‘ഒറ്റപ്പെടലിനെക്കാള്‍ നല്ലത് മുറിവേല്‍ക്കപ്പെടുന്നതാണ്’

‘ഒറ്റപ്പെടലിനെക്കാള്‍ നല്ലത് മുറിവേല്‍ക്കപ്പെടുന്നതാണ്’

മെക്‌സിക്കോ: ഒരുപാട് കുടുംബങ്ങള്‍ തീവ്രമായ വേദനയിലൂടെയും മുറിവുകളിലൂടെയുമാണ് കടന്നുപോകുന്നതെന്നും ഈ വേദനകള്‍ സഹിച്ച് കുടുംബമെന്ന വ്യവസ്ഥിതിയെ മുന്നോട്ടു കൊണ്ടു പോകുന്നതാണ് ഒറ്റപ്പെടലിന്റെ വേദനയെക്കാള്‍ നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മെക്‌സിക്കോയിലെത്തിയ അദ്ദേഹം രാജ്യത്തെ കുടുംബങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

കുടുംബജീവിതത്തിന്റെ വിവിധ തലങ്ങള്‍ ദുര്‍ബലമാകുന്നതെങ്ങനെയെന്നും ചോദ്യം ചെയ്യപ്പെടുന്നതെങ്ങനെയെന്നും നാം കാണുന്നതാണ്. ആധുനിക സമൂഹത്തില്‍ കുടുംബത്തിന് യാതൊരു പ്രാധാന്യവുമില്ല. ഈ ആധുനിക മാതൃക പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത് ഒറ്റപ്പെടല്‍ എന്ന അവസ്ഥയെ ആണ്.

ഒരു കുടുംബത്തില്‍ ജീവിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് വേദനയും സമ്മര്‍ദ്ദവുമെല്ലാം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ എപ്പോഴും ഞാന്‍ പറയുന്നതു പോലെ ഈ വേദനകള്‍ സഹിച്ച് കുടുംബത്തില്‍ കൂടുതല്‍ സ്‌നേഹം ഉണ്ടാകാനായി പരിശ്രമിക്കുന്നതാണ് ഒറ്റപ്പെടലിനെക്കാള്‍ അഭികാമ്യം. സ്‌നേഹത്തെ ഭയക്കുന്ന, ഒറ്റപ്പെടല്‍ കൊണ്ട് രോഗാതുരമായ ഈ സമൂഹത്തിന് അതാവശ്യവുമാണ്.

ആഡംബരങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്ന കുടുംബങ്ങളല്ല, തകര്‍ന്ന കണ്ണികളെ വീണ്ടും കൂട്ടിയോജിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്ന കുടുംബങ്ങളെയാണ് നമുക്കു വേണ്ടത്. നല്‍കുന്നതില്‍ വിശാലമനസ്‌കതയുള്ള കുടുംബങ്ങളാണ് നമുക്കു വേണ്ടത്, ദയയും സഹാനുഭൂതിയും എന്താണെന്ന് അറിയാത്ത കുടുംബങ്ങളല്ല. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

മെക്‌സിക്കോയിലെ നിരവധി കുടുംബാംഗങ്ങള്‍ മാര്‍പാപ്പയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും എത്തിയിരുന്നു. വിവാഹമോചിതരുടെയും പുനര്‍വിവാഹിതരുടെയും പ്രശ്‌നങ്ങളടക്കം കുടുംബജീവിതം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും അദ്ദേഹം സശ്രദ്ധം കേട്ടിരുന്നു. മെക്‌സിക്കോയിലെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചതിനും അവരുടെ ആതിഥേയത്വത്തിനും നന്ദി പറഞ്ഞതിനു ശേഷമാണ് മാര്‍പാപ്പ മടങ്ങിയത്.

You must be logged in to post a comment Login