ഒരു സിനിമാറ്റിക് മാനസാന്തര കഥ

ഒരു സിനിമാറ്റിക് മാനസാന്തര കഥ

20-ാം നൂറ്റാണ്ടിലെ വളരെ പ്രസിദ്ധനായ ഹോളിവുഡ് സിനിമാതാരമായിരുന്നു സര്‍ അലക് ഗിന്നസ്. ധരാളം സിനിമകളില്‍ അഭിനയിച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയെങ്കിലും സ്റ്റാര്‍ വാര്‍സിലെ അഭിനയം അദ്ദേഹത്തിന്റെ തലവരിമാറ്റി വരച്ചു. അങ്ങനെ അദ്ദേഹം സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ഒബി വാന്‍ കെനോബിയായി.

അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ പരിതാപകരമായിരുന്നു. ലണ്ടനിലെ ഒരു തകര്‍ന്ന കുടുംബത്തിലാണ് സര്‍ അലക് ജനിച്ചത്. സ്വന്തം അച്ഛനാരെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. 16മത്തെ വയസ്സില്‍ ആംഗ്ലിക്കന്‍ വിശ്വാസം സ്വീകരിച്ചെങ്കിലും സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ആഴമേറിയ ബോധ്യങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. അക്കാലഘട്ടത്തിലെ ഏതൊരു ഇംഗ്ലീഷുകാരനെയും പോലെ ഇദ്ദേഹത്തിനും കത്തോലിക്കാ വിശ്വാസത്തോട് താത്പര്യം വളരെ കുറവായിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ വിശ്വാസത്തിലേക്കുള്ള കടന്നു വരവിന് അഭിനയജീവിതവുമായി അടുപ്പമുണ്ട്. ഫ്രാന്‍സില്‍ വച്ചായിരുന്നു അത് സംഭവിച്ചത്. ജി. കെ ചെസ്റ്റര്‍ടോണിന്റെ കഥയുടെ സിനിമാ ആവിഷ്‌കാരമായ ഫാദര്‍ ബ്രൗണില്‍ ഫാദര്‍ ബ്രൗണ്‍ എന്ന കത്തോലിക്കാ വൈദികന്റെ വേഷത്തില്‍ അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. പുരോഹിത വേഷത്തില്‍ നഗരത്തിലൂടെ നടക്കവെ ഒരു കൊച്ചുകുട്ടി വന്ന് അദ്ദേഹത്തിന്റെ കൈയ്യില്‍ പിടിച്ച് നഗരത്തിലൂടെ നടന്നു. താനുമായി മുന്‍പരിചയം ഇല്ലാത്ത കുട്ടിക്ക് വൈദികനോടുള്ള താത്പര്യം അദ്ദേഹത്തില്‍ കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹമുളവാക്കി.

ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ മകന് പോളിയോ ബാധിച്ച് മരണം കാത്തുകിടന്നത്. മകന്റെ സൗഖ്യത്തിനായി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അദ്ദേഹം ദൈവവുമായി ഒരു കരാറിലെത്തി. മകന് സൗഖ്യം ലഭിക്കുകയാണെങ്കില്‍ അവനെ കത്തോലിക്കനാക്കാമെന്ന്.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗിന്നസിന്റെ മകന് രോഗശാന്തി ലഭിച്ചു. അദ്ദേഹം നേര്‍ന്നതു പോലെ മകനെ കത്തോലിക്കനാക്കി. അതോടൊപ്പം ഗിന്നസും ഭാര്യയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 2000ല്‍ മരിക്കുമ്പോഴും അദ്ദേഹം കത്തോലിക്കനായിരുന്നു.

You must be logged in to post a comment Login