ഒരു ‘സിനിമാറ്റിക്’ മാനസാന്തരം… !

ബറാബാസ്…! ക്രിസ്തുവിനു പകരം പീലാത്തോസ് വിട്ടുകൊടുത്ത ആ തടവുകാരനെപ്പറ്റി ബൈബിളില്‍ നിന്നും അധികം വിവരണങ്ങളൊന്നും ലഭ്യമല്ല. ‘അവനെ ക്രൂശിക്കുക, ബറാബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക’ എന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കിടയില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വന്ന പീലാത്തോസ്, അവര്‍ക്കു മുന്‍പില്‍ നിശബ്ദനായി ബറാബാസ്.. ആ മൗനം വെടിഞ്ഞ് ബറാബാസ് ഒരു വാക്കു പോലും മിണ്ടുന്നതായും ബൈബിളില്‍ പറയുന്നില്ല. എങ്കിലും ക്രിസ്തുവിന്റെ പരസ്യജീവിതകാലത്തെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഏറെ പ്രധാനപ്പെട്ടൊരു റോള്‍ തന്നെയുണ്ട് ബറാബാസിന്.

പലപ്പോഴും വാക്കുകളെക്കോള്‍ പതിന്‍മടങ്ങു സംവദിക്കാന്‍ ഒരു നോട്ടത്തിനോ ഒരു ചെറു പുഞ്ചിരിക്കോ സാധിക്കാറില്ലേ.. അത്തരത്തിലൊരു സംവേദനത്തിനുമപ്പുറമാണ്  ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ എന്ന സിനിമയില്‍ ബറാബാസിനെ അവതരിപ്പിച്ച നടന്‍ പെഡ്രോ സെരൂബിയുടെ ജീവിതത്തില്‍ സംഭവിച്ചത്. അത് സരൂബിയുടെ ജീവിതം തന്നെ മാറ്റിയെഴുതി. വെള്ളിത്തിരയില്‍ അനേകം വേഷങ്ങള്‍ പകര്‍ന്നാടിയ സരൂബിയുടെ ജീവിതത്തിന്റെ പുത്തന്‍ തിരക്കഥ അവിടെ എഴുതപ്പെട്ടു.

സിനിമയുടെ ക്ലൈമാക്‌സ് രംഗത്ത് രണ്ടു മിനിറ്റു സമയം മാത്രമേ സരൂബി പ്രത്യക്ഷപ്പെടുന്നുള്ളൂ. ആ രണ്ടു മിനിറ്റാണ് സരൂബിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറിയതും. സംവിധായകന്‍ മെല്‍ ഗിബ്‌സന്റെ നിര്‍ദ്ദേശമനുസരിച്ച് ക്രിസ്തുവായി വേഷമിട്ട ജിം കവിയേസലിന്റെ മുഖത്തേക്ക് ഒരു തവണ മാത്രമാണ് പെട്രോ സരൂബി നോക്കുന്നത്. ഒരു വേള, ഒരു നോട്ടം..കടലിന്റെ ആഴമുള്ള കണ്ണുകള്‍… ആത്മാവിലേക്കു തുളച്ചു കയറിയ ആ നോട്ടമാണ് സരൂബിയെ മാനസാന്തരപ്പെടുത്തിയത്.  എത്രയോ സിനിമകള്‍. എത്രയോ വേഷങ്ങള്‍. പക്ഷേ അത്തരത്തിലൊരനുഭവം ആദ്യമായിരുന്നു. അവിടെ വെച്ച് താന്‍ ക്രിസ്തുവിനെ ആദ്യമായി കണ്ടു എന്നാണ് സരൂബി പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ‘ഫ്രം ബറാബ്‌സ് റ്റു ജീസസ്: കണ്‍വേര്‍ട്ടഡ് ബൈ എ ഗ്ലാന്‍സ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം തന്റെ അനുഭവം പങ്കു വെയ്ക്കുന്നുണ്ട്.

സരൂബിക്ക് ബറാബാസിന്റെ വേഷം ലഭിക്കാനിടയായതിലുമുണ്ട് ഒരു സിനിമാറ്റിക് ട്വിസ്റ്റ്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ കഥ കേട്ട സരൂബി തനിക്ക് പത്രോസിന്റെ വേഷം തരണമെന്നാണ് മെല്‍ ഗിബ്‌സനോട് ആവശ്യപ്പെട്ടത്. അതു നിഷേധിക്കപ്പെട്ടപ്പോള്‍ ബറാബാസ് സിനിമയില്‍ ഒന്നും സംസാരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അതിലേക്ക് സംഭാഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി ആവശ്യം. അതിനും വ്യക്തമായൊരു മറുപടി മെല്‍ ഗിബ്‌സന്റെ പക്കലുണ്ടായിരുന്നു.  ബറാബാസ് നാവു കൊണ്ട് ഒന്നും സംസാരിക്കുന്നില്ല. അവന്‍ സംസാരിക്കുന്നത് കണ്ണുകളിലൂടെയാണ്. കണ്ണുകള്‍ കൊണ്ട് അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടതനുസരിച്ച് ബറാബാസിന്റെ വേഷം ഏറ്റെടുക്കാന്‍ സരൂബി സമ്മതിക്കുകയായിരുന്നു.

ഇന്ന് പെഡ്രോ സരൂബി അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. എല്ലാ ദിവസവും അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു, സുവിശേഷം പ്രസംഗിക്കുന്നു. തന്റെ ജീവിതസാക്ഷ്യം അനേകായിരങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു.

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login