ഒറിജന്‍: വേറിട്ടു ചിന്തിച്ച സഭാപിതാവ്

ഒറിജന്‍: വേറിട്ടു ചിന്തിച്ച സഭാപിതാവ്

origenതന്റെ ചിന്തയുടെ ആഴവും പരപ്പും മൗലികതയും കൊണ്ട് ശ്രദ്ധേയനായ ദൈവശാസ്ത്രപണ്ഡിതനും അതിസമര്‍ത്ഥനായ വേദപുസ്തക വ്യാഖാതാവുമായിരുന്നു ഒറിജന്‍. സ്ഥിരം ശൈലിയില്‍ നിന്നും മാറി വേദവ്യാഖ്യാനങ്ങള്‍ക്ക് അദ്ദേഹം പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കി. വ്യാച്യാര്‍ത്ഥത്തിനപ്പുറമുള്ള പൊരുള്‍ തേടി പോകാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ പുതിയ ശൈലി മൗലികമായ കാഴ്ചപ്പാടിന്റെ പുത്തന്‍ വഴിത്താരകള്‍ തുറന്നിട്ടു.

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ക്രൈസ്തവ പണ്ഡിതന്‍ നൂറോളം ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എ.ഡി. 185 ല്‍ അലക്‌സാന്‍ഡ്രിയയില്‍ ആണ് ഏഴു മക്കളില്‍ ആദ്യത്തെയാളായി ഒറിജന്റെ ജനനം. ക്രൈസ്തവസഭ ഒട്ടേറെ പീഡനങ്ങളിലൂടെ കടന്നുപോയ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒറിജന്റെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞു. ഒരു രക്തസാക്ഷിയായി മരണം വരിക്കാന്‍ ഒറിജന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അമ്മ ഒറിജന്റെ വസ്ത്രങ്ങളെല്ലാം ഒളിപ്പിച്ചു വെച്ച് വീടിനു പുറത്തിറങ്ങുന്നതില്‍ നിന്ന് ഒറിജനെ വിലക്കി സംരക്ഷിക്കുകയായിരുന്നു. പിന്നീട് പതിനേഴാമത്തെ വയസില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ജന്‍മസ്ഥലമായ അലക്‌സാന്‍ഡ്രിയയില്‍ അദ്ദേഹം അദ്ധ്യാപനത്തിലേര്‍പ്പെട്ടു. ഒരിക്കല്‍ അദ്ദേഹം കേസറിയാ സന്ദര്‍ശിക്കന്‍ ഇടയാകുകയും അവിടുത്തെ മെത്രാന്‍ ഒറിജിനെ പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. പിന്നീടുള്ള ഒറിജന്റെ ജീവിതം കേസറിയായില്‍ ആയിരുന്നു ചെലഴിച്ചത്.

അതിവിപുലമായ ഗ്രന്ഥശേഖരമാണ് ഒറിജന്റേതായി അറിയപ്പെടുന്നത്. ലേഖനങ്ങള്‍, കത്തുകള്‍, തത്വശാസ്ത്രഗ്രന്ഥങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിന് രചനകള്‍ ഒറിജന്റെ രചനകളില്‍ പെടുന്നു. എപ്പിഫാനിയസിന്റെ വീക്ഷണത്തില്‍ ഒറിജന്‍ ആറായിരം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ബൈബിളിന്റെ ആറ് വ്യത്യസ്ത ലിഖിതങ്ങള്‍ ആറു കോളങ്ങളിലായി ക്രോഡീകരിച്ചു വച്ച ഹെക്‌സാപ്ല ഒറിജന്റെ ശേഖരമാണ്. ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തത്വചിന്തയുടെ മാനം ആദ്യമായി നല്‍കിയവരില്‍ ഒറിജന്‍ പ്രഥമസ്ഥാനീയനാണ്.

ഒറിജന്റെ പല പഠനങ്ങളും ചിന്തകളും ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എതിര്‍പ്പു നേരിട്ടത് എല്ലാ ആത്മാക്കളും ഒടുവില്‍ രക്ഷ പ്രാപിക്കും എന്ന പഠനമാണ്. വി. അഗസ്റ്റിന്‍ ഒറിജന്റെ ഇത്തരരം കാഴ്ചപ്പാടുകളെ വിമര്‍ശിച്ച ചിന്തകരില്‍ പ്രമുഖനായിരുന്നു. പില്‍ക്കാലത്ത് ഒറിജനിസ്റ്റ് എത് ഒരു ശകാരപദമായിപ്പോലും മാറി.

മൂന്ന് തലങ്ങളിലായാണ് അദ്ദേഹം ബൈബിളിനെ വ്യാഖ്യാനിച്ചത്- വാച്യാര്‍ത്ഥത്തിലൂടെയും ഉപമകളിലൂടെയും ധാര്‍മികതയുടെ അടിസ്ഥാനത്തിലും. ഒരു മനുഷ്യന് ശരീരവും ആത്മാവും ഉള്ളതു പോലെ വേദപുസ്തകത്തിനും ശരീരവും ആത്മാവും ഉണ്ടെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ പല രചനകളിലും പ്ലേറ്റോയുടെ ചിന്തകളുടെ സ്വാധീനം കാണാം.

കരുണാനിധിയായ ദൈവം പിശാചിനെപ്പോലും അവന്റെ തെറ്റുകള്‍ പൊറുത്ത് രക്ഷയിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. നിത്യനരകം എന്ന ആശയത്തെ തന്നെ ഒറിജന്‍ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകള്‍ക്ക് പിന്നീട് സ്വീകാര്യമല്ലാതായെങ്കില്‍ കൂടി ക്രിസ്തുമതത്തെ ദാര്‍ശനികമായി കാണാനും വിശദീകരിക്കാനും ശ്രമിച്ച ആദ്യ സഭാ പിതാവെന്ന നിലയില്‍ ഒറിജന്റെ സ്ഥാനം സഭാചരിത്രത്തില്‍ അതുല്യമാണ്..

You must be logged in to post a comment Login