരിക്കാം അതെന്ന് കരുതി അദ്ദേഹം ചോദിച്ചു.
നീയെന്നെ സ്‌നേഹിക്കുന്നില്ലേ?
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു..

പിന്നെ ഞാന്‍ ഇട്ടുതന്ന മോതിരം നീ അണിയാത്തത് എന്തുകൊണ്ട്?

ഒരുമിച്ചുള്ള മടക്കയാത്രയില്‍ ഡോളേഴ്‌സ് ആ രഹസ്യം തന്റെ ഭാവിഭര്‍ത്താവിനോട് പറഞ്ഞു: എന്റെ ദൈവാന്വേഷണം ക്രിസ്തുവുമായുള്ള വിവാഹ ഉടമ്പടിയിലേ അവസാനിക്കൂ..
എനിക്കത് തോന്നിയിരുന്നു.. സങ്കടപ്പെട്ടുകൊണ്ടാണെങ്കിലും റോബിന്‍സണ്‍ തുടര്‍ന്നുപറഞ്ഞു
എല്ലാ സ്‌നേഹബന്ധങ്ങളും അള്‍ത്താരയ്ക്ക് മുമ്പില്‍ ഒന്നാകേണ്ടതല്ല.

എന്നാല്‍ ആ സ്‌നേഹം അയാള്‍ക്ക് എന്നും ഡോളേഴ്‌സിനോടുണ്ടായിരുന്നു. അയാള്‍ പിന്നെയൊരിക്കലും വിവാഹം കഴിച്ചതേയില്ല. കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന തന്റെ പഴയ സുഹൃത്തിനെ കാണാന്‍ ശുദ്ധമനസ്സോടെ എല്ലാ ക്രിസ്മസിനും ഈസ്റ്ററിനും ആശംസകള്‍ നേരാനും സമ്മാനങ്ങള്‍ നല്കാനുമായി അയാള്‍ എത്തിക്കൊണ്ടുമിരുന്നു.

പത്തുവര്‍ഷത്തെ അഭിനയജീവിതത്തിന് അന്ത്യം കുറിച്ച് കൊണ്ട് ഡോളേഴ്‌സ് ഹാര്‍ട്ട് നിശ്ശബ്ദമായ കന്യാസ്ത്രീമഠത്തിന്റെ ചുവരുകള്‍ക്കിടയിലേക്ക് ഒതുങ്ങി. നല്ല നടിയായിത്തീരാന്‍ കൊതിച്ചവള്‍.. പ്രശസ്തിയും പണവും സമ്പാദിക്കാന്‍ ശ്രമിച്ചവള്‍.. അവയ്‌ക്കൊന്നും ആത്മാവിനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ അവള്‍ തിരഞ്ഞെടുത്ത വഴി. അല്ല ദൈവം അവളെ തിരഞ്ഞെടുക്കുകയായിരുന്നു.1970 ല്‍ സിസ്റ്റര്‍ ഡോളേഴ്‌സ് ഹാര്‍ട്ടിന്റെ

നിത്യവ്രതവാഗ്ദാനം നടന്നു. 2001 ല്‍ ഒഎസ് ബി സഭാസമൂഹത്തിന്റെ ആശ്രമാധിപയായി.
2006 ല്‍ മദര്‍ ഡോളേഴ്‌സ് ഹാര്‍ട്ട് മാധ്യമങ്ങള്‍ക്ക് സവിശേഷവാര്‍ത്തയായി. നാല്പത്തിമൂന്ന് വര്‍ഷത്തെ ആശ്രമജീവിതത്തിന് ശേഷം ഹോളിവുഡ് സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. ഓസ്‌ക്കാര്‍ വോട്ടിംങ് മെമ്പര്‍ ആയ ഏക കന്യാസ്ത്രീയും ഡോളേഴ്‌സാണ്.
കഴിഞ്ഞ വര്‍ഷമാണ് ഡോളേഴ്‌സ് ഹാര്‍ട്ടിന്റെ ആത്മകഥയായ ദി ഇയര്‍ ഓഫ് ദി ഹാര്‍ട്ട് പ്രകാശിതമായത്. മദറിന്റെ ജീവിതവും ദൈവാനുഭവങ്ങളും ആയിരങ്ങള്‍ക്ക് വെളിച്ചമാകുമെന്ന് നിര്‍ബന്ധിച്ച് ചിരകാലസുഹൃത്ത് റിച്ചാര്‍ഡിന്റെ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനെയൊരു രചനയ്ക്ക് മദര്‍ തയ്യാറായത്.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ പലരും തയ്യാറായിരുന്നുവെങ്കിലും അവര്‍ക്ക് വേണ്ടത് ലവിംങ് യൂ എന്ന സിനിമയില്‍ അഭിനയിച്ചകാലം മുതലുള്ള അനുഭവങ്ങളില്‍ നിന്നുള്ള എരിവും പുളിയുമുള്ള ഒരു രചനാരീതിയായിരുന്നു . പക്ഷേഅത്തരം കഥാകഥനരീതിയോട് മദര്‍ വിമുഖത കാട്ടി.  കത്തോലിക്കാപ്രസാധകരായ ഇഗ്നേഷ്യസ് പ്രസാണ് മദറിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ബിജു

You must be logged in to post a comment Login